ലണ്ടൻ: യുകെയിലെ ഹോൺസ്ലോയിൽ മിനിഞ്ഞാന്ന് രാത്രി നടന്ന ഒരു തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. അതിൽ മൂന്നുപേർ കുട്ടികളാണ്. അഗ്‌നിശമന സേന പ്രവർത്തകർ എത്തുന്നതിനു മുൻപായി ഒരാൾക്ക് മാത്രമാണ് അവിടെനിന്നും രക്ഷപ്പെടാനായത്. അത്രയേറെ ഗുരുതരമല്ലാത്ത പരിക്കുകളോടെ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ നിന്നും കാണാതെ പോയ മറ്റൊരു വ്യക്തിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

വീടിന് തീപിടിക്കുമ്പോൾ ആരോൻ കിഷനും ഭാര്യ സീമയും വീടിനകത്തുണ്ടായിരുന്നു. പുറത്തുവച്ച ഒരു ബിന്നിൽ നിന്നാണ് അഗ്‌നിബാധ ഉണ്ടായത് എന്നാണ് സംശയിക്കപ്പെടുന്നത്. രാത്രി 10.20 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. കിഷൻ, തന്റെ കുഞ്ഞുങ്ങളെ വിളിച്ച് അലറി കരയുന്നത് കേട്ടുവെന്ന് അയൽക്കാർ പറയുന്നു. ദീപാവലി പടക്കങ്ങളാകാം അപകടത്തിന് കാരണമെന്ന് ചിലർ പറയുന്നു. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

അഗ്‌നിനാളങ്ങൾ ഉയരുന്നത് കണ്ട് താൻ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയോടിയതായി തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു. ദീപാവലി പ്രമാണിച്ച്, ഇന്ത്യൻ വംശജർ 'ഏറെയുള്ള ആ പ്രദേശത്ത് ധാരാളം പടക്കങ്ങൾ പൊട്ടിച്ചതായും അയൽക്കാർ പറയുന്നു. അങ്ങനെ കത്തിച്ച പടക്കത്തിൽ നിന്നാകാം അഗ്‌നിബാധയുണ്ടായതെന്ന് സംശയിക്കുന്നതായും അയൽക്കാർ പറയുന്നു.

മരണമടഞ്ഞവരിൽ മൂന്ന് കുട്ടികൾ ഉണ്ടെന്ന് ചീഫ് സൂപ്രണ്ട് ഷോൺ വിൽസൺ പറഞ്ഞു. ഒരാളെ കാണാതായിട്ടുമുണ്ട്. അഗ്‌നിബാധയ്ക്കുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടാണ് അന്വേഷണം മുൻപോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്താണ് കിഷന്റെ കുടുംബം ബെൽജിയത്തിൽ നിന്നും ലണ്ടനിലേക്ക് എത്തിയതെന്ന് ഈവനിങ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.