കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി, യു കെയിൽ ജോലി ചെയ്യുന്നവർ ആശ്രിതരെയോ കുടുംബാംഗങ്ങളെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടിൽ നിന്നും 38,700 പൗണ്ട് ആക്കുമെന്ന് ഈ മാസം ആദ്യമായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലവർലി പ്രഖ്യാപിച്ചത്. ഈ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ഈ തീരുമാനം അനേകം കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കുന്നതിനുള്ള അവകാശം നിഷേധിക്കുമെന്നും, തീർത്തും മനുഷ്യത്വ രഹിതമാണ് എന്നുമൊക്കെയുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതേ തുടർന്നായിരുന്നു സർക്കാർ ഈ നടപടിയിൽ നിന്നും പിന്മാറിയത്. ഹോം ഓഫീസ് പുറത്തു വിട്ട പുതിയ കുറിപ്പിൽ പറയുന്നത്, കുടുംബത്തെ കൂടെ കൂട്ടുന്നതിന് വിദേശ തൊഴിലാളികൾക്ക് ആവശ്യമായ കുറഞ്ഞ വേതനം വരുന്ന വസന്തകാലത്തോടെ 29,000 പൗണ്ട് ആക്കുമെന്നാണ്. മാത്രമല്ല, നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇത് 38,700 പൗണ്ട് ആക്കുന്നത് എപ്പോൾ എന്നതിന് വ്യക്തമായ ഒരു മറുപടി നൽകുന്നുമില്ല.

പാർലമെന്റിൽ ഒരു ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലൂടെ ഈ മാറ്റം ഹോം ഓഫീസ് മിനിസ്റ്റർ ലോർഡ് ഷാർപ് ഓഫ് എപ്സൺ സ്ഥിരീകരിച്ചിട്ടുമുണ്ട്. നിലവിലെ 18,600 പൗണ്ട് എന്ന പരിധി ബ്രിട്ടനിലെ തൊഴിലെടുക്കുന്നവരിൽ 75 ശതമാനം പേരെയും കുടുംബത്തെ കൂടെ കൊണ്ടുവരാൻ അനുവദിക്കുന്നുണ്ട് എന്ന് മന്ത്രി പറയുന്നു. എന്നാൽ, അത് 38,700 പൗണ്ട് ആയി ഉയർത്തിയാൽ വെറും 30 ശതമാനം പേർക്ക് മാത്രമെ കുടുംബത്തെ കൂടെ കൂട്ടാൻ ആകൂ എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

2024-ലെ വസന്തകാലത്ത് ഈ പരിധി 29,000 പൗണ്ട് ആക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. പിന്നീട് ഇത് 34,500 പൗണ്ട് ആയും അവസാനം 38,700 പൗണ്ട് ആയും ഉയർത്തും എന്നാൽ ഈ വർദ്ധനവ് എപ്പോൾ നടത്തുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുനപരിശോധിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി ഋഷി സുനക് എം പിമാർക്ക് ഉറപ്പു നൽകിയിരുന്നു. പരിധി 38,700 പൗണ്ട് ആക്കി ഉയർത്തുന്നത് പ്രായോഗികമല്ല എന്ന് ലിബറൽ ഡെമോക്രാറ്റുകൾ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ കടുത്ത വിമർശനമായിരുന്നു ശമ്പള പരിധി വർദ്ധനവുമായി ബന്ധപ്പെട്ട് ഋഷി സുനകിന് നേരിടേണ്ടി വന്നത്. പ്രണയത്തിന് വില നിശ്ചയിക്കുകയാണ് എന്ന് പറഞ്ഞ വിമർശകർ പാവപ്പെട്ട ബ്രിട്ടീഷുകാർക്ക് ഇനിമുതൽ വിദേശ പങ്കാളിക്കൊത്ത് താമസിക്കാൻ കഴിയില്ല എന്നും ആരോപിച്ചിരുന്നു.

മുൻ മന്ത്രിയും ടോറി നേതാവുമായിരുന്ന ഗവിൻ ബർവെല്ലും ഇതേ അഭിപ്രായക്കാരനായിരുന്നു. ധനികർക്ക് മാത്രമെ പ്രണയിക്കാനാകൂ എന്ന അവസ്ഥയെ കൺസർവേറ്റീവ് പാർട്ടി ആശയങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.