ജിദ്ദ: അപേക്ഷ സ്വീകരിച്ചാൽ 60 സെക്കന്റിനുള്ളിൽ വീസ അനുവദിക്കുന്ന അത്യന്താധുനിക സംവിധാനവുമായി സൗദി അറേബ്യ. സൗദി വിസ എന്ന പേരിൽ വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച എകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെയാണ് വിസ ലഭിക്കുന്നത്. സൗദി അറേബ്യയിൽ നിന്ന് വിതരണം ചെയ്യുന്ന എല്ലാത്തരം വിസകളും ഇനി മുതൽ ഈ വെബ് പോർട്ടൽ മുഖാന്തിരമാവും ലഭിക്കുക. മുപ്പതിൽ അധികം വിവിധ മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയെ സൗദി വിസയെന്ന പുതിയ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെന്റ് ഫോറം 2023'ലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്റെ ഡിജിറ്റൽ വികസന പദ്ധതിയുടെ ഭാഗമായാണിത്. ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ് സന്ദർശന വീസകൾക്കും തൊഴിൽ വീസകൾക്കും അടക്കമുള്ള എല്ലാത്തരം വീസകൾക്കും വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള നടപടികക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഈ പോർട്ടൽ സഹായിക്കുമെന്ന് സൗദി ഗവൺമെന്റ് ഔദ്യോഗീക വാർത്ത ഏജൻസി പറയുന്നു.

മുൻപ് വീസ അനുവദിക്കുന്നതിനായി അപേക്ഷ സ്വീകരിച്ചാൽ 45 ൽ ഏറെ ദിവസങ്ങൾ വേണമായിരുന്നു. ഇപ്പോൾ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വീസ വിതരണം ചെയ്യാൻ കഴിയും. സൗദി വീസ പോർട്ടൽ എല്ലാ സർക്കാർ വകുപ്പുകൾക്കും 'വിഷൻ 2030' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ദേശീയ പങ്കാളിത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമാണെന്ന് എക്സിക്യൂട്ടിവ് അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽമൻസൂരി 'ഡിജിറ്റൽ ഗവൺമെന്റ് ഫോറ'ത്തിൽ പറഞ്ഞു.

ഏതൊക്കെ വീസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്നതിനും, ആവശ്യമായ ഗൈഡൻസ് നൽകുന്നതിനുമുള്ള സ്മാർട്ട് സെർച്ച് എൻജിൻ പോർട്ടലിനുണ്ട്. ഭാവിയിൽ വീണ്ടും വീസ അപേക്ഷകൾ ലളിതമായി സമർപ്പിക്കാൻ ഉതകുന്ന വ്യക്തിഗത പ്രൊഫൈൽ രൂപീകരിക്കാനും ഇതിൽ ക്രമീകരണമുണ്ട്. അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ സൂക്ഷമ പരിശോധന നടത്തുന്നതിനായി നിർമ്മിതബുദ്ധിയും അനുബന്ധ സാങ്കേതിക വിദ്യസംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി അബ്ദുൽ ഹാദി അൽ മൻസൂരി പറഞ്ഞു. പുതിയ പോർട്ടൽ സംവിധാനം ഉപയോഗിക്കുന്നതിനായി സന്ദർശിക്കുക ksavisa.sa