ന്യൂഡൽഹി: കുവൈത്തിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിച്ച് വന്നത്. ഇതേ തുടർന്നാണ് 19 മലയാളികൾ ഉൾപ്പെട്ട സംഘത്തെ തടവുകേന്ദ്രത്തിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നൽകിയിട്ട് ഉണ്ടെന്നും മുരളീധരൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ പിടിക്കപ്പെട്ട 60 അംഗ സംഘത്തിൽ 34 ഇന്ത്യക്കാർ ആണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെപറ്റംബർ 12നാണ് ബാന്ദ്ര ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികൾ അവരുടെ എമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്. അതിൽ 34 പേർ ഇന്ത്യക്കാരാണ്. 19 പേർ മലയാളികളാണ്. ആ സ്ഥാപനത്തിന് അവിടെ ആശുപത്രി നടത്താൻ അധികാരമില്ലെന്നാണ് കുവൈറ്റ് അധികാരികൾ പറയുന്നത്.

എങ്കിലും ഇവരെ മോചിപ്പാക്കാനും ഡിറ്റക്ഷൻ സെന്ററിൽ നിന്ന് പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ കൊച്ചുകുഞ്ഞുങ്ങളുള്ള അമ്മമാരുണ്ട്. കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കൊപ്പം കഴിയുന്നതിനാവശ്യമായ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായും മന്ത്രി പറഞ്ഞു.

ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈറ്റ് എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ കുവൈറ്റ് സർക്കാരുമായി നിരന്തരമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കുവൈറ്റിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ കഴിഞ്ഞ ദിവസമാണ് മാനവ വിഭവ ശേഷിയുടെ ത്രിതല സമിതി പരിശോധന നടത്തിയത്. 60 പേരെയാണ് സുരക്ഷാ പരിശോധനയുടെ ഭാഗമായി അറസ്റ്റുചെയ്തത്. വിദേശ താമസ നിയമം ലംഘിച്ച് ജോലി ചെയ്തുവന്നവരാണ് ഇവർ.

ലൈസൻസ് ഇല്ലാതെ ജോലി ചെയ്തവരാണ് പിടിയിലായതെന്നും ഇവരിൽ ഗാർഹിക തൊഴിലാളികളും കുടുംബവിസയിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിലിപ്പൈൻസ്, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. മൂന്ന് മുതൽ 10 വർഷം വരെ ഇതേ ക്ലിനിക്കിൽ ജോലി ചെയ്യുന്നവരാണ് മിക്കവരും.