ദുബായ്: ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്നും കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ഷാർജയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസന്റ് (59) ആണ് മരിച്ചത്. ദുബായ് റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു.

ഈ മാസം രണ്ടാം തീയതി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് ബന്ധുക്കൾ ദുബൈയിലെ റഫ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് റാസൽ ഖോർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഷാർജയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നാണ് സൂചന. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായതായും സൂചനയുണ്ട്. ഭാര്യ: ബ്രിജില അനിൽകുമാർ. പിതാവ്: വിൻസന്റ്. മാതാവ്: റീത്ത. മകൻ: ബിബിൻ അനിൽ.