- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുകെയിലെ ചിചെസ്റ്ററിൽ മലയാളി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
ലണ്ടൻ: ഏറെക്കാലമായി യുകെയിൽ കഴിയുന്ന മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. കോട്ടയം അതിരമ്പുഴ കല്ലുങ്കൽ സജിയെയാണ് വീട്ടിൽ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പത്നി നാട്ടിൽ അവധിക്ക് പോയ ശേഷം മടങ്ങി വന്ന ദിവസമാണ് സജി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. കൊടും തണുപ്പിൽ ഹൃദ്രോഗ സാധ്യത വർധിക്കും എന്ന ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിലാകെ മരവിച്ച നിലയിലാണ് രാത്രികാല താപനില രേഖപ്പെടുത്തപ്പെട്ടത്. ഈ സാഹചര്യം ജീവിത ജന്യ രോഗമുള്ളവർക്ക് കടുത്ത ദേഹാസ്വാസ്ഥ്യ സാധ്യത ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചിചെസ്റ്റർ സെന്റ് റിച്ചാർഡ് ഹോസ്പിറ്റലിൽ ജീവനക്കാരനായി ജോലി ചെയ്യുക ആയിരുന്നു സജി.
ഒരു പതിറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ സജി ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണു യുകെയിൽ എത്തിയതെന്നും പരിചയക്കാർ പറയുന്നു. ഏതാനും വർഷം മുൻപാണ് ഇദ്ദേഹം ബ്രൈറ്റണിൽ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി എത്തുന്നത്. അതിനാൽ ചിചെസ്റ്റർ മലയാളി സമൂഹത്തിൽ അടുത്ത് പരിചയം ഉള്ളവർ കുറവായതും മരണ വിവരം പുറത്തറിയാൻ വൈകിയതിന് കാരണമായി എന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ സഹോദര പുത്രി വിദ്യാർത്ഥി വിസയിൽ യുകെയിൽ തന്നെയാണ് താമസം. ഇപ്പോൾ ഭാര്യയും സഹോദര പുത്രിയും ചേർന്ന് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
മൃതദേഹം ഇപ്പോൾ ചിചെസ്റ്റർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുക്കുക. കൂടുതൽ വിവരങ്ങൾ കുടുംബം അറിയിക്കുന്നത് അനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. സജിയുടെ മരണത്തിൽ വ്യസനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ ബ്രിട്ടീഷ് മലയാളിയും ഹൃദയ വേദന പങ്കിടുന്നു.