- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഐടി കാൺപൂരിൽ നിന്നും പഠിച്ചിറങ്ങിയ തേജ്പ്രതാപ് സിങ്; ഭർത്താവിനെ പോലെ ഭാര്യയ്ക്കും ഐ ടി മേഖലയിലെ ജോലി; സന്തോഷത്തോടെ ജീവിച്ച കുടുംബം; ന്യൂജേഴ്സിൽ സംഭവിച്ചത് എന്ത്? കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യാ വാദത്തിൽ ദുരൂഹത
വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത. കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്നാണ് നിഗമനം. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്.
ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് വിലയിരുത്തൽ. എന്നാൽ വിശദ അന്വേഷണം നടത്തി മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ഉറപ്പിക്കും. മരണത്തിൽ ബുധനാഴ്‌ച്ച വൈകീട്ടാണ് പൊലീസിന് വിവരം കിട്ടിയത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
ഈ പ്രദേശത്ത് കൂടുതൽ ഇന്ത്യക്കാർ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.- എന്നാൽ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ടെക്‌നോളജി എക്‌സിക്യൂട്ടീവായിരുന്നു തേജ് പ്രതാപ് സിങ്. ലോക്കൽ എലിമെന്ററി സ്‌കൂൾ പിടിഎ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
സൗഹാർദ്ദപൂർവം ഇടപെട്ട കുടുംബമായിരുന്നു തേജ് പ്രതാപ് സിംഗിന്റേത് എന്നാണ് അയൽക്കാർ പറയുന്നത്. പലപ്പോഴും നാല് പേരും ഒന്നിച്ച് നടക്കാനിറങ്ങാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്നത് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി കുടുംബവുമായി സൗഹൃദത്തിലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത അയൽവാസി പറഞ്ഞു.
എല്ലാ ദിവസവും രാവിലെ ഒരുമിച്ച് സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ വെച്ച് ഇളയ മകളെ കാണാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി എത്തിയിരുന്നില്ലെന്നും അത് തന്നെ സംബന്ധിച്ച് വിചിത്രമായിരുന്നെന്നും അവർ പറഞ്ഞു. അന്ന് രാവിലെ സോണാൽ പരിഹാറിന് മെസേജ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അയൽവാസി പറഞ്ഞു.
ഐഐടി കാൺപൂരിൽ നിന്നും പഠിച്ചിറങ്ങിയ തേജ്പ്രതാപ് സിങ് ഐടി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മക്കളുടെ സ്‌കൂളിലെ പരിപാടികളിലും ഇന്ത്യൻ സമൂഹത്തിന്റെ വിവിധ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു തേജ്. കുടുംബത്തിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ല. ഭാര്യ സോണാലും ഐടി മേഖലയിലായിരുന്നു പ്രവർത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ