കുവൈത്ത്: അമിത വേഗത്തിൽ വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്ന പ്രവാസിയാണോ നിങ്ങൾ. എങ്കിൽ ഇനി അത് ആവർത്തിക്കരുതേ. ട്രാഫിക് പട്രോളിങ് ഓഫീസർമാരുടെ പിടിവീഴും. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരെ നാടുകടത്തുകയാണ് കുവൈത്ത്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈത്തിൽ നൂറോളം പ്രവാസികളെയാണ് നാടുകടത്തിയത്.

ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി വ്യക്തിഗത വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുക എന്നിവയാണ് കുറ്റങ്ങൾ. അതിനാൽ തന്നെ കുവൈത്തിൽ ട്രാഫിക് നിയമം ലംഘിച്ചാൽ ഉടൻ തന്നെ നാടുകടത്തും.

ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രാഫിക് പട്രോളിങ് ഓഫീസർമാരോട് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖാദ സംസാരിച്ചു.

റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ ഒരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കൂടുതൽ കർശനമായി നിരീക്ഷിക്കും. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി, ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.