ന്യൂയോർക്ക്: യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഗർഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജി വെടിവയ്ക്കുകയായിരുന്നു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. 2019ലാണ് മീരയും അമൽ റെജിയും വിവാഹിതരായത്. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്. ഈ അടുത്ത കാലത്തായി കുടുംബ പ്രശ്‌നങ്ങൾ കൂടി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് അമേരിക്കൻ പൊലീസും പറയുന്നത്.

അമൽ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ സ്റ്റാറ്റസ് പുറത്തുവന്നതോടെ കുടുംബ പ്രശ്‌നങ്ങളും പൊലീസ് കൂടുതൽ തിരിച്ചറിയുന്നു. അമൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ, മീരയുടെ സഹോദരന്മാർ അവരുടെ ബന്ധത്തിൽ ഉരച്ചിലുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നു. എല്ലാ കാര്യത്തിലും അമേരിക്കൻ പൊലീസ് വിശദ അന്വേഷണം നടത്തും. പൊലീസിനോട് അമൽ റെജി കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്.