- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സാമച്ചായൻ; അവയവ ദാന ഹീറോയ്ക്ക് ഹൃദയപുഷ്പങ്ങൾ
ലണ്ടൻ: ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരിക്കുമ്പോൾ പോലും നന്മ ചെയ്തു മടങ്ങുന്നവർ അപൂർവ്വമാണ്. മരിച്ചു മണ്ണടിയുമ്പോഴോ അഗ്നിയിൽ അലിയുമ്പോഴോ മറ്റു മനുഷ്യർക്ക് പുതിയൊരു ജീവിതം നൽകാൻ ഉള്ള അവസരം നിഷേധിച്ചാണ് ഭൂരിഭാഗം പേരും ജീവിത യാത്ര അവസാനിപ്പിക്കുന്നത്. എന്നാൽ അത്തരം മനുഷ്യർക്കിടയിൽ അപൂർവ്വമായി മാത്രമാണ് അവയവ ദാനം വഴി ജീവന്റെ പുനരുദ്ധാരണം സാധ്യമാക്കുന്നവരുടെ പേരുകൾ കേൾക്കാനിടയാകുന്നത്.
ഇപ്പോൾ യുകെ മലയാളികൾ അത്തരം ഒരു പേര് കൂടി കേൾക്കുകയാണ്. പുതുവർഷം പിറക്കാനിരിക്കെ മരണത്തിന്റെ വിളിക്കൊപ്പം സഞ്ചരിക്കാൻ തയ്യാറായ, കവൻട്രി മലയാളികളുടെ പ്രിയപ്പെട്ട സാമച്ചായൻ എന്ന കുര്യൻ തോമസ് വിട വാങ്ങുമ്പോൾ യുകെ മലയാളികളുടെ തന്നെ ഹീറോ ആയി മാറുകയാണ്. പൂർണ ആരോഗ്യവാൻ ആയിരുന്ന സാം ഒരു പനിയും ചുമയും നൽകിയ കാരണം കൊണ്ട് മാത്രം ജീവൻ വെടിയേണ്ടി വന്നപ്പോൾ മറ്റു നാലു മനുഷ്യർക്ക് പുതു ജീവൻ കിട്ടാൻ സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
സാമിന്റെ പ്രിയതമ അന്നമ്മ എന്ന ആദ്യകാല കവൻട്രി മലയാളികൾ ഒരാളായ മലയാളി നഴ്സ് ഇത്തരം ഒരു ധീര തീരുമാനം എടുക്കുമ്പോൾ മരണം നൽകിയ വിഷാദം തളം കെട്ടുമ്പോഴും കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐടിയു വാർഡിൽ നിന്നും നാല് ജീവനുകൾ ദാനം ചെയ്യാൻ നിയുക്തനായ ഒരു മലയാളിയെ ഓർത്തു അഭിമാനം പങ്കിടുക ആയിരുന്നു ഡോക്ടർമാരും മെഡിക്കൽ സംഘവും. അവസാന നിമിഷങ്ങളിൽ പോലും പൊരുതാൻ തയ്യാറായ സാമിന്റെ തലച്ചോർ പ്രവർത്തനം അവസാനിപ്പിച്ച നിർണായക ഘട്ടത്തിലാണ് മെഡിക്കൽ ഡെത്ത് ശുപാർശ ചെയ്യാൻ ഡോക്ടർമാർ തയ്യറായത്.
അപ്പോഴും പൂർണ പ്രവർത്തന ക്ഷമമായ അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം ചെയ്യാൻ ഉള്ള സാധ്യത ഉയർന്നതോടെ രാജ്യമെങ്ങും അവ സ്വീകരിക്കാൻ സാധിക്കുന്നവരുടെ ലിസ്റ്റ് തിരയുന്ന നിമിഷങ്ങളാണ് പിന്നീട് ഉണ്ടായത്. ഇതിനിടയിൽ സാമിനെ അടുത്ത് പരിചയമുള്ള കവൻട്രിയിൽ തന്നെ താമസമുള്ള ഒരു മലയാളിക്ക് വേണ്ടിയും അവയവം ഉപയോഗിക്കാനാകുമോ എന്ന അന്വേഷണം ഉണ്ടായെങ്കിലും സൂക്ഷ്മ പരിശോധനയിൽ അതിനു സാധിക്കാതെ പോകുക ആയിരുന്നു. എങ്കിലും നാലു മനുഷ്യരിലൂടെ തന്റെ പ്രിയ ഭർത്താവ് വീണ്ടും ജീവിക്കുന്നു എന്ന ആശ്വാസമാണ് പിന്നീട് അന്നമ്മയെ ധീരതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തയാക്കിയത്.
ഒരാഴ്ച മുൻപ് വീട്ടിലും പള്ളിയിലും സജീവ സാന്നിധ്യമായ കാര്യങ്ങളാണ് അവയവ ദാനത്തിനു മുൻപ് സാമിന് അന്ത്യയാത്ര മൊഴി നേരുവാൻ എത്തിയ കവൻട്രി മലയാളികളായ ബിറ്റേജ് അഗസ്റ്റിൻ, ലാലു സ്കറിയ, കെ ആർ ഷൈജുമോൻ, പോൾസൺ മത്തായി, സഹപ്രവർത്തകനായ ജോബി ഐത്തിൽ എന്നിവരോടൊക്കെ അന്നമ്മ പങ്കുവച്ചത്. ക്രിസ്മസിന് മുൻപ് പനിയും ചുമയും കലശലായപ്പോൾ ആശുപത്രിയിൽ എത്തി എക്സ്റേ അടക്കമുള്ള പരിശോധനകൾ നടത്തി ഇൻഫെക്ഷൻ ഇല്ലെന്നു സ്ഥിരീകരിച്ചു വീട്ടിലേക്ക് മടങ്ങിയതാണ് സാമും അന്നമ്മയും. പിന്നീട് വീട്ടിൽ എത്തി സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കങ്ങളും നടത്തി.
പിറ്റേന്ന് രാത്രിയിലാണ് അദ്ദേഹത്തിന് തീർത്തും അവശത തോന്നുന്നതും ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുന്നതും. തുടർന്നുള്ള ചികിത്സയിൽ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേക്ക് അതിവേഗം എത്തുക ആയിരുന്നു. ഇതിനിടയിൽ തലച്ചോറിൽ അണുബാധ ഉണ്ടായതു ജീവൻ തിരികെ പിടിക്കാനുള്ള വൈദ്യ സംഘത്തിന്റെ പ്രവർത്തനത്തിനു തടസമായി എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതം ഉണ്ടായതും മരണത്തിലേക്ക് ഉള്ള യാത്ര വേഗത്തിലാക്കാൻ കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.
പള്ളിയിൽ ക്രിസ്മസ് നാളിൽ ഏറെ സജീവമായി പങ്കെടുത്ത സാമിനെയാണ് ബിർമിങ്ഹാം ഹെർമോൻ മാർത്തോമാ ചർച്ച് വികാരി ഷിജു എബ്രഹാം അനുസമരിച്ചത്. ഇത് തന്നെയാണ് ഇന്നലെ കവൻട്രി സേക്രട്ട് ഹാർട്ട് പള്ളി ഹാളിൽ നടന്ന പ്രാർത്ഥനയിലും അനുസമരണത്തിലും സാമിന്റെ പ്രിയ സുഹൃത്തുക്കളും ഇടവക ജനങ്ങളും പങ്കിട്ട ഓർമ്മകുറിപ്പുകളും. കൈവിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്ക് മുൻപ് തങ്ങൾക്കൊപ്പം ആഘോഷമായി ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുത്ത ഒരാളാണ് ഇപ്പോൾ ഓർമ്മപ്പുസ്തകത്തിലെ പേരുകാരനായി മാറിയത് എന്ന അവിശ്വസനീയതയാണ് ഏവർക്കും പങ്കിടാൻ ഉണ്ടായത്. പള്ളിക്കാര്യത്തിനു ഒരു മുടക്കവും നൽകാതെ ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്ത് എടുക്കുന്ന ഒരു സഹപ്രവർത്തകൻ ആയിരുന്നു സാം എന്ന് കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ആയ ജോബി ഐയ്ത്തിലും ഓർമ്മകളിലേക്ക് സഞ്ചരിക്കവേ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.
തിരുവല്ല നിരണം സ്വദേശിയായ സാമിന്റെ അമ്മയ്ക്കും പ്രിയ ജനങ്ങൾക്കും അന്ത്യോപചാരം അർപ്പിക്കാൻ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പത്നി അന്നമ്മയും കുടുംബ സുഹൃത്തുക്കളും. തന്റെ അന്ത്യനിദ്ര ജന്മ നാട്ടിൽ ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെയും ആഗ്രഹമായിരുന്നു. ഏറെക്കാലം തങ്ങൾക്കൊപ്പം ജീവിച്ചു ഒടുവിൽ ഒരു ഹീറോ ആയി മരണത്തിലേക്ക് നീങ്ങിയ സാമിന് ആദരവോടെ അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കവൻട്രി മലയാളികൾ. മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സ് ഏറ്റെടുത്ത ശേഷം ഇത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം ആകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.