ഗാൾവേ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അയർലൻഡിൽ മരിച്ചത് പത്തനംതിട്ട കുളനട സ്വദേശിയായ മലയാളി നഴ്‌സ്. കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ റോജി പി. ഇടിക്കുള (37) ആണ് ആകസ്മികമായി മരിച്ചത്. ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

തലവേദനയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് റോജിയെ തേടി മരണം എത്തിയത്. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടർന്നു ഗാൾവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്ന് കണ്ടെത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബൂമൗണ്ട് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർച്ചയായി തലച്ചോറിൽ ഉണ്ടായ രക്തസ്രാവം മൂലം റോജി മരണത്തിന് കീഴടങ്ങുക ആയിരുന്നു. മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. ഇതിന്റെ സന്തോഷത്തിൽ കഴിയവെ ആക്സ്മികമായി റോജിയെ മരണം തട്ടിയെടുത്തത്. റോജിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും കുടുംബത്തിന് ഇനിയും മുക്തി നേടാൻ സാധിച്ചിട്ടില്ല.

നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ആദ്യം കോർക്കിലാണ് താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപ് ഗാൾവേയിലെ ട്യൂമിൽ കുടുംബമായി താമസം തുടങ്ങി. ഭാര്യയും മക്കളുമായി സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് മരണം തേടി എഥ്തിയത്.

കേരളത്തിലും ഖത്തറിലും വിവിധ നഴ്‌സിങ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് ഇടവകാംഗമാണ് റോജി.

പത്തനംത്തിട്ട മാന്തളിർ സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്‌കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി വിവിധ സംഘടനകൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അയർലൻഡിലെ ഗാൾവേയിൽ പൊതുദർശനം നടത്തും.