ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും, യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉർസ്വല വോൺ ഡെർ ലെയെനും ചരിത്രപ്രധാനമായ വിൻഡ്സർ ഫ്രെയിംവർക്ക് ഒപ്പുവച്ച ഹോട്ടൽ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കൽ കൗൺസിൽ രംഗത്ത് എത്തിയിരിക്കുന്നു.

ഭരണകക്ഷി അനുഭാവികൂടിയായ ഇന്ത്യൻ വംശജനായ സുരിന്ദർ അറോറയുടെ ഫെയർമോണ്ട് വിൻഡ്സർ പാർക്ക് ഹോട്ടലിനാണ് ഈ ഗതി വന്നിരിക്കുന്നത്. പ്ലാനിങ് അനുമതിയില്ലാതെ ഹോട്ടലിനോട് ചില കൂട്ടിച്ചേർക്കലുകൾ നടത്തിയതിനെ തുടർന്നാണ് പൂർണ്ണമായോ, ചില ഭാഗങ്ങളോ പൊളിച്ചു നീക്കണമെന്ന ഉത്തരവ് വന്നിരിക്കുന്നത്.

റണ്ണിമെഡ് ബറോ കൗൺസിലിന്റെ ഉത്തരവിനെതിരെ അപ്പീലിന് പോകാൻ അറോറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുരിന്ദർ അറോറക്ക് ഒക്ടോബർ മാസം വരെ സമയമുണ്ട്. അധികമായി ഹോട്ടലിനോട് കൂട്ടിച്ചേർത്ത ഭാഗം ഗ്രീൻ ബെൽറ്റിന് ഹാനികരമാണെന്നാണ് കൗൺസിൽ വാദിക്കുന്നത്. ഇതിനെ എതിർക്കുകയാണെങ്കിൽ, ഹൗസിങ് സെക്രട്ടറി മൈക്കൽ ഗോവിനടുത്ത് അപ്പീൽ എത്തിയേക്കും എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

തൊട്ടടുത്തുള്ള മറ്റൊരിടത്ത് അഞ്ച് ആഡംബര ട്രീഹൗസുകൾ പണിയാനുള്ള അറോറയുടെ പദ്ധതിക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്. ഹീത്രൂ വിമാനത്താവളത്തിൽ ബാഗേജ് ഹാൻഡ്ലർ ആയി ജീവിതം ആരംഭിച്ച ഈ ഇന്ത്യൻ വംശജൻ, ഹീത്രൂവിന് അടുത്തായി നാല് പഴയ വീടുകൾ വാങ്ങിയാണ് അതിഥിസത്കാര മേഖലയിലേക്ക് കാൽവയ്പ് നടത്തിയത്.

നാലു വീടുകളേയും ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാർക്കുള്ള ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് താമസയിടങ്ങളാക്കി മാറ്റിക്കൊണ്ടായിരുന്നു അറോറ എന്ന ഇന്നത്തെ ശതകോടീശ്വരന്റെ തുടക്കം. ഇന്ന് 6000 ൽ ഏറെ മുറികൾ ഉൾല 16 ഹോട്ടലുകളുടെ ഉടമയാണ് ഇന്ത്യൻ വംശജനായ സുരിന്ദർ അറോറ. സൺഡേ ടൈംസിന്റെ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ന് ഇയാളുടെ ആസ്തി 1.3 ബില്യൻ പൗണ്ടാണ്. ടോറി പാർട്ടിയുടെ പല സുപ്രധാന പരിപാടികൾക്കും വേദിയായിട്ടുള്ള ഇടം കൂടിയാണ് ഫെയർമോണ്ട് വിൻഡ്സർ പാർക്ക്.

അധികമായ കൂട്ടിച്ചേർക്കലുകൾ നടത്തിയപ്പോൾ നിരവധി പ്രദേശ വാസികളായിരുന്നു ഹോട്ടലിനെതിരെ പരാതികളുമായി എത്തിയത്. പ്ലാനിങ് അനുമതി നൽകിയതിലും രണ്ടര മീറ്ററോളം ഉയരം ഹോട്ടലിന് അധികമായി എന്നാണ് പ്രധാന പരാതി. ഇതിന്റെ അംഗീകാരത്തിനായി ഹോട്ടൽ നൽകിയ 20 അപേക്ഷകളും നിരസിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നിർമ്മാണവേളയിൽ ചില പിഴവുകൾ സംഭവിച്ചതിൽ ഖേദിക്കുന്നു എന്നും, ഇരുകൂട്ടർക്കും സമ്മതമായ ഒരു പോംവഴി കണ്ടെത്താൻ അധികൃതരുമായി ചർച്ചകൾ നടത്തുകയാണെന്നും അറോറ അറിയിച്ചു.