ലണ്ടൻ: കോവിഡിനെ ലോകം മുഴുവൻ ഏറെക്കുറെ മറന്ന മട്ടിലാണ്. എന്നാൽ അത്രവേഗം കോവിഡിനെ മറക്കാൻ കഴിയില്ല എന്ന് തെളിയിച്ചു ബ്രിട്ടനിൽ വീണ്ടും സാർസ് കോവ് 2 പേരിൽ പുതിയ വകഭേദം കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ റിപ്പോർട്ട് ചെയ്ത രോഗത്തിന് ഇരകളായി അനേകം മലയാളികളും. ലക്ഷക്കണക്കിന് ആളുകളെ അതിവേഗത്തിൽ കൊന്നൊടുക്കിയ രോഗത്തെ വാക്സിൻ കണ്ടെത്തിയതിലൂടെ നിയന്ത്രണത്തിലാക്കിയതോടെ ആശ്വാസം കൊണ്ട ലോകത്തിന് വീണ്ടും ആശങ്ക സമ്മാനിച്ചാണ് പുതിയ വകഭേദങ്ങൾ എത്തുന്നത്. കടുത്ത ശാരീരിക അസ്വസ്ഥതകൾ സമ്മാനിക്കുന്ന പുതിയ വകഭേദത്തിലും മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് മാത്രമാണ് ഭീതി വളർത്താത്ത ഏക കാര്യം.

എന്നാൽ ജനങ്ങൾ കോവിഡിനെ മറന്നാലും കണക്കെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ബ്രിട്ടൻ പതിവൊന്നും തെറ്റിക്കാതെയാണ് പോകുന്നത് എന്നതാണ് പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ കണ്ടെത്താനാകുന്ന കൗതുകമുണർത്തുന്ന വസ്തുത. സർക്കാർ നൽകുന്ന ഈ കണക്കിൽ ആഗസ്തിൽ എത്തിയ പുത്തൻ കോവിഡ് മൂലം ഇപ്പോൾ രാജ്യത്തു 6000 ലേറെ കോവിഡ് രോഗികൾ ഉണ്ട്. കഴിഞ്ഞ മാസം നൂറിലേറെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചികിത്സാ നൽകേണ്ടി വന്ന രോഗികളുടെ എണ്ണം 2500 നു മുകളിലാണ്. 32000 ലേറെ പേരെ വൈറസ് ബാധയുണ്ടോ എന്ന പരിശോധനക്കും വിധേയമാക്കി. ഇതിനർത്ഥം പൂർണമായും ഇല്ലാതായി എന്ന് പൊതു സമൂഹം കരുതിയ കോവിഡ് രൗദ്രഭാവം കൈവിട്ടു തന്റെ സാന്നിധ്യം കൈവിട്ടു കളയാതെ ജനങ്ങൾക്കിടയിൽ തന്നെ ഒളിച്ചു കളി തുടരുക ആണെന്ന് കൂടി വ്യക്തമാകുകയാണ്.

ബ്രിട്ടനിലെ മലയാളികൾ രോഗക്കിടക്കയിലേക്ക്, കാരണമായത് ഓണാഘോഷം, ന്യുകാസിലിൽ പല വീടുകളിലും പോസിറ്റീവ് രോഗികൾ

മൂന്നാം ബൂസ്റ്റർ ഡോസ് വാക്സിനും എടുത്തു കോവിഡിനെ വകഞ്ഞു മാറ്റി ജീവിതത്തിന്റെ പുതിയ വഴികളിലൂടെ നടന്നു തുടങ്ങിയ യുകെ മലയാളികളെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഓഗസ്റ്റ് മാസം പാതി പിന്നിട്ടപ്പോൾ തന്നെ മലയാളികൾ ഓണാഘോഷത്തിലേക്ക് തിരിഞ്ഞതും ഏതാണ്ട് അതേ സമയം തന്നെ കോവിടിന്റെ ഏറ്റവും ശക്തമായ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതും ഒന്നിച്ചാണ്. എന്നാൽ പതിവ് പോലെ കോവിഡ് സംബന്ധമായ വാർത്തകൾ മാധ്യമ ലോകം പോലും എഴുതി തള്ളി തുടങ്ങിയ സാഹചര്യത്തിൽ ജനങ്ങളും പുതിയ കോവിഡ് വാർത്തകൾക്ക് ചെവി നൽകാൻ തയ്യാറായിരുന്നില്ല.

എന്നാൽ ഇപ്പോൾ ന്യുകാസിലിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഓണാഘോഷത്തിൽ പങ്കെടുക്കുവരിൽ അനേകമാളുകൾ കോവിഡ് രോഗികളായാണ് വീടുകളിൽ മടങ്ങി എത്തുന്നത് എന്ന വിവരമാണ്. ആൾക്കൂട്ടം വീണ്ടും കോവിഡ് രോഗികളെ സമ്മാനിക്കുന്നു എന്നാണ് സൂചന. ഒന്നിലേറെ വീടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ വിവരം ആരോഗ്യ പ്രവർത്തകരും ഗൗരവമായി എടുത്തിട്ടുണ്ട്. സ്‌കൂൾ തുറന്നതോടെ കുട്ടികൾ ക്ലാസുകളിൽ എത്താതിരുന്നതും വിവരം വേഗം പുറത്തറിയാൻ കാരണമായി.

സൗത്ത് ഈസ്റ്റിലും നോർത്ത് വെസ്റ്റിലും അതിവേഗ വ്യാപനം, ഈ ആഴ്ചത്തെ ഓണാഘോഷങ്ങളിൽ മാസ്‌ക് വച്ചാൽ രോഗവ്യാപനം തടയാം

രോഗത്തിന്റെ വ്യാപനം നിലവിൽ വടക്കൻ പട്ടണങ്ങളായ നോർത്ത് ഈസ്റ്റിലും മിഡ്‌ലാൻഡ്സിനോട് ചേർന്ന സൗത്ത് ഈസ്റ്റിലും ആണെന്ന വിവരമാണ് ലഭ്യമാകുന്നത്. നോർത്ത് ഈസ്റ്റിൽ മാഞ്ചെസ്റ്റെർ മുതൽ ന്യുകാസിൽ വരെ വിപുലമായ മേഖലയിലാണ് വ്യാപനം രൂക്ഷം. ലങ്കാസ്റ്റർ, ലിവർപൂൾ, കെണ്ടാൽ, പ്രെസ്റ്റൺ, വാറിങ്ടൺ, സണ്ടർലൻഡ് എന്നിവിടങ്ങളിൽ എല്ലാം പ്രത്യേക ശ്രദ്ധയോടെ കോവിഡിന്റെ പുതിയ വകഭേദത്തെ കൈകാര്യം ചെയ്യാൻ മടി കാട്ടരുത് എന്നാണ് ലഭ്യമായ വിവരം. സൗത്ത് വെസ്റ്റിലും ഓക്സ്ഫോർഡ് മുതൽ സൗത്താംപ്ടൺ വരെ മലയാളി സമൂഹം തിങ്ങിപ്പാർക്കുന്ന ടൗണുകളിൽ കോവിഡ് വ്യാപനം ശക്തമാണ്. ബ്രൈറ്റൻ, കാന്റർബറി, ഹോവ്, ചിചെസ്റ്റർ, മിൽട്ടൺ കെയ്ൻസ്, പോർട്സ്മൗത്ത്, വിൻചെസ്റ്റർ എന്നിവിടങ്ങളിൽ ഒക്കെ കോവിഡ് വ്യാപനത്തിന്റെ സാധ്യതകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എടുത്തെറിയുന്ന വിറയൽ, എരിതീയിൽ വീണ ചൂട്, ബലമില്ലാത്ത ശരീരം

കിടക്കയിൽ കിടന്നു തുള്ളുക ആയിരുന്നു നാല് ദിവസം, ശരീരത്തിൽ തൊട്ടാൽ ആവി പറക്കുന്ന തരം ചൂടേടെയുള്ള പനി. നൂറു കിലോ ശരീര ഭാരം ഉണ്ടെങ്കിലും എഴുന്നേറ്റു നിൽക്കാൻ ബലം ഇല്ലെന്നു തോന്നിക്കുന്ന ശരീരം'', ആദ്യ ഘട്ട കോവിഡിൽ രോഗം വന്നു പോയ താൻ ഇത്തവണ കിട്ടിയ കോവിഡിലാണ് ഭീകരാവസ്ഥ ശരിക്കും മനസിലാക്കിയതെന്നു പേര് വെളിപ്പെടുത്താൻ മടിയുള്ള ന്യുകാസിൽ മലയാളി വ്യക്തമാക്കി. രോഗം വരുന്നത് വരെ പുതിയ വകഭേദത്തെ കുറിച്ച് അറിഞ്ഞതേ ഇല്ലായിരുന്നു. ശനിയാഴ്ച നടന്ന ഓണാഘോഷത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് ഞായറാഴ്ച പകൽ തന്നെ കുളിരോടെ പനി തുടങ്ങുക ആയിരുന്നു. മണിക്കൂറുകൾ കൊണ്ട് രോഗാവസ്ഥ പല തരത്തിൽ മാറിത്തുടങ്ങിയതോടെയാണ് തിങ്കളഴ്ച ടെസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം കോവിഡിന്റെ കരുത്തു തെളിയിച്ചു രണ്ടു ചുവന്ന വരകൾ ടെസ്റ്റ് മോണിറ്ററിൽ തെളിഞ്ഞു. അതോടെ ഉറപ്പായി പുതിയ വകഭേദം ഇതുവരെ കണ്ടതിൽ നിന്നും ശക്തിയേറിയത് ആണെന്നും.

പിന്നീട് നാലു ദിവസം പനിയും ചുമയും വിറയലും എല്ലാം മാറിമാറി ആക്രമിക്കുന്ന തരത്തിൽ ആയിരുന്നു. പാരസെറ്റാമോൾ കഴിക്കുമ്പോൾ ഒരൽപ സമയം ആശ്വാസം ലഭിക്കും. എന്നാൽ കൂടുതൽ കരുത്തോടെ വൈറസ് വീണ്ടും ആക്രമിക്കുന്നതായിരുന്നു പിന്നീടുള്ള രീതി. ഇത്രയും അനുഭവിക്കാൻ നല്ല ശരീര ഭാരം ഉള്ള ഒരാൾക്ക് രോഗം കാരണമായെങ്കിൽ ശാരീരിക അസ്വസ്ഥതകളോ ആരോഗ്യക്കുറവോ ഉള്ള ആളുകളുടെ അവസ്ഥ എന്തായിരുന്നിരിക്കും. ഈ ചിന്തയിലാണ് രോഗ വിവരം കയ്യോടെ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നതെന്നും എല്ലാവരും രോഗബാധ ഏൽക്കാതിരിക്കാൻ കരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക രക്ഷ മാസ്‌ക് ധരിക്കൽ, കൈ കഴുകലും ആരംഭിക്കേണ്ടി വരും

ഇഷ്ടമില്ലെങ്കിലും മറ്റു വഴികൾ ഇല്ലാതെ മാസ്‌ക് ധരിച്ചു നടന്നവരാണ് ലോക ജനത. വാക്സിൻ എടുത്തു പ്രതിരോധ ശേഷി നേടുമ്പോഴും രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ മാസ്‌ക് നിർബന്ധമായിരുന്നു ഏറെക്കാലം. ഇപ്പോഴും ആശുപത്രികളിൽ പലയിടത്തും രോഗ സാധ്യത കണക്കിലെടുത്തു മാസ്‌ക് എടുത്തു മാറ്റിയിട്ടില്ല എന്നതും വസ്തുത ആണ്. ഈ സാഹചര്യത്തിൽ കരുത്തു കാട്ടി പടരുന്ന പുതിയ കോവിഡ് വക ഭേദത്തെ അകറ്റി നിർത്താൻ മാസ്‌ക് ധരിക്കുക എന്നതാകും അഭികാമ്യം. കൂടാതെ മറന്നു പോയ കൈ കഴുകൽ പ്രക്രിയയും ആരംഭിക്കേണ്ടി വരും.

ചുരുക്കത്തിൽ മൂന്നു വർഷം മുൻപ് ചെയ്ത കാര്യങ്ങൾ ഒക്കെ ഒരിക്കൽ കൂടി പാലിക്കേണ്ടി വരും. രോഗം ഇപ്പോൾ കാട്ടുന്ന തീവൃത തുടർന്നാൽ രാജ്യവ്യാപക നിർദ്ദേശം എത്താനും സാധ്യതയുണ്ട്. എന്നാൽ സർക്കാർ പറയുന്നതിന് മുൻപേ സ്വന്തം ആരോഗ്യം രക്ഷിക്കാനുള്ള ബാധ്യത വ്യക്തിക്ക് തന്നെയാണ് എന്ന് മനസിലാക്കി മുൻകരുതൽ എടുക്കുക എന്നതാണ് പ്രധാനം. ആഘോഷങ്ങളിലേക്ക് തിരക്കിട്ടു എത്തുന്നവർ മാസ്‌ക് ധരിച്ചാൽ രോഗക്കിടക്കയിൽ വീഴില്ല എന്നാണ് ന്യുകാസിൽ മലയാളികൾ നൽകുന്ന സന്ദേശവും.