ഇംഗ്ലണ്ടിലും വെയ്ൽസിലും പരമ്പരാഗത ബ്രിട്ടീഷുകാർ കുറഞ്ഞു വരികയാണോ? കഴിഞ്ഞവർഷം ഈ രണ്ട് അംഗ രാജ്യങ്ങളിലും ജനിച്ച കുട്ടികളിൽ മൂന്നിലൊന്ന് പേരും ജനിച്ചത് വിദേശത്ത് ജനിച്ച അമ്മമാർക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒഫീസ് ഫോർ ദി നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള പുതിയ കണക്കുകൾ പറയുന്നത് 2021 ൽ 1,79,726 വിദേശത്ത ജനിച്ച അമ്മമാർ ബ്രിട്ടനിൽ പ്രസവിച്ചപ്പോൾ 2022 ൽ അത് 1,89,309 ആയി ഉയർന്നു എന്നാണ്.

അതേസമയം, കഴിഞ്ഞവർഷം പ്രസവിച്ച യു കെയിൽ ജനിച്ച അമ്മമാരുടെ എണ്ണത്തിൽ ഇടിവുണ്ടായി എന്നതും ശ്രദ്ധേയമാണ്. 2021-ൽ 4,45,055 പേർ ഈ വിഭാഗത്തിൽ ഉണ്ടായിരുന്നപ്പോൾ 2022 ൽ ഉള്ളത് 4,22,109 പേർ മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ രണ്ട് രാജ്യങ്ങളിലും കഴിഞ്ഞ വർഷം നടന്ന പ്രവസവങ്ങളിൽ 30.3 ശതമാനം വിദേശത്ത് ജനിച്ച അമ്മമാരുടേതായിരുന്നു. 2021 ൽ ഇത് 28.8 ശതമാനമായിരുന്നു.

മറ്റൊരു രസകരമായ കാര്യം ഇംഗ്ലണ്ടിലും വെയ്ൽസിലും കഴിഞ്ഞ വർഷം കുട്ടികൾക്ക് ജന്മം നൽകിയ വിദേശ വനിതകളിൽ കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതാണ്. കഴിഞ്ഞ വർഷം റോമേനിയക്കാരായിരുന്നു ഇതിൽ മുൻപിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതാദ്യമായി ഇക്കാര്യത്തിൽ അഫ്ഗാനിസ്ഥാൻ ആദ്യ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞവർഷം ലണ്ടനിൽ ജനിച്ച കുട്ടികളിൽ 66.5 ശതമാനം (മൂന്നിൽ രണ്ട്) പേരുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാളെങ്കിലും വിദേശത്താണ് ജനിച്ചത് എന്നും കണക്കുകൾ പറയുന്നു. ഇക്കാര്യത്തിൽ മുൻപിൽ നിൽക്കുന്നത് ലണ്ടനിലെ ബ്രെന്റ് ബറോയാണ്. ഇവിടെ ജനിച്ച കുട്ടികളിൽ 82.3 ശതമാനം കുട്ടികളുറ്റെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ വിദേശത്ത് ജനിച്ചവരാണ്. കംബ്രിയയിലെ കോപ്ലാൻഡ് ആണ് ഇക്കാര്യത്തിൽ ഏറ്റവും പുറകിലുള്ളത്.വെറും ആറ് ശതമാനം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ ആണ് വിദേശത്ത് ജനിച്ചതായിട്ടുള്ളത്.

മൊത്തം പ്രസവങ്ങളുടെ കാര്യത്തിലും ഇരു രാജ്യങ്ങളിലും കുറവ് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളിലും കൂടി 2021 ൽ 6,24,828 പ്രസവങ്ങൾ നടന്നപ്പോൾ 2022 ൽ നടന്നത് 6,05,479 പ്രസവങ്ങൾ ആയിരുന്നു.