ലണ്ടൻ: ഇന്ത്യൻ വംശജയായ സിക്ക് വനിത ഗുർമിത് കൗറിന്റെ കഥ ആദ്യമായി പുറംലോകം അറിഞ്ഞത് 2019-ൽ ആയിരുന്നു. ഇപ്പോളത് നാടാകെ പരന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് മേഖലയിൽ നിന്നും ശക്തമായ പിന്തുണയായി മാറിയിരിക്കുന്നു. ഈ 78 കാരിയെ നാടുകടത്താനുള്ള ശ്രമങ്ങളെ ഒന്നിച്ചെതിർക്കുകയാണ് ജനങ്ങൾ.2009-ൽ യു കെയിൽ എത്തിയ ഗുർമീത് കൗർ അന്നു മുതൽ തന്നെ സ്മെത്ത്വിക്കിലാണ് താമസം.

ഇവരെ നാടുകടത്തുന്നതിനെതിരെ 2020 ജൂലായിൽ തയ്യാറാക്കിയ ഓൺലൈൻ പരാതിയിൽ 65,000 ൽ ഏറെ ആളുകളാണ് ഒപ്പിട്ടിട്ടുള്ളത്. പ്രദേശവാസികൾ ഗുർമീതിനു പുറകിൽ ശക്തമായി നിലയുറപ്പിക്കാൻ തുടങ്ങിയതോടെ, ''വി ആർ ഓൾ ഗുർമിത് കൗർ'' പ്രചാരണം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫുർമിത് കൗറിന് യു കെയിൽ താമസിക്കുവാനോ, തിരിച്ച് പഞ്ചാബിൽ ചെന്നാൽ താമസിക്കാനോ ഒരു കുടുംബമില്ല. അതുകൊണ്ട് സ്മെത്ത്വിക്കിലെ സിക്ക് സമുദായം അവരെ ഏറ്റെടുത്തിരിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

യു കെയിൽ താമസിക്കാനുള്ള അപേക്ഷ ഗുർമിത് കൗർ നൽകിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഒന്നുമില്ലാത്ത സാഹചര്യത്തിലും മറ്റുള്ളവരോട് അതീവ ദീനാനുകമ്പയുള്ള ഒരു സ്ത്രീയാണ് അവർ എന്നാണ് അതിൽ പറയുന്നത്. പ്രദേശത്തെ ഗുരുദ്വാരയിൽ സന്നദ്ധ സേവനം നടത്തിയാണ് അവരുടെ ജീവിതം മുൻപോട്ട് പോകുന്നത്. അവർക്ക് ഇന്ത്യയിൽ കുടുംബമില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, യു കെ ഹോം ഓഫീസ് പറയുന്നത് കൗർ ഇപ്പോഴും പഞ്ചാബിലുള്ള ബന്ധുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവർക്ക് അവിടെ ജീവിക്കാൻ കഴിയുമെന്നുമാണ്. ബ്രഷ്സ്ട്രോക്ക് കമ്മ്യുണിറ്റി പ്രൊജക്ടിന്റെ ഇമിഗ്രേഷൻ ഉപദേഷ്ടാവു, കൗറിന്റെ പരാതി തയ്യാറാക്കിയ വ്യക്തിയുമായ സൽമാൻ മിർസ പറയുന്നത്, പഞ്ചാബിൽ അവർക്കുള്ളത് ഒരു തകർന്നടിഞ്ഞ വീടാണെന്നാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം തിരിച്ചു ചെനാൽ ഭക്ഷണത്തിനുള്ള വഴി കണ്ടെത്താൻ പോലുമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മേൽക്കൂര പോലുമില്ലാത്ത വീട്ടിൽ താമസിക്കാനായി അവരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുകൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്നും ഗുർമിത് കൗറിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. 2009-ൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി യു കെയിൽ എത്തിയ കൗർ പിന്നീട് ഇവരുടെ മകനൊപ്പം ഇവിടെ താമസമാരംഭിക്കുകയായിരുന്നു.

പിന്നീട് കുടുംബത്തിൽ നിന്നും പുറന്തള്ളപ്പെട്ട അവർ അപരിചിതരുടെ കാരുണ്യത്തിലായിരുന്നു ജീവിതം മുൻപോട്ട് കൊണ്ടുപോയ്ക്കൊണ്ടിരുന്നത്.