തിഥി സത്ക്കാര മേഖലയിലെതൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക തൊഴിൽ വിസ നൽകുന്ന കാര്യം യു കെ സർക്കാർ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കാതെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു നടപടിയായിട്ടാണ് ഇതിനെ കാണുന്നത്. എക്കാലത്തേയും വലിയ നെറ്റ് മൈഗ്രേഷൻ നിരക്ക് കാണിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നടപടി.

ഇതുമായി ബന്ധപ്പെട്ട് യു കെ ഹോം ഓഫീസ് ചില യൂറോപ്യൻ രാജ്യങ്ങളുമായുള്ള ചർച്ചകൾ ആരംഭിച്ചതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുടിയേറ്റ നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള ഒരു ശ്രമമാണിത്. ഇപ്പോൾ യു കെ മുന്നോട്ടു വെച്ചിട്ടുള്ള നിർദ്ദേശ പ്രകാരം, 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് രണ്ട് വർഷം വരെ യു കെയിൽ ജോലിചെയ്യാൻ കഴിയും.

ഇതിനായി ഏതെങ്കിലും തൊഴിൽ ദാതാവിന്റെ സ്പോൺസർഷിപ്പോ, സ്‌കിൽഡ് വർക്കർ വിസയ്ക്ക് ആവശ്യമായ സ്‌കിൽ, വേതന വ്യവസ്ഥകളോ ആവശ്യമില്ല. അതായത്, മുൻനിര തൊഴിലാളികളിൽ ഉണ്ടാകുന്ന ക്ഷാമം ഇതുവഴി പരിഹരിക്കാൻ കഴിയും. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ യു കെയിലെ അതിഥിസത്ക്കാര മേഖലക്ക് ഏറെ അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

കോവിഡ്പ്രതിസന്ധിക്ക് ശേഷം ഒരു ഉയർത്തെഴുന്നേൽപിന് ഏറെ ക്ലേശിക്കുന്ന ഒരു മേഖലയാണിത്. തൊഴിലാളി ക്ഷാമം തന്നെയായിരുന്നു ഒരു പ്രധാന കാരണം. ഒരു കാലത്ത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഏറെ പ്രവർത്തിച്ചിരുന്ന മേഖലയാണിത്. ബ്രെക്സിറ്റിൻ ശേഷമുള്ള കുടിയേറ്റ നിയമങ്ങളായിരുന്നു പിന്നെ അവരെ ആ മേഖലയിൽ നിന്നും അകറ്റിയത്. ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, ബ്രെക്സിറ്റിനു ശേഷമുള്ള നിയമങ്ങളെ മറികടക്കാൻ കഴിയും.

ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്മാർ പോയ ഒഴിവിൽ കയറി പറ്റാൻ ശ്രമിക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കായിരിക്കും ഈ നിയമം തിരിച്ചടിയാവുക എന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, ഈ നിയമം, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യക്കാർക്കും വിധേയമാക്കിയേക്കും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.