- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ ബില്ലിലും കാർഷിക സമരത്തിലും മണിപ്പൂർ കലാപത്തിലും കായികതാരങ്ങൾക്കും വേണ്ടി ഉശിരോടെ പ്രതികരിച്ച യുകെയിലെ മലയാളി പുരോഗമനക്കാർ ഊരാക്കുടുക്കിൽ; ബ്രിട്ടൻ നാട് കടത്തും എന്ന് കേട്ടതോടെ യുദ്ധകാര്യത്തിൽ ഒരക്ഷരം മിണ്ടാതെ മൗനത്തിൽ
ലണ്ടൻ: യുകെയിലെ പുരോഗമന പ്രസ്ഥാനക്കാർ എന്ന് വിശേഷിപ്പിച്ചു നേരിട്ട് കമ്മ്യുണിസ്റ്റ് ഐഡന്റിറ്റി വെളിപ്പെടുത്താതെ സാമൂഹ്യ രംഗത്ത് സാന്നിധ്യമാകാൻ ശ്രമിക്കുന്ന ഇടതു ചിന്താഗതിക്കാർ വെട്ടിലായി. കേരളത്തിൽ ഇടതു പാർട്ടികളും സർക്കാരും ഫലസ്തീനും ഹമാസിനും വേണ്ടിയൊക്കെ ഉശിരോടെ ശബ്ദിക്കുന്ന സമയത്ത് അത്തരം ശ്രമങ്ങൾ യുകെയിൽ നടത്തിയാൽ നാട് കടത്തൽ ഭീഷണി വരെ നേരിടേണ്ടി വരും എന്ന കർക്കശ നിലപാട് യുകെ സ്വീകരിച്ചതാണ് മലയാളി ശബ്ദത്തെ ദുർബലമാക്കി മാറ്റിയത്.
കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി ഇന്ത്യയിലെ സർക്കാരിന് എതിരെ അവസരം കിട്ടുമ്പോൾ ഒക്കെ ലണ്ടനിൽ പ്രതിഷേധിക്കുക എന്നത് ഇടതു നിലപാടുള്ളവരുടെ കൗതുകം കൂടി ആയിരുന്നു. ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ കർഷക സമരം, പൗരത്വ ഭേദഗതി ബിൽ, മണിപ്പൂർ കലാപം, ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തിയ സമരം എന്നതിനൊക്കെ ലണ്ടനിലും ശബ്ദമുയർത്താൻ മലയാളികളിൽ ചെറിയൊരു പങ്കു ശ്രമിച്ചത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലും എത്തിയിരുന്നു. എന്നാൽ ആ സമരത്തിലെ പങ്കാളിത്തം വളരെ ന്യൂനവും സമാധാനപരവും ആയിരുന്നതിനാൽ വേണ്ട ഗൗരവത്തിൽ എടുക്കാൻ എംബസി തയ്യാറായില്ല എന്നാണ് പുറത്തു വന്ന വിവരം.
ആദ്യം മുന്നറിയിപ്പ് നൽകിയത് ഇന്ത്യ, ഇപ്പോൾ ബ്രിട്ടനും
ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളി പലപ്പോഴും ദേശ സ്നേഹികളായ ആളുകളെ അസ്വസ്ഥരാക്കിയിരുന്നെങ്കിലും അടുത്ത കാലം വരെ ഇന്ത്യ ഇത്തരം കാര്യങ്ങൾ ഗൗരവത്തിൽ എടുത്തിരുന്നില്ല. എന്നാൽ കാർഷിക സമരത്തിന് യുകെയിൽ നിന്നും കാനഡയിൽ നിന്നും പണം ഒഴുകി എന്ന വിവരം പുറത്തു വന്നതോടെയാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനം ശക്തമാകുന്നത് ശ്രദ്ധയിൽ പെടുന്നതും അതാതു രാജ്യങ്ങളെ ഇന്ത്യ അതൃപ്തി അറിയിക്കുന്നതും. ഈ സമയത്തു ലണ്ടനിലെ ഹൈ കമ്മീഷൻ ഓഫിസ് രണ്ടു മലയാളികളെ ഓഫിസിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തത് വാർത്തയായി മാറിയിരുന്നു. ഇനിയും ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ രാജ്യം സന്ദർശിക്കാനുള്ള വിലക്ക് ഏർപ്പെടുത്തും എന്ന താക്കീതോടെയാണ് പാസ്പോർട്ട് മടക്കി നൽകിയത്.
എന്നാൽ ഇപ്പോൾ ഇസ്രയേൽ - ഹമാസ് സംഘർഷം വളരുമ്പോൾ ഇന്ത്യയല്ല ബ്രിട്ടനാണ് താക്കീത് നൽകുന്നത് എന്നതാണ് പ്രധാന വ്യത്യാസം. അതും വിദേശ വിദ്യാർത്ഥികളും ഗവേഷകർ അടക്കമുള്ള അക്കാദമിസ്റ്റുകളും ഹമാസ് അനുകൂല കാര്യങ്ങളിൽ ഏർപ്പെട്ടാൽ നാട് കടത്താൻ മടിക്കില്ല എന്നാണ് മുന്നറിയിപ്പ്. യൂണിവേഴ്സിറ്റികളിലും യുകെ നഗരങ്ങളിലും ആയിരങ്ങൾ പങ്കെടുക്കുന്ന ഹമാസ് അനുകൂല പ്രകടനങ്ങൾ നടക്കും എന്ന രഹസ്യ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ യുകെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നതിനാൽ ഈ മുന്നറിയിപ്പിന് ഏറെ പ്രാധാന്യവും ഉണ്ട്. പ്രത്യേകിച്ചും എസ് എഫ് ഐ യുകെ എന്ന പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റികൾ കേന്ദ്രീകരിച്ചു സംഘടനാ രൂപീകരിക്കുകയും പ്രധാന യൂണിവേഴ്‌സിറ്റികളിൽ യൂണിറ്റ് സ്ഥാപിക്കുകയും വാർഷിക സമ്മേളനം നടത്തുകയും ഒക്കെ ചെയ്ത സാഹചര്യത്തിൽ ഇത്തരം വിഷയങ്ങൾ മുന്നിൽ എത്തുമ്പോൾ മുൻപിൻ നോക്കാതെ പ്രതികരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇത്തരം എടുത്തു ചാട്ടങ്ങൾ ബ്രിട്ടനിലെ സമാധാന അന്തരീക്ഷം തകർക്കാൻ കാരണമായാൽ നോക്കി നിൽക്കില്ല എന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്.
ദേശസുരക്ഷയെ ബാധിക്കും വിധമുള്ള ഇടപെടൽ ഉണ്ടായാൽ കർക്കശ നിലപാട് എടുക്കണമെന്നാണ് കുടിയേറ്റ ചുമതലയുള്ള മന്ത്രി റോബർട്ട് ജനറിക് നൽകിയിരിക്കുന്ന നിർദ്ദേശം. സമാനമായ നിർദ്ദേശം ഫ്രാൻസും പുറപ്പെടുവിച്ചതോടെ ഇസ്രേയൽ - ഹമാസ് സംഘർഷത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും സമാന നിലയിൽ തീരുമാനം എടുക്കാനുള്ള സാധ്യത വളരുകയാണ്. വിദ്യാർത്ഥികൾ മാത്രമല്ല സന്ദർശക വിസയിലോ താൽക്കാലിക ജോലി വിസയിലോ എത്തിയവർക്കും ഒക്കെ നിയമം ഒരുപോലെ ബാധകമായിരിക്കും. സോഷ്യൽ മീഡിയ ഇടപെടൽ പോലും സൂക്ഷിച്ചു നടത്തിയില്ലെങ്കിൽ പരാതി ലഭിക്കുന്ന സാഹചര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം ലഭിച്ചു കഴിഞ്ഞു.
ഹോം ഓഫിസ് നിലപാട് മുൻകരുതൽ എന്ന നിലയിൽ
ഇന്നലെ ലണ്ടനിലും മാഞ്ചസ്റ്ററിലും നടന്ന ഫലസ്തീൻ അനുകൂല പ്രകടങ്ങളിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഹമാസ് ഭീകര സംഘടനാ ആണെന്ന് തർക്കമില്ലാത്ത വിധം ബ്രിട്ടീഷ് സർക്കാർ പറഞ്ഞതിന് ശേഷമാണ് അവരെ പിന്തുണയ്ക്കുന്ന തരത്തിൽ പ്രകടനമോ ആശയ പ്രകടനമോ നടത്തിയാൽ നാട് കടത്താൻ മടിക്കില്ലെന്ന് ഹോം ഓഫിസ് വ്യക്തമാക്കിയത്. ആയിരക്കണക്കിന് ഫലസ്തീൻ അനുകൂലികൾ ലണ്ടനിൽ ഒഴുകി എത്തിയപ്പോൾ അവരെ നിയന്ത്രിക്കാൻ ആയിരത്തോളം പൊലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഹോം ഓഫിസ് കർക്കശ താക്കീത് നൽകിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന കാര്യമാണ്.
യുകെയിൽ മുസ്ലിം വംശജരായ ലക്ഷക്കണക്കിന് ആളുകൾ ഉള്ളതിനാൽ മതപരമായ നിലയിൽ പ്രശനം വളർന്നാൽ ബ്രിട്ടനും നിയന്ത്രണം സാധിക്കാത്ത നിലയിലേക്ക് എത്തിയേക്കും. അതിനാൽ അത്തരം ഒരു സാഹചര്യം വളരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഹോം ഓഫിസ് മുൻകൂർ നിലപാട് വ്യക്തമാക്കിയത്. ഇത്തരം വിഷയങ്ങളിൽ കൂടുതലായും കുടിയേറ്റ വംശജരാണ് പരസ്യമായി രംഗത്ത് എത്തുക എന്നതിനാലാണ് നാടുകടത്തും എന്ന അന്ത്യശാസനം തന്നെ പുറപ്പെടുവിക്കാൻ കാരണമായതും.
ഹമാസ് അനുകൂലികളുടെ ആക്രമണം ഭയന്ന് ജൂത നിയന്ത്രണത്തിൽ ഉള്ള നിരവധി സ്‌കൂളുകൾ തിങ്കളാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്. ലണ്ടൻ നഗര പ്രദേശത്തു മാത്രം നാലു സ്‌കൂളുകൾക്ക് ആഭ്യന്തര സെക്രട്ടറിയുടെ മുന്നറിയിപ്പ് പരിഗണിച്ച് അവധി നൽകിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ