ന്യൂഡൽഹി: പലപ്പോഴും പ്രവാസികൾ ഏറെ ദുരിതമനുഭവിക്കുന്നത്, വിദേശങ്ങളിൽ വെച്ച് മരണപ്പെട്ട പ്രിയപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിലാണ് നീണ്ട നടപടിക്രമങ്ങളുടെ നൂലാമാലകളാണ് ഇതിനായുള്ളത്. അതെല്ലാം നീക്കി, ഈ പ്രക്രിയ കൂടുതൽ എളുപ്പവും വേഗത്തിലും ആക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഒരു പുതിയ പോർട്ടൽ രൂപീകരിച്ചിരിക്കുന്നു. ഇ- ക്ലിയറൻസ് ഫോർ ആഫ്റ്റർലൈഫ് റിമെയ്ൻസ് (ഇ-കെയർ) എന്ന പോർട്ടലാണിത്.

മരണശേഷം മൃതശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നുവെങ്കിൽ https://ecare.mohfw.gov.in/Home/login എന്ന വെബ്സൈറ്റിൽ ആളുകൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ സാധിക്കും എന്ന് ഡെപ്യുട്ടി കമ്മീഷണർ അമിത് തൽവാർ പറഞ്ഞു. പഞ്ചാബ് സർക്കാരിന്റെ പ്രവാസി കാര്യ വകുപ്പും, പുതിയ പോർട്ടലിന്റെ വിശദാംശങ്ങൾ പരമാവധി പ്രവാസികളിൽ എത്തിക്കണമെന്ന് മറ്റ് വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഡെപ്യുട്ടി കമ്മീഷണർ പറഞ്ഞു. അങ്ങനെയായാൽ പരമാവധിപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നും അദ്ദെഹം ചൂണ്ടിക്കാട്ടി.

വിദേശങ്ങളിൽ മരണമടയുന്ന ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ തടസ്സങ്ങളും കാലതാമസവും ഒഴിവാക്കി മാതൃരാജ്യത്തേക്ക് എത്തിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ഉദ്ദേശം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മൃതദേഹങ്ങളുടെ ക്ലിയറൻസ് പ്രക്രിയ ഇലക്ട്രോണിക് മാധ്യമത്തിലൂടെ എളുപ്പത്തിൽ സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും.

1954-ലെ ഇന്ത്യൻ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) നിയമപ്രകാരം മൃതദേഹങ്ങൾ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ക്ലിയറൻസ് ആവശ്യമാണ്. എംബാമിങ് സർട്ടിഫിക്കറ്റ്, ഡെത്ത് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ ഒ സി, റദ്ദ് ചെയ്ത പാസ്സ്പോർട്ടിന്റെ കോപ്പി, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് മൃതദേഹം പാക്ക് ചെയ്തു എന്നതിന്റെ സർട്ടിഫിക്കറ്റ്, എന്നീ രേഖകൾ മൃതദേഹം ഇന്ത്യയിലെക്ക് കൊണ്ടു വരുന്നതിന് ആവശ്യമാണ്.

ഇതിൽ എംബാമിങ് സർട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയായിരിക്കണം കൊണ്ടു വരേണ്ടത്. അധികൃത പരിഭാഷകന്റെ ഒപ്പോടു കൂടിയ പരിഭാഷ മാത്രമെ സ്വീകരിക്കുകയുള്ളു. എംബാമിംഗിന് ഉപയോഗിച്ച രാസവസ്തുവും, പ്രക്രിയയും അതിൽ പരാമർശിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം നോക്കണം. അതുപോലെ പാക്കിങ് പ്രക്രിയയും വിശദമായി വിവരിച്ചിരിക്കണം.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഈകെയർ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അതല്ലെങ്കിൽ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായോ എംബസിയുമായോ ബന്ധപ്പെട്ടും വിശദ വിവരങ്ങൾ അറിയാം.