ലണ്ടൻ: ബസ്മതി ഇനത്തിൽ പെടാത്ത വെള്ള അരിക്ക് താത്കാലികമായി ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തി എന്ന വാർത്തയെ തുടർന്ന് അമേരിക്കയിൽ പടർന്ന ''അരി ഭ്രാന്ത് '' മറ്റു രാജ്യങ്ങളിലേക്ക് കൂടി പടർന്നതോടെ കിട്ടിയ അവസരം എന്ന നിലയിൽ കൊള്ള ലാഭത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണ് ഏഷ്യൻ ഉടമസ്ഥതയിൽ ഉള്ള കച്ചവടക്കാർ. അരി തേടി പരക്കം പാഞ്ഞ ഇന്ത്യൻ വംശജരുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വന്നതോടെ മാസങ്ങളോളം വിൽക്കാൻ ഉള്ള അരി സ്റ്റോക്ക് ഇരിക്കെ കൃത്രിമ ക്ഷാമം ഉണ്ടാക്കാൻ ഒരാൾക്ക് ഒരു ബാഗ് അരി എന്ന ബോർഡ് വച്ച കുബുദ്ധികളായ ചെറുകിട കച്ചവടക്കാരെ ഞെട്ടിച്ചു അരിക്ക് കിടിലൻ ഓഫറുമായി ടെസ്‌കോ രംഗത്ത്. പ്രമുഖ ബ്രാൻഡായ ലൈലയുടെ ബസ്മതി അരിയാണ് 19 പൗണ്ടിൽ നിന്നും ഒറ്റയടിക്ക് 14.40 പൗണ്ടായി കുറയ്ക്കാൻ ടെസ്‌കോ തയ്യാറായത്.

അടുക്കളയിൽ വേണ്ടതെല്ലാം ടെസ്‌കോയുടെ ഓഫറിൽ

രണ്ടാഴ്ചത്തേക്കാണ് ഇപ്പോൾ ടെസ്‌കോ വേൾഡ് ഫുഡ് സെക്ഷനിൽ 20 ശതമാനം വിലക്കുറവ് ഇട്ടിരിക്കുന്നത്. ഇത് തിരഞ്ഞെടുത്ത ഒട്ടേറെ ഉത്പന്നങ്ങൾക്ക് ലഭ്യമാണ്. ആകെ 713 ഇനങ്ങൾക്കാണ് ഇപ്പോൾ ടെസ്‌കോ വിലക്കുറവ് ഇട്ടിരിക്കുന്നത് എന്ന് കമ്പനി പുറത്തു വിട്ട പത്രക്കുറിപ്പ് പറയുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപ്പും പയറും കടലയും ആട്ട മാവും അടക്കം അനേകം ഉൽപ്പനങ്ങൾ ഈ വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. ഏതാനും മാസത്തേക്ക് വാങ്ങി ശേഖരിക്കാൻ കഴിയുന്ന ഈ ഉത്പന്നങ്ങൾ ഇതിനകം ഒട്ടേറെ മലയാളികൾ വാങ്ങിക്കഴിഞ്ഞു. വിലക്കയറ്റവും നാണയപ്പെരുപ്പം മൂലമുള്ള കഷ്ടതയും കഴിഞ്ഞ രണ്ടു വർഷമായി അനുഭവിക്കുന്ന ബ്രിട്ടീഷ് ജനതയ്ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് ടെസ്‌കോയുടെ ഓഫറുകൾ.

ഇന്ത്യൻ വംശജർ മാത്രമല്ല ബ്രിട്ടീഷുകാരും കഴിഞ്ഞ ഒരാഴ്ചയായി ഓഫർ വന്നതോടെ വേൾഡ് ഫുഡ് സെക്ഷനിൽ തങ്ങൾക്ക് വാങ്ങാൻ പറ്റുന്ന സാധനങ്ങൾ തിരയുന്ന തിരക്കിലുമാണ്. വൈകുന്നേരത്തോടെ കാലിയാകുന്ന ഷെൽഫുകൾ വീണ്ടും രാത്രി ജീവനക്കാർ എത്തുമ്പോൾ മാത്രമാണ് റീ ഫിൽ ചെയ്യുക എന്നതിനാൽ രാവിലെ ഷോപ്പിംഗിന് എത്തുന്നവർക്കാണ് കൈ നിറയെ ഓഫർ സാധനങ്ങൾ വാങ്ങാൻ അവസരം കിട്ടുന്നത്. ഓഫറിനൊപ്പം ടെസ്‌കോ ക്ലബ് കാർഡ് കൂടി കയ്യിൽ കരുതിയാൽ വീണ്ടും ലാഭം സ്വന്തമാക്കാനാകും എന്ന നേട്ടവുമുണ്ട്.

അരി തേടി പായുന്ന ഇന്ത്യൻ വംശജരുടെ ചിത്രങ്ങൾ മാധ്യമ വാർത്ത ആയതോടെ ടെസ്‌കോ രംഗത്ത്

യുകെയിൽ ദേശ വ്യാപകമായി ഓഫർ പ്രഖ്യാപിച്ചതോടെ അരി തേടി ഇന്ത്യൻ വംശജർ കൂട്ടമായി ടെസ്‌കോയിൽ എത്തിയതോടെ ചെറുകിട വിപണിയിൽ അരി തേടിയുള്ള പരക്കം പാച്ചിലിനും ഏറെക്കുറെ ശമനമായി. എന്നാൽ മലയാളികൾ ഉപയോഗിക്കുന്ന കുത്തരി എന്നറിയപ്പെടുന്ന മട്ട അരിക്ക് യാതൊരു വിധ നിരോധനവും നിലവിൽ ഇല്ലെന്നും മാസങ്ങളോളം യുകെയിൽ വിൽപനയ്ക്കുള്ള സ്റ്റോക്ക് മിക്ക കച്ചവടക്കാരുടെ കയ്യിലും ഉണ്ടെന്നും ബ്രിട്ടീഷ് മലയാളി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിട്ടും അരി തേടി കടകൾ കയറി ഇറങ്ങിയവർ അനേകമാണ്. ഏതു അരിക്കാണ് താൽക്കാലിക നിരോധനം എന്ന് പോലും തിരക്കാതെയാണ് ജനം അരി തേടി പാഞ്ഞത്. മലയാളി ഉപയോക്താക്കളിൽ നല്ല പങ്കും കുത്തരി പ്രേമികൾ ആയതിനാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിരോധനം മലയാളികളെ ബാധിക്കാൻ ഇടയില്ല എന്നാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്.

എന്നാൽ കിട്ടിയ അവസരം എന്ന നിലയിൽ വിലയിൽ ഏഷ്യൻ കടകൾക്കൊപ്പം അകാരണമായി ഏതാനും സ്ഥലങ്ങളിൽ മലയാളി കടകളിലും വില കുത്തനെ കൂടിയതായി നിരവധി ആളുകൾ പരാതിപ്പെടുന്നുണ്ട്. കേരളത്തിൽ നിന്നെത്തുന്ന ബ്രാൻഡുകൾ തിരഞ്ഞു പിടിച്ചാണ് ഈ വിലവർധന. പത്തു കിലോ അരിക്ക് 16.99 മുതൽ 18. 99 വരെയാണ് ഇത്തരം കടകൾ ഈടാക്കുന്നത്. എന്നാൽ മിക്ക ബ്രാൻഡ് അരികളും ചെറുകിട കച്ചവടക്കാർക്ക് 9.99 പൗണ്ട് എന്ന വിലയ്ക്കാണ് ലഭിക്കുന്നത്. ഈ അരിയിലാണ് പലപ്പോഴും നാലു പൗണ്ട് ഒരു ബാഗിൽ തന്നെ ലാഭം എടുത്തുള്ള വിൽപ്പന. ഇപ്പോൾ നിരോധന വാർത്ത സോഷ്യൽ മീഡിയയിൽ പടർന്നപ്പോൾ ഇരട്ടി ലാഭം ലക്ഷ്യമിട്ടാണ് വീണ്ടും വില ഉയർത്തിയിരിക്കുന്നത്. ഇത്തരത്തിൽ വില വർധിപ്പിക്കേണ്ട ഒരാവശ്യവും നിലവിൽ വിപണിയിൽ ഇല്ലെന്നാണ് പ്രമുഖ റീറ്റെയ്ൽ കച്ചവടക്കാർ പറയുന്നതും.

ഓണം പ്രമാണിച്ചു വമ്പൻ സ്റ്റോക്ക്, പച്ചക്കറികളിൽ അത്ഭുത വില 2.99 പൗണ്ട് മാത്രം

ഓണം എത്തിയ സാഹചര്യത്തിൽ മാസങ്ങൾക്ക് മുൻപ് ലോഡ് ഇറക്കിയവരാണ് സ്റ്റോക്കിസ്റ്റുകളും റീറ്റെയ്ൽ കച്ചവടക്കാരും. അതിനാൽ ഒന്നോ രണ്ടോ മാസത്തേക്ക് യുകെയിൽ അരി വിപണിയിൽ ക്ഷാമം നേരിടേണ്ട ഒരു കാര്യവുമില്ല. പാനിക് ബൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരത്തിൽ മലയാളികൾ കാര്യമായി കടകളിലേക്ക് ഇടിച്ചു കയറിയിട്ടില്ല എന്നാണ് വിൽപനക്കാർ പറയുന്നത്. എന്നാൽ ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഒരു മുഴം മുന്നേ എറിഞ്ഞേക്കാം എന്ന ചിന്തയിൽ പല കടകളിലും വില വർധന പ്രദർശിപ്പിച്ചു ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരി അടക്കം മലയാളികൾ ഉപയോഗിക്കുന്ന മിക്ക സാധനങ്ങൾക്കും നിശ്ചിത വില ഇല്ലെന്നിരിക്കെ അന്യായ വില ചോദ്യം ചെയ്യാനുമാകില്ല. വിലക്കൂടുതൽ ഈടാക്കുന്ന കടകളിൽ ഒഴിവാക്കുക എന്നത് മാത്രമാണ് ചൂഷണത്തിൽ നിന്നും രക്ഷപെടാനുള്ള ഏക വഴി.

വേനൽ മാസങ്ങൾ ആയതിനാൽ യൂറോപ്പിൽ കൃഷി ചെയ്യുന്ന വെണ്ടയ്ക്ക, വഴുതിന, മുരിങ്ങക്ക, തക്കാളി, കോവയ്ക്ക, പാവയ്ക്ക, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി അനേകം പച്ചക്കറികൾ ഇപ്പോൾ യുകെയിലെ ഏഷ്യൻ കടകളിൽ പലതിലും കിലോക്ക് 2.99 പൗണ്ട് എന്ന നിലയിൽ ലഭ്യമാണ്. എന്നാൽ ചില മലയാളി കടകളിൽ ഇവക്ക് ഇപ്പോഴും കോവിഡ് കാലത്ത് ഈടാക്കിയ ഉയർന്ന വിലയായ 7.99 മുതൽ 8.99 വരെയാണ് ഈടാക്കുന്നത്. മുരിങ്ങക്കായ്ക്ക് 10.99 ഈടാക്കുന്ന കടകൾ ഇപ്പോഴുമുണ്ട്. എന്നാൽ കവൻട്രിയിൽ ഉള്ള കൽമ പോലെയുള്ള കടകൾ ശനി, ഞായർ, ബുധൻ ദിവസങ്ങളിൽ ചില ഇനം പച്ചക്കറിക്ക് രണ്ടര പൗണ്ടും മറ്റുള്ളവയ്ക്ക് 299 പൗണ്ടും മാത്രം ഈടാക്കിയാണ് കച്ചവടം ചെയ്യുന്നത്. വൂസ്റ്ററിലെ മലയാളി കടയായ ഫ്രണ്ട്സിലും 2.99 നു പച്ചക്കറികൾ ലഭ്യമാണെന്ന് കടയുടമ ഡെന്നിസ് പറയുന്നു. യൂറോപ്പിലെ വമ്പൻ ഗ്രീൻ ഹൗസ് ഫാമുകളിൽ നിന്നുമാണ് ഇത്തരം വേനൽക്കാല പച്ചക്കറികൾ വിലക്കുറവിൽ എത്തുന്നത്. ലോറികളിൽ എത്തുന്നവ ആയതിനാൽ കൂടുതൽ പുതുമയും ഈ പച്ചക്കറികളിൽ കാണപ്പെടുന്നുണ്ട്.

മലയാളികൾ കടയിൽ കയറാൻ പേടിക്കുന്ന സാഹചര്യം ഉണ്ടാകരുത്

യുകെയിലെ റീറ്റെയ്ൽ വിപണിയിൽ ഏറ്റവും വില കുറച്ചു അരി വിൽക്കുന്നവരിൽ പ്രമുഖരാണ് വൂസ്റ്ററിലെ ഫ്രണ്ട്സ് സ്റ്റോർ ഉടമകളായ ഡേവിസും ഡെന്നിസും. ഇവരുടെ കടയിൽ ഇപ്പോഴും 10.99 പൗണ്ടിന് ടോളിൻസ് ബ്രാൻഡ് അരി ലഭ്യമാണ്. മറ്റു പല പ്രമുഖ ബ്രാൻഡിനും 12.99 പൗണ്ട് മാത്രമാണ് വില. കയറ്റുമതി നിരോധന വാർത്തയുടെ പേരിൽ തന്റെ കടയിലും വില വർധന ഇല്ലെന്നു സ്റ്റോക് ഓൺ ട്രെൻഡിലെ വ്യാപാരിയായ ജോഷിയും പറയുന്നു. വിലക്കുറവിൽ അരി ലഭിക്കുന്നതിനാൽ മാഞ്ചസ്റ്ററിൽ നിന്നും പോലും മലയാളികൾ അരി വാങ്ങാൻ എത്തുന്നുണ്ട് എന്നാണ് ജോഷിയുടെ അനുഭവം.

കൊള്ള ലാഭം ലക്ഷ്യമിട്ടാൽ ഇപ്പോൾ ടെസ്‌കോ പ്രഖ്യാപിച്ചത് പോലുള്ള ഓഫറുകൾ തുടർച്ചയായി സൂപ്പർ സ്റ്റോറുകൾ നൽകി തുടങ്ങിയാൽ മലയാളി കച്ചവടക്കാർ കടയ്ക്ക് താഴിടേണ്ടി വരുമെന്നാണ് ഡെന്നിസും ജോഷിയും പറയുന്നത്. കാരണം അത്തരം ഓഫറുകളുമായി പിടിച്ചു നിൽക്കാൻ മലയാളി കടകൾക്കാവില്ല. അതിനാൽ നിലവിൽ ഉള്ള മലയാളി ഉപയോക്താക്കളെ കടയിൽ കേറ്റാൻ മടുപ്പിക്കുന്ന തരത്തിൽ വില വർധന ഉണ്ടായാൽ ഈ രംഗത്ത് ഒരാൾക്കും പിടിച്ചു നിൽക്കാനാകില്ല എന്നും ഒന്നര പതിറ്റാണ്ടിലേറെയായി ഈ രംഗത്തുള്ള ഇവർ മുന്നറിയിപ്പ് നൽകുന്നു.