വിസ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ഇപ്പോൾ ബ്രിട്ടനിൽ താമസിക്കുന്ന നിരവധി വിദേശികളുടെ നെഞ്ചിൽ തീ വാരിയിട്ടിരുന്നു. ബ്രിട്ടനിൽ താമസിക്കുന്നവർക്ക് പങ്കാളികളേയും കുടുംബത്തെയും ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള മിനിമം വേതനം 38,700 പൗണ്ട് ആക്കി ഉയർത്തിയതായിരുന്നു ഏറെ ആശങ്കകൾക്ക് വഴി തെളിച്ചത്.. ഈ നിയമം, ഇപ്പോൾ ബ്രിട്ടനിലുള്ള വിദേശികൾക്കും ബാധകമാകും എന്ന സർക്കാരിന്റെ ആദ്യ നിലപാടായിരുന്നു പലരെയും ഭീതിയിൽ ആഴ്‌ത്തിയത്.

അത്തരമൊരു സാഹചര്യം വന്നാൽ, ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പലർക്കും വിസയുടെ കാലാവധി തീരുന്ന മുറയ്ക്ക് അത് പുതുക്കി ലഭിക്കാതെ ബ്രിട്ടൻ വിട്ടു പോകേണ്ട സാഹചര്യമുണ്ടാക്കും. എന്നാൽ അത്തരമൊരു ഭയം ആർക്കും വേണ്ടെന്ന് പ്രധാന മന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ ബ്രിട്ടനിലുള്ളവർക്കും, ബ്രിട്ടീഷ് പൗരന്മാരുടെ വിദേശ പങ്കാളികൾക്കും ഈ ഉയർന്ന പരിമിതി ബാധകമാക്കില്ല.

ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി പെട്ടെന്ന് ഉയർത്തിയത് പലരുടെയും സ്വപ്നങ്ങൾ കരിച്ചു കളഞ്ഞു എന്ന് ലേബർ എം പി സർ സ്റ്റീഫൻ ടിംസ് ആരോപിച്ചിരുന്നു. വിവാഹ നിശ്ചയം വരെ കഴിഞ്ഞ പലരുടെയും കുടുംബ സ്വപ്നങ്ങൾക്ക് വിലങ്ങിടുകയാണ് സർക്കാർ എന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, യു കെയിലേക്ക് കുടുംബത്തെ കൊണ്ടുവരുന്ന ആർക്കും അവരുടെ കാര്യങ്ങൾ നോക്കി നടത്തുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകണം എന്നത് ഒരു ആവശ്യം തന്നെയാണ് എന്നായിരുന്നു ഋഷി സുനക് പ്രതികരിച്ചത്.

ഇതിനുള്ള വരുമാന പരിധി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി വർദ്ധിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലു, ഇത്തരത്തിലുള്ള ചില പ്രത്യേക കേസുകൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതിനായി ചില മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉയർന്ന വേതന പരിധിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക മനസ്സിലാകുന്നുണ്ടെന്നും, അത് ദൂരീകരിക്കാൻ എത്രയും വേഗം ശ്രമിക്കുമെന്നും ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി എൽ ബി സി റേഡിയോയിൽ പറഞ്ഞു.

തുടർന്ന് പുതിയതായി നിയമിക്കപ്പെട്ട ലീഗൽ ഇമിഗ്രേഷൻ മന്ത്രി ടോ പഴ്ഗ്ലോവ്, രാജ്യത്ത് ഇപ്പോൾ താമസിക്കുന്നവർക്ക് വിസ പുതുക്കുവാൻ 38,000 പൗണ്ടിന്റെ പരിധി ബാധകമാകില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിസ പുതുക്കുന്നതിനായി അപേക്ഷിക്കുന്നവർക്ക് വരുമാന പരിധി ബാധകമാകില്ല എന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ, ഭാവിയിലും ഈ സുരക്ഷ തുടരുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.