ദോഹ: ഖത്തറിലെ അൽ ഖോറിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം അഞ്ചു പേർ മരിച്ചു. കരുനാഗപ്പള്ളി അഴീക്കൽ നിന്നുള്ള ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത തമിഴ്‌നാടു സ്വദേശികളായ സുഹൃത്തുക്കളുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്.

അഴീക്കൽ പുതുവൽ ജോസഫ് ഗോമസ്-മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്. ആൻസിയുടെയും റോഷിൻ ജോണിന്റെയും ഏക മകൻ ഏദൻ റോഷിൻ (3) ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

10 വർഷമായി ദോഹയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് മരിച്ച റോഷിൻ. മാതാവ് ഡോളാമ്മ. ഒന്നര മാസം മുൻപാണ് ആൻസിയും മകൻ ഏദനും ഖത്തറിൽ എത്തിയത്. ബുധൻ രാത്രിയാണ് ഇവരുടെ ജീവനെടുത്ത അപകടം ഉണ്ടായത്. ദോഹ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോർ ഫ്‌ളൈഓവറിൽ ഇവർ സഞ്ചരിച്ച കാർ, പിന്നിൽ നിന്നു വന്ന വാഹനമിടിച്ചു നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് വീഴുകയായിരുന്നു.

മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് ജിജോയുടെ മരണം. ഭാര്യ പ്രിൻസി, മകൻ: ഗോഡ്ഫിൻ (10 മാസം). സംസ്‌കാരം പിന്നീട് നാട്ടിൽ.