ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നഴ്സിങ്- മിഡ്വൈഫറി പഠനം നടത്തിയവർ യു കെയിൽ ജോലിക്ക് ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം വേണ്ടത് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിൽ (എൻ എം സി) റെജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനായി അവരുടെ നൈപുണികൾ, അനുഭവ പരിചയം, മനോഭാവം എന്നിവ എൻ എം സിയുടെ ഉന്നത നിലവാരത്തിനോട് പൊരുത്തപ്പെടുന്നതാണ് എന്ന് തേളിയിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി, രണ്ട് ഭാഗങ്ങളായുള്ള ടെസ്റ്റ് ഓഫ് കോമ്പീറ്റൻസ് (ടി ഒ സി) വിജയിക്കണം.

അതിൽ കമ്പ്യുട്ടർ ബേസ്ഡ് ടെസ്റ്റ് (സി ബി ടി) എന്നത് പരീക്ഷാർത്ഥികളുടെ ക്ലിനിക്കൽ- ന്യുമേറസി കഴിവുകൾ അളക്കുന്നതിനുള്ളതാണ്. ഇത് മിക്കവാറും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു തന്നെ എഴുതാവുന്ന പരീക്ഷയാണ്. രണ്ടാമത്തെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷ (ഒ എസ് സി ഇ) യു കെയിൽ വന്നതിനു ശേഷം മാത്രമെ എഴുതാൻ കഴിയുകയുള്ളു.

എൻ എം സി ക്ക് വേണ്ടി സി ബി ടി നടത്തുവാൻ വിവിധ വിദേശരാജ്യങ്ങളിൽ നിരവധി സി ബി ടി സെന്ററുകൾ ഉണ്ട്. അത്തരത്തിൽ നൈജീരിയയിലെ യുനിക്ക് സെന്ററിൽ നടന്ന സി ബി ടി പരീക്ഷയെ കുറിച്ച് ചില സംശയങ്ങൾ ഉയർന്നിരുന്നു. അതിനെ കുറിച്ചുള്ള പ്രാഥമികാന്വേഷണം പൂർത്തിയായപ്പോൾ എൻ എം സി പറയുന്നത്, അവിടെ പരീക്ഷയ്ക്ക് ഇരുന്നവരിൽ ഭൂരിഭാഗം പേരും തട്ടിപ്പ് നടത്തിയല്ല എൻ എം സി റെജിസ്റ്ററിൽ കടന്നു കയറിയത് എന്നാണ്. എന്നിരുന്നാലും ആ സെന്ററിൽ തട്ടിപ്പ് നടന്നതായുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, യുനിക് പരീക്ഷാ കേന്ദ്രത്തിൽ വൻ തോതിൽ ആൾമാറാട്ടം നടന്നതായി ബോദ്ധ്യപ്പെട്ടു. യഥാർത്ഥത്തിൽ പേര് നൽകിയവരുടെ വ്യാജന്മാരായിരുന്നു പരീക്ഷ എഴുതിയത്. ഇതോടെ യുനിക്കിൽ നിന്നുള്ള പരീക്ഷാഫലം പൂർണ്ണമായും അസാധുവാക്കി പ്രഖ്യാപിക്കുകയായിരുന്നു എൻ എം സി. ഈ കേന്ദ്രത്തിന്റെ പരീക്ഷാ നടത്തിപ്പിൽ വിശ്വാസമില്ല എന്ന കാരണത്താൽ ആയിരുന്നു അത്.

എൻ എം സി റെഗിസ്റ്ററിന്റെ സുരക്ഷിതത്വവും വിശ്വാസയോഗ്യതയും കാത്തുസൂക്ഷിക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് എൻ എം സി വക്താവ് പറയുന്നു. തങ്ങൾ നിയന്ത്രിക്കുന്ന തൊഴിൽ മേഖലകളിൽ പൊതുജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും വക്താവ് അറീയിച്ചു. അതുകൊണ്ടു തന്നെ, എൻ എം സി റെജിസ്റ്ററിൽ ഉൾപ്പെടുന്നവരോ, അതിനായി അപേക്ഷിക്കുന്നവരോ പൂർണ്ണമായും എൻ എം സി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡൾ കൃത്യമായി പാലിക്കുന്നവരും, നിർദ്ദിഷ്ഠ നിലവാരം ഉള്ളവരാണെന്നും ഉറപ്പു വരുത്തു.

നിലവിൽ ലിസ്റ്റിൽ കയറിയ 515 പേരിൽ 48 പേരാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി റെജിസ്റ്ററിൽ കയറിപ്പറ്റിയിരിക്കുന്നത് എന്ന് എൻ എം സി കരുതുന്നു. ഇവരുടെ കേസുകൾ തുടരന്വേഷണത്തിനായി ഇൻവെസ്റ്റിഗേറ്റിങ് കമ്മിറ്റി എന്ന് വിളിക്കുന്ന ഒരു സ്വതന്ത്ര പാനലിനെ ഏൽപിച്ചിരിക്കുകയാണ്. സംശയത്തിന്റെ നിഴലിലുള്ളവർക്ക് മൂന്ന് തവണ സി ബി ടി എഴുതാനുള്ള അവസരം നൽകും. അതിനോടൊപ്പം യുനികിൽ സി ബി ടി എഴുതിയ സാഹചര്യം കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കാനുള്ള അവസരവും നൽകും. തെളിവുകൾ ഹാജരാക്കി കമ്മിറ്റിക്ക് മുൻപിൽ തങ്ങളുടെ സത്യസന്ധത വെളിപ്പെടുത്താനുള്ള അവസരവും നൽകുന്നുണ്ട്

ഇതിനെയെല്ലാം അടിസ്ഥാനമാക്കി, ഈ 48 പേരിൽ, വ്യാജമായി റെജിസ്റ്ററിൽ കയറിയവർ ആണെന്ന് കണ്ടെത്തുന്നവരെ എല്ലാം റെജിസ്റ്ററിൽ നിന്നും നീക്കം ചെയ്യും. ലിസ്റ്റിലെ 48 പേർക്ക് നേരെ മാത്രമാണ് ഇപ്പോൾ അന്വേഷം. ബാക്കിയുള്ളവർക്ക് പ്രശ്നങ്ങളില്ല. അതുപോലെ യുനികിൽ നിന്നുള്ള സി ബി ടി ഫലം അസാധുവാക്കിയതിനാൽ, അവിടെ പരീക്ഷ എഴുതിയവർക്ക് വീണ്ടും ഒരിക്കൽ കൂടി പരീക്ഷ എഴുതേണ്ടതായി വരും.