- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അടിച്ചു പൂസായ മലയാളി വനിത കെയർ ജീവനക്കാരിക്ക് ജോലി നഷ്ടമായി
ലണ്ടൻ: മലയാളി യുവതികൾ സ്ഥിരമായി മദ്യപിക്കുമോ? ഒരു പത്തു വർഷം മുൻപേ എങ്കിലും ആയിരുന്നു ഈ ചോദ്യം എങ്കിൽ അയ്യേ എന്ന് മൂക്കത്തു വിരൽ വയ്ക്കാൻ ആരും തയ്യാറായേനെ. എന്നാൽ മാറുന്ന കേരളത്തിൽ നിന്നും ഇപ്പോൾ എത്തുന്ന വാർത്തകൾ അങ്ങനെ മൂക്കത്തു വിരൽ വയ്ക്കാൻ തോന്നുന്നവയല്ല. പ്രൊഫഷണൽ കോളേജിലും വിദൂര പഠനത്തിലും ഒക്കെയായി വീട്ടിൽ നിന്നും വിദൂര ദിക്കിലേക്ക് താമസം മാറുന്ന മലയാളി യുവതീ യുവാക്കൾക്ക് വെറും ഒരു രസത്തിനു വേണ്ടിയുള്ള വൈനോ ബിയറോ മാത്രമല്ല സ്ഥിരമായുള്ള മദ്യപാനവും ഒഴിവാക്കാനാകാത്ത ശീലം ആയി മാറുകയാണെന്ന റിപ്പോർട്ടുകളാണ് അടുത്തകാലത്തായി എത്തുന്നത്.
മദ്യപാനം പരിധി വിട്ട് പൂസായി വിജനമായ സ്ഥലങ്ങളിൽ യുവതികൾ കാലുറയ്ക്കാതെ കുഴഞ്ഞു വീഴുന്ന നിലയിൽ ഉള്ള വിഡിയോ ദൃശ്യങ്ങളും ഇടവിട്ട് സോഷ്യൽ മീഡിയയിൽ തീക്കാറ്റ് സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇത്തരം ശീലത്തിൽ പെട്ടവർ ബ്രിട്ടനിൽ വന്നാൽ എന്തായിരിക്കും സ്ഥിതി. കൂടുതൽ ലഭ്യതയും കൂടുതൽ വിലക്കുറവും സദാചാര പൊലീസിങ്ങും ഇല്ലാത്ത ബ്രിട്ടനിൽ സർവ സ്വാതന്ത്രം ലഭിച്ചാൽ ഏതറ്റം വരെയും പോകാൻ തയ്യാറായാണ് ചെറുപ്പക്കാർ ഇപ്പോൾ എത്തുന്നത് എന്ന കാര്യം ഒറ്റപ്പെട്ട സംഭവമേയല്ല എന്നാണ് അടിക്കടി എത്തുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മലയാളി യുവതി ഇപ്സ്വിച്ചിൽ ആത്മഹത്യാ ശ്രമത്തിൽ, സഹായത്തിന് എത്തിയവർ വിഡ്ഢികളായി
രണ്ടു മാസം മുൻപാണ് സംഭവം. ക്രോയ്ഡോണിലെ മലയാളി സാമൂഹ്യ പ്രവർത്തകയും കൗൺസിൽ ജീവനക്കാരിയുമായ വനിത ബ്രിട്ടീഷ് മലയാളിയിൽ വിളിക്കുന്നത് ആത്മഹത്യാ ശ്രമം നടത്തിയ മലയാളി യുവതിയെ സഹായിക്കണം എന്നഭ്യർത്ഥിക്കാൻ വേണ്ടിയാണ്. സ്വാഭാവികമായും എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും ഉറപ്പ് നൽകി. സൗജന്യ നിയമ സഹായം വേണ്ടി വരും എന്ന് പറഞ്ഞതോടെ ലോക് കേരള സഭ അംഗവും ഇത്തരം ഘട്ടങ്ങളിൽ സ്വമനസാലെ സഹായിക്കാൻ എത്തുന്ന അഡ്വ. ദിലീപ് കുമാറിനും അടിയന്തിര സന്ദേശം നൽകി. ജോലി സ്ഥലത്തു നിന്നും അകാരണമായി പിരിച്ചു വിട്ടു എന്ന കാരണത്താൽ ആണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത് എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ച സന്ദേശം.
ഏതാനും ദിവസത്തെ കത്തിടപാടിന് ശേഷം കെയർ ഹോം മാനേജ്മെന്റ് യുവതിയുടെ കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറായി. ക്രോയ്ഡോണിലെ മലയാളി വനിത മണിക്കൂറുകൾ യാത്ര ചെയ്തു കെയർ ഹോമിൽ എത്തി മാനേജരുമായി സംസാരിച്ചു. യുവതിയുടെയും കുടുംബത്തിന്റെയും നിസഹായത വ്യക്തമാക്കി. ജോലിക്ക് തിരിച്ചെടുക്കുന്ന കാര്യം മാനേജ്മെന്റുമായി സംസാരിക്കാം എന്നുമാണ് ഒടുവിൽ മാനേജർ നൽകിയ ഉറപ്പ്. ഈ ഘട്ടത്തിൽ ഒക്കെ യുവതി ബ്രിട്ടീഷ് മലയാളിയോടും അഭിഭാഷകനോടും സഹായിക്കാൻ തയ്യാറായ മലയാളി വനിതയോടും താൻ നിരപരാധി എന്ന് മാത്രമാണ് പറഞ്ഞു കൊണ്ടിരുന്നത്.
എന്നാൽ തൊട്ടു പിന്നാലെ കെയർ ഹോമിന്റെ അഭിഭാഷക സ്ഥാപനം കത്തയച്ചപ്പോളാണ് യുവതിയുടെ വാക്ക് വിശ്വസിച്ചവർ വിഡ്ഢികളായി എന്ന് ബോധ്യപ്പെട്ടത്. ജോലിക്കു പതിവായി മദ്യപിച്ച നിലയിൽ എത്തിയ യുവതിക്ക് നിരന്തരം നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കുകയും കൂടെ ജോലി ചെയ്തിരുന്ന മലയാളികൾ തന്നെ റിപ്പോർട്ടിങ്ങിനു തയ്യാറാവുകയും ചെയ്ത ഘട്ടത്തിലാണ് യുവതിയെ പിരിച്ചു വിടാൻ മാനേജമെന്റ് തീരുമാനിച്ചത്. മാഞ്ചസ്റ്ററിൽ ഉള്ള ഒരു ഏജന്റ് വഴിയാണ് യുവതി പത്തു ലക്ഷം രൂപയിലേറെ നൽകി യുകെയിൽ എത്തിയത്. വാസ്തവം പറയാതെ എന്തിനാണ് സഹായിക്കാൻ എത്തിയവരെ വിഡ്ഢികളാക്കിയത് എന്ന് ചോദിച്ചപ്പോഴും തലവേദന എടുത്തപ്പോൾ സഹപ്രവർത്തകർ നൽകിയ വൈൻ കുടിച്ചതേ ഉള്ളൂ എന്നുമാണ് യുവതി പിന്നെയും ആവർത്തിച്ചത്. എന്നാൽ യുകെയിൽ ഏതു കെയർ ഹോമിലാണ് ജീവനക്കാർക്ക് വേണ്ടി വൈൻ സൂക്ഷിക്കുന്നത് എന്ന ചോദ്യം ഉയർന്നതോടെ പൊട്ടിക്കരച്ചിലോടെയാണ് യുവതി വാസ്തവം പറയാൻ തയ്യാറായത്.
തന്നെ സ്ഥിരം മദ്യപാനി ആക്കിയതിന്റെ കുറ്റാരോപണം ഭർത്താവിന് മേലാണ് യുവതി കെട്ടിവയ്ക്കുന്നത്. ആദ്യം രസത്തിനും തമാശയ്ക്കും തുടങ്ങിയ മദ്യപാനം ഇപ്പോൾ ഒഴിവാക്കാനാകാത്ത നിലയിൽ ആണെന്നും വീര്യം കൂടിയ ലഹരി തന്നെ ആവശ്യമാണെന്നും യുവതി തുറന്നു സമ്മതിക്കുകയാണ്. ആരോഗ്യ രംഗത്തെ ഒരടിസ്ഥാന യോഗ്യതയും ഇല്ലാത്ത യുവതി കുട്ടിക്ക് ഗുരുതര ചികിത്സ ആവശ്യം ആയതിനാലാണ് യുകെയിലേക്ക് വന്നതും എന്ന് വെളിപ്പെടുത്തുന്നു. എന്നാൽ ഇത് മറ്റൊരു വലിയ കള്ളം ആണോ എന്ന് പോലും ഉറപ്പില്ല. ഈ യുവതിയുടെ കാര്യത്തിൽ സഹായിക്കാൻ എത്തിയവർ എല്ലാം പിന്നീട് കൈവിടുക ആയിരുന്നു.
സമാനമായ തരത്തിൽ കാർഡിഫിൽ ഉള്ള കെയർ ഹോമിലും മലയാളി യുവതികൾ നടപടി നേരിടുകയാണ്. ഇവർ സൗജന്യമായി ജോലി ലഭിച്ച് എത്തിയ യുവതികളാണ്. ഇവരും വിവാഹിതർ ആണെങ്കിലും ഭർത്താവും കുട്ടികളും ഒക്കെ നാട്ടിൽ ആയതിനാൽ ഒന്നിച്ചു താമസിക്കുന്ന സമയത്തെ മൂഡിൽ മദ്യപാനം സ്ഥിരം ആഘോഷമാകുകയും രാത്രി വൈകി വരെ മദ്യസേവ തുടർന്ന് പിറ്റേന്നു ലഹരി വിടാതെ ജോലിക്ക് എത്തുകയും ചെയ്തതോടെയാണ് പരാതികൾ ഉയർന്നത്. ഇതോടെ നിയമ നടപടിയിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇത് ഒറ്റപ്പെട്ട സംഭവം ആയിരിക്കും എന്ന് കരുതി റിപ്പോർട്ട് ചെയ്യാതെ മലയാളി സമൂഹത്തിൽ അസ്വസ്ഥത പടർത്തണ്ട എന്ന ധാരണയിൽ നിശബ്ദത പാലിക്കുക ആയിരുന്നു വിവരം അറിഞ്ഞവരൊക്കെ.
മദ്യപിച്ച് എത്തിയ മാനേജർക്ക് പണി പോയെന്ന് സ്കൈ ന്യൂസ്, ദേശീയ മാധ്യമത്തിൽ എത്തിയ റിപ്പോർട്ട് മലയാളികൾക്കുള്ള മുന്നറിയിപ്പ്
എഡിൻബറോയിൽ മദ്യപിച്ചു ജോലിക്കെത്തിയ ഡെപ്യൂട്ടി മാനേജർക്ക് എതിരെ സ്കോട്ടിഷ് സോഷ്യൽ സർവീസ് കൗൺസിൽ നടപടി എടുത്ത കാര്യമാണ് ഇന്നലെ പ്രാധാന്യത്തോടെ സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 ജൂണിലും 2022 ഡിസംബറിലും മദ്യപിച്ചു ജോലിക്കെത്തിയ കാരണത്താലാണ് ഇവർക്ക് എതിരെ വടിയെടുക്കാൻ അധികൃതർ തയ്യാറായത്. കുടിക്കാനുള്ള വെള്ളത്തിൽ മദ്യം ചേർത്തുകൊണ്ടുവന്നാണ് ഇവർ മദ്യസേവ നടത്തിയിരുന്നത് എന്ന് തെളിഞ്ഞതോടെയാണ് നടപടി.
ഇവർക്ക് രണ്ടു വർഷത്തേക്ക് കെയർ ജോലി ചെയ്യാൻ ഉള്ള വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യസേവ അധികമായതോടെ ജോലി സ്ഥലത്തു കിടന്നു ഉറങ്ങിയെന്നതും ഇവർക്ക് എതിരെയുള്ള കുറ്റാരോപണത്തിൽ പ്രധാനമായി. കെയർ ഹോമിലെ താമസക്കാർ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ അശ്രദ്ധ കാട്ടിയതും ഇവരെ തുടർന്ന് ജോലി ചെയ്യാൻ അനുവദിക്കാത്ത തീരുമാനത്തിന് കാരണമായി എന്നാണ് കരുതപ്പെടുന്നത്. ജോലി സ്ഥലത്തു മികച്ച പ്രകടനമാണ് ഇവർ നടത്തിയിരുന്നതെങ്കിലും അതൊന്നും ചെയ്ത തെറ്റിന് ന്യായീകരണം ആകുന്നില്ല എന്നും സ്കോട്ടിഷ് കെയർ കൗൺസിൽ വിലയിരുത്തി.
ഇത്തരം പെരുമാറ്റ ദൂഷ്യത്തിനു യാതൊരു ദയവും അർഹിക്കാത്ത സീറോ ടോളറൻസ് എന്നറിയപ്പെടുന്ന തരത്തിൽ ഉള്ള നടപടികൾ ആണ് ഉണ്ടാവുകയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ബ്രിട്ടനിലെ നിയമത്തെ കുറിച്ച് വേണ്ടത്ര ധാരണ ഇല്ലാതെ എത്തുന്ന മലയാളി ചെറുപ്പക്കാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ആഘോഷവേളകളും സ്വതന്ത്രവും ദുരുപയോഗം ചെയ്താൽ സ്വപനം കണ്ടെത്തിയ ബ്രിട്ടനിലെ ജീവിതം സോപ്പ് കുമിള പോലെ പൊട്ടിത്തകരും എന്ന സൂചനയാണ് ഇപ്സ്വിച്ചിലേയും കാർഡിഫിലേയും എഡിൻബറയിലേയും കെയർ ഹോമുകൾ നടത്തിയ ഇടപെടലുകൾ തെളിയിക്കുന്നത്.
രാവേറെ ആഘോഷം നടത്തി മദ്യ ലഹരിയുടെ ഹാങ്ങ് ഓവർ മാറാതെ ജോലിക്ക് എത്തി കെട്ടിറങ്ങാൻ സീറോ ആൽക്കഹോൾ പാനീയം കഴിച്ചതിനു മലയാളി കെയർ ഹോം ജീവനക്കാരൻ സമാധാനം പറയേണ്ടി വന്ന സംഭവം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നും ബ്രിട്ടീഷ് മലയാളി കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നതാണ്.
കിളി പോയാലും പേടിക്കണ്ട, പകരക്കാരനും എത്തിയെന്നു കേരളത്തിൽ നിന്നും റിപ്പോർട്ട്
തലേന്ന് അടിച്ചു ഫിറ്റായി പോയാൽ പിറ്റേന്ന് എങ്ങനെ ജോലിക്ക് പോകാൻ ആണെന്ന വിഷമം ഇനി വേണ്ടെന്നാണ് ഇപ്പോൾ കേരളത്തിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുത്തൻ വാർത്ത. ഇതിനായി മാളുകളിൽ അടക്കം ഗ്രോസറി കടകളിൽ റീബൗണ്ട് എന്നൊരു പാനീയം എത്തിയിട്ടുണ്ട്. ഓൺലൈനിൽ യുകെയിലും ഇത് ലഭ്യമാണെന്നു റിപ്പോർട്ടുകൾ പറയുന്നു. റീബൗണ്ട് ലൈം കഴിച്ചാൽ എത്ര പിമ്പിരി ആയ അവസ്ഥയിൽ നിന്നും ഉടനടി മോചനം എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വർത്തമാനം. ഈ പാനീയം ശരീരത്തിന് ദോഷം അല്ലെന്നും പറയപ്പെടുന്നു. പല രുചികളിലും റീബൗണ്ട് ലഭ്യമാണ്. അസെറ്റാൽഡിഹൈഡും ഫോർമാൽഡിഹൈഡും ചേർന്ന മിശ്രിതം ആണ് റീബൗണ്ട് എന്നും ഇത് മനുഷ്യ ശരീരത്തിലൂടെ മദ്യ ലഹരിയുടെ വിമുക്തിക്ക് ഏറ്റവും ഫലപ്രദം ആയ മാർഗം ആണെന്നും റിപ്പോർട്ടുകൾ പറയുമ്പോൾ ഇനി അടിച്ചു ഹിറ്റായാലും ആരും അറിയാതെ ജോലിക്ക് എത്താൻ കഴിയും എന്ന വിവരമാണ് മദ്യപർക്ക് സന്തോഷം പകരുന്നത്.