- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ബൂട്ടിൽ ആളെ ഇരുത്തി ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കാൻ ആവുമോ ? രണ്ടു കാറുകളിലായി 7 ഇന്ത്യാക്കാരെ യു കെയിലേക്ക് കൊണ്ടുവന്ന രണ്ടുപേർ പിടിയിലായി ജയിലിലേക്ക്
ഏഴ് ഇന്ത്യാക്കാരെ അനധികൃതമായി ബ്രിട്ടനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ബ്രിട്ടീഷുകാർ പിടിയിലായി. രണ്ടു കാറുകളിൽ, ബൂട്ടുകളിൽ ഒളിപ്പിച്ചായിരുന്നു ഇവരെ കടത്താൻ ശ്രമിച്ചത്. 2018 ജൂലായ് 8 ന് നടന്ന സംഭവത്തിൽ പിടിയിലായ ഇരുവർക്കും ആറു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.
ഹൗൺസ്ലോ സ്വദേശിയായ പൽവിന്ദെർ സിങ് ഫുല്ലിന്റെ കാർ യു കെ അതിർത്തിയിലെ ഡോവറിൽ വെച്ച് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ, ബൂട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് പേരെ കണ്ടെത്തി. അഫ്ഗാൻ സിക്കുകാർ എന്ന് അവകാശപ്പെട്ട അവർ ഇന്ത്യൻ പൗരന്മാരാണ് എന്ന് കണ്ടെത്തി. പിടിയിലായ പൽവിന്ദർ സിംഗിന് മനുഷ്യക്കടത്തിന്റെ പേരിൽ മൂന്നര വർഷത്തെ തടവ് വിധിച്ചു.
സംഭവം നടന്ന് നാല് ദിവസത്തിനു ശേഷം ഇയാളുടെ പങ്കാളിയായ ഹർജിത് സിങ് ധലിവാൽ എന്ന 45 കാരനെ പിടികൂടി. മിഡിൽസെക്സ് സ്വദേശിയായ ഇയാളുടെ കാറിന്റെ ബൂട്ടിൽ അഫ്ഗാൻ സിക്കുകാരെന്ന് അവകാശപ്പെട്ട നാല് ഇന്ത്യൻ പൗരന്മാരായിരുന്നു ഉണ്ടായിരുന്നത്. അയാളെയും മനുഷ്യക്കടത്തിന് സഹായിച്ച കുറ്റത്തിൽ മൂന്ന് വർഷത്തേക്കും രണ്ട് മാസത്തേക്കും തടവിന് ശിക്ഷിച്ചു.
തുടർന്ന് ഹോം ഓഫീസിലെ ക്രിമിനൽ ആൻഡ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ഇരുവർക്കും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. കാന്റർബറി ക്രൗൺ കോടതിയിലായിരുന്നു കേസ് വിചാരണക്കെത്തിയത്. അനധികൃതമായി കുടിയേറാൻ ഇരുവരും സഹായം നൽകിയതായി വിചാരണയിൽ തെളിഞ്ഞു. ബ്രിട്ടീഷ് നിയമങ്ങൾ അനുസരിക്കാതെ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഈ വിധി എന്നായിരുന്നു ക്രിമിനൽ ആൻഡ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡെപ്യുട്ടി ഡയറക്ടർ പ്രതികരിച്ചത്.




