- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ സൗന്ദര്യം വിരൽ തുമ്പിൽ ഒപ്പിയെടുത്ത രവിവർമ്മയുടെ ചിത്രകലയെ പ്രണയിക്കുന്ന പെണ്ണുങ്ങൾ യുകെയിലും; ലിവർപൂളിലെ വിസ്റ്റണിൽ അരങ്ങേറിയത് അപൂർവ്വ നിമിഷങ്ങൾ; അഴകായി നിറഞ്ഞത് 15 സുന്ദരിമാർ; രവിവർമ്മയുടെ മനസിലെ പെണ്ണുങ്ങൾ അതേ അഴകോടെ വേദിയിൽ
ലണ്ടൻ: ലണ്ടനിലെ റോയൽ ആൽബർട് മ്യുസിയത്തിൽ ഫാൻ കയ്യിലെത്തിയ വനിതാ എന്ന ശീർഷാകത്തിൽ വിശറി കയ്യിൽ പിടിച്ച സുന്ദരിയുടെ ചിത്രം നോക്കി വാ പൊളിച്ചു നിൽക്കുന്നവർ ഏറെയാണ്. 138 വർഷം മുൻപ് രാജ രവിവർമ ഓയിൽ പെയിന്റിങ്ങിൽ വരച്ച ഈ ചിത്രം ഇപ്പോൾ ലണ്ടൻ മ്യൂസിയത്തിൽ ഇല്ല, കാരണം ആരാധകർ ഏറെയുള്ള ഈ ചിത്രം നാട് ചുറ്റുകയാണ്. കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്തവർ പല നാടുകളിലേക്കും ആവശ്യപ്പെടുകയാണ് ഈ ചിത്രം. അതിനാൽ ലണ്ടൻ റോയൽ മ്യുസിയത്തിനു നല്ല വരുമാനവും നൽകുന്ന ചിത്രം കൂടിയാണ് വിശറിയേന്തിയ വനിത.
ഓയിൽ പെയിന്റിങ് യൂറോപ്യർക്ക് മാത്രം വഴങ്ങുന്ന ഒന്നാണ് എന്ന് കരുതപ്പെട്ടിരുന്ന നാളുകളിലാണ് രവിവർമ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചത് എന്നതാണ് ഇപ്പോൾ ആ ചിത്രങ്ങൾ കാണുമ്പോൾ ഏതൊരാൾക്കും ആശ്ചര്യമായി മാറുന്നത്. മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത് ഏതു ചിത്രത്തെയും ഏതു രൂപത്തിലേക്ക് മാറ്റാനും കഴിയുന്ന കാലത്തും കൈവിരൽ നിർമ്മിതിയിൽ ജീവൻ തുടിക്കുന്ന ചിത്രം വരച്ചത് എന്നതാകും ഇനിയുള്ള കാലം പുതുതലമുറക്കാർ ചിന്തിക്കുക എന്നതും രാജ രവിവർമ്മയെ പോലെ ഉള്ളവരെ കാലാതീതമായി ഓർത്തിരിക്കാൻ കൂടി കാരണമായി മാറും. മനുഷ്യന്റെ സ്വാഭാവികവും രചനാപരവുമായ കഴിവുകൾ കാലക്രമേണ കുറയാൻ കാരണമായാലും അക്കാലത്തും അത്ഭുത പ്രതിഭാസം പോലെ രവിവർമ്മയെ പോലുള്ളവർ ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തലാണ് ഇപ്പോൾ ലിവർപൂളിലെ സുന്ദരികളായ മലയാളി വനിതകൾ തെളിയിക്കുന്നതും.
ഇത്തവണ ലിവർപൂളിലെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യേണ്ടേ എന്ന ചിന്തയിലാണ് വിസ്റ്റാൻ ജനറൽ ആശുപത്രിയിലെ നഴ്സ് ആയ ഷാരോൺ ലിസ്‌ബത് ജിമ്മിയും കൂട്ടുകാരും ചേർന്ന് രവിവർമ്മ ചിത്രങ്ങളുടെ മോഡലുകളാകാൻ തീരുമാനിച്ചത്. വരയുടെ തമ്പുരാൻ കണ്ടെത്തിയ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ പുനരാവിഷ്‌ക്കരിക്കുമ്പോൾ അതിന് തനിമ ഒട്ടും ചോരരുത് എന്ന നിർബന്ധമായിരുന്നു ഷാരോണിന്. അതിനാൽ രവിവർമ്മയുടെ പെണ്ണുങ്ങൾ ഉപയോഗിച്ച അതേ നിറത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മൂന്നു മാസത്തെ സമയം കൊണ്ടാണ് കേരളത്തിൽ നിന്നും കണ്ടെത്തിയത്. രവിവർമ്മയുടെ ചില ചിത്രങ്ങൾ സ്ത്രീ നഗ്നത ഒപ്പിയെടുത്തവ ആയതിനാൽ അത്തരം ചിത്രങ്ങൾ ഒഴിവാക്കി തിരഞ്ഞെടുത്ത ചിത്രങ്ങളുടെ ദൃശ്യാ വിസ്മയമാണ് വിസ്റ്റാൻ മലയാളി സമൂഹത്തെ തേടി പുതുവത്സര ആഘോഷത്തിൽ എത്തിയത്.
ഏറ്റെടുക്കുന്ന കാര്യങ്ങളിൽ പെർഫെക്ഷൻ നിർബന്ധം ആയതിനാൽ ഇത് കൂടി മനസ്സിൽ കണ്ടാണ് ഷാരോൺ അടുത്തിടെ കേരളത്തിൽ എത്തിയത്. ഒടുവിൽ യുകെയിലേക്ക് മടങ്ങിയത് 30 കിലോഗ്രാം ആടയാഭരണങ്ങളും ആയിട്ടാണ്. ഇതിൽ അഞ്ചു കിലോ ലഗ്ഗേജ് യുകെയിൽ എത്തിക്കുവാൻ മറ്റൊരു സുഹൃത്തും സഹായിച്ചു. അങ്ങനെ ആരോഗ്യ കാരണങ്ങളാൽ നാട്ടിലെത്തി ഡോക്ടറെ കാണാൻ പോയതൊക്കെ മറന്നു, ആഘോഷത്തിൽ വിസ്റ്റാൻ മലയാളികൾക്ക് മുൻപിൽ തനതായ ഈ സംഗീത ശിൽപം അവതരിപ്പിക്കാൻ അവധിക്കാല യാത്ര വെട്ടിച്ചുരുക്കി ഷാരോൺ നേരത്തെ യുകെയിലേക്ക് എത്തുക ആയിരുന്നു. മുൻ വർഷങ്ങളിൽ ലിവർപൂളിലെ ലിമയിൽ സജീവമായി സംഗീത നൃത്ത ശിൽപം അവതരിപ്പിച്ച ധൈര്യമാണ് ഷാരോണിനും കൂട്ടുകാർക്കും തികച്ചും പുതുമയുള്ളതും യുകെയിൽ മറ്റെവിടെയും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതുമായ ഈ ദൗത്യം ഏറ്റെടുക്കാൻ ധൈര്യം നൽകിയത്.
അമ്മയുടെ മാറിൽ തലചേർത്തിരുന്നു എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാത്ത ഒന്നര വയസുകാരി മുതൽ നാൽപതിലേക്ക് കാലെടുത്തു വയ്ക്കുന്നവർ വരെയാണ് രവിവർമ്മയുടെ കഥാപാത്രങ്ങൾക്ക് ജീവന്റെ തുടിപ്പ് നൽകാൻ വേദിയിൽ എത്തിയത്. സ്‌ക്രീനിൽ തെളിഞ്ഞ ചിത്രത്തിന് ജീവൻ നൽകിയവർ തീർച്ചയായും രവിവർമ്മയുടെ സങ്കൽപ്പം തന്നെ ആയാണ് കാണികൾക്ക് മുൻപിൽ എത്തിയതെന്ന് ലിവർപൂളിലെ സാമൂഹ്യ പ്രവർത്തകൻ ബിനോയ് ജോർജിനെ പോലുള്ളവർ സാക്ഷ്യപ്പെടുത്തുമ്പോൾ അത് വേദിയിൽ എത്തിയ മുഴുവൻ കലാകാരികൾക്കും നാട്ടുകാർ നൽകുന്ന ഗുഡ് സർട്ടിഫിക്കറ്റുകളും ആദരവും തന്നെയാണ്. വെറുതെ സ്റ്റേജിൽ കയറി ഒരു നൃത്തം ചെയ്യുക എന്നത് അത്യവശ്യം നൃത്തം അറിയുന്ന ആർക്കും സാധിക്കും എന്നിരിക്കെ കാലങ്ങളോളം ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു കലാരൂപം എന്നതായിരുന്നു ഈ സംഗീത ദൃശ്യ ശിൽപം പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ എത്തിയ ആദ്യ വികാരം എന്നും ഷാരോൺ ലിസ്‌ബത് പറയുന്നു.
ജിലു ജിജോയും എമിലി ജിജോയും പാപ്പാ എന്ന ചിത്രത്തിന്റെ ജീവൽ തുടിപ്പുകളായി മാറിയപ്പോൾ മറീന ജോസഫ് നിലവിൽ കുളിച്ച സ്ത്രീ എന്ന ചിത്രത്തിനാണ് വേഷമിട്ടത്. വീണ ഗീത പ്രതീക്ഷയോടെ നോക്കുന്ന ചിത്രത്തിന് ജീവൻ നൽകിയപ്പോൾ ക്രിസ്റ്റിന സണ്ണി ശകുന്തളയായും ക്രിസ്റ്റി മരിയ ബേബി സ്റ്റോളാൻ ഇന്റർവ്യൂ എന്ന ചിത്രത്തെയും വേഷം കൊണ്ട് അവിസ്മരണീയമാക്കി. റോയൽ ആൽബർട്ട് ഹാളിലെ വിശറി എത്തിയ വനിതാ എന്ന ചിത്രത്തെ അനുസരിപ്പിച്ചു വേഷപ്പകർച്ച നടത്തിയത് ചിഞ്ചു ജസ്റ്റിൻ ആയിരുന്നു. ടീന സണ്ണി ദിവാസ്വപ്നക്കാരിയായി വേഷമിട്ടപ്പോൾ മഞ്ജു ജോർജിനെ തേടി വന്നത് മലയാളി മങ്കയുടെ വേഷമാണ്. പഴം കയ്യിലേന്തിയ വനിതയായി കൊറിയോഗ്രാഫർ കൂടിയായ ഷാരോൺ ലിസ്‌ബത് മാറിയപ്പോൾ ലൈബി വർഗീസ് പാൽക്കാരിയായി മാറി.
മഹാരാഷ്ട്രിയൻ സൗന്ദര്യത്തിൽ മതിമറന്നു രവിവർമ്മ വരച്ച ചിത്രത്തിന് വേഷമിട്ടത് ജോമിനി ജോയ് ആണ്. ഏറെക്കാലം അദ്ദേഹം മുംബൈയിൽ കഴിഞ്ഞതും ഈ ചിത്രരചനയുടെ രഹസ്യത്തിലുണ്ട്. മഹാറാണി ലക്ഷ്മി ഭായ് ആയി ദിവ്യ ജോബിയും മഹാറാണി ചിമൻബായ് ആയി സിമി ജോസഫും അരങ്ങിലും തിളങ്ങി. ചാമരാജേന്ദ്ര വൈദ്യർ ആയി അഭി നായരും അർജുനൻ - സുഭദ്ര പങ്കാളികൾ ആയി കേഡറും റീന കേഡറും അവിസ്മരണീയ കാഴ്ചയായി സ്വയം മാറുക ആയിരുന്നു.
വേദിയിൽ എത്തിയ ഓരോ കഥാപാത്രവും പൂർണതയ്ക്കായി തമ്മിൽ തമ്മിൽ നടത്തിയ മത്സരമാണ് ഈ ദൃശ്യാ വിസ്മയത്തെ ചേതോഹരമാക്കിയത്. രവിവർമ്മയുടെ ചിത്ര സങ്കൽപത്തോടു നൂറു ശതമാനം നീതി പുലർത്തിയാണ് സ്റ്റേജിൽ എത്താനുള്ള ഓരോ കഥാപാത്രത്തെയും തിരഞ്ഞെടുത്തത്. ശരീര ഭാഷ മാത്രമല്ല നോട്ടത്തിൽ പോലും ചിത്രവും കഥാപാത്രവും തമ്മിൽ അത്രയ്ക്ക് പൂർണതയായിരുന്നു. കൂടുതൽ പ്രൗഢ ഗംഭീര സദസിൽ അവതരിപ്പിക്കേണ്ട കലാരൂപം എന്നാണ് ഈ ദൃശ്യാ വിരുന്നിനു സാക്ഷികൾ ആയവർ പിന്നീട് പറഞ്ഞതാണ് ഏറ്റവും സന്തോഷം നൽകുന്നതെന്ന് വേദിയിൽ എത്തിയവർ ഒറ്റക്കെട്ടായി പറയുന്നു.
വിസ്റ്റാൻ ജനറൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്നവരാണ് വേദിയിൽ എത്തിയവരിൽ എല്ലാവരും തന്നെ. ആകെ ഒരാളാണ് ഡോക്ടർ ആയി ജോലി ചെയ്യുന്നത്. പുരുഷ വേഷത്തിൽ എത്തിയ രണ്ടു പേരും വേദിയിൽ എത്തിയവരുടെ ജീവിത പങ്കാളികൾ കൂടിയാണ്. മൂന്ന് മാസത്തെ വിശ്രമം ഇല്ലാത്ത ജോലിക്ക് പ്രതിഫലം ലഭിച്ച സന്തോഷമാണ് വേദിയിൽ എത്തിയ നഴ്‌സുമാർക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.
വിസ്റ്റണിൽ രൂപം കൊണ്ട പുതിയ മലയാളി കൂട്ടായ്മയ്ക്ക് ഈ ഒരൊറ്റ കലാവിരുന്നിലൂടെ യുകെയിലെ മറ്റേതൊരു വേദിയെക്കാൾ അഭിമാനം തോന്നുന്ന നിമിഷങ്ങൾ സമ്മാനിക്കായതിൽ സന്തോഷമുണ്ടെന്നും രവിവർമ്മയുടെ കഥാപാത്രങ്ങൾ ആയവർ പറയുന്നു. ഷോ വേദിയിൽ എത്തിക്കാൻ ഏകദേശം ആയിരം പൗണ്ട് ചെലവാക്കിയെങ്കിലും അത് കയ്യിൽ നിന്നും മുടക്കിയതിൽ ഇപ്പോൾ ഒരു പ്രയാസവും തോന്നുന്നില്ല എന്ന് വേദിയിൽ എത്തിയവർ പറയുമ്പോൾ കലയ്ക്ക് വേണ്ടിവരുന്ന ത്യാഗം കൂടിയാണ് ആ വാക്കുകളിൽ നിറയുന്നതും.
മറുനാടന് മലയാളി ബ്യൂറോ