ലണ്ടൻ: രാത്രിയിലെ ഔട്ടിങ് കഴിഞ്ഞ് തിരികെ പോവുകയായിരുന്ന സുഹൃത്തിനെ അക്രമിയുടെ കത്തിക്കുത്തിൽ നിന്നും രക്ഷിക്കാനായി സ്വന്തം ജീവിതം ഇല്ലാതെയാക്കിയ ഇന്ത്യൻ വംശജയായ യുകെയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി വീണ്ടും ചർച്ചകളിൽ എത്തുന്നു. സുഹൃത്തായ ബാർനബിൂ വെബ്ബറിനൊപ്പം പോവുകയായിരുന്നു ഗ്രേസ് ഓ മല്ലി കുമാർ എന്ന 19 കാരി. വെബ്ബറിനെ ആക്രമിക്കാൻ എത്തിയ വാൾഡോ കലോകെയ്ൻ എന്ന ആക്രമിയിൽ നിന്നും അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റാണ് 19 കാരി മരണമടഞ്ഞതെന്ന് ഇന്നലെ കോടതിയിൽ ബോധിപ്പിച്ചു.

കേസിന്റെ വിചാരണക്കിടയിൽ, ആപത്തിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ തന്റെ മകൾ വീരോചിതമായി പെരുമാറി എന്ന് ഡോക്ടർ സഞ്ചോയ് കുമാർ കോതിയിൽ പറഞ്ഞു. അക്രമിയുടെ കൈകളിൽ ആയുധമുണ്ടായിരുന്നു എന്നത് മാത്രമാണ് അയാൾക്ക് അവളെ പരാജയപ്പെടുത്താൻ ഇടയാക്കിയതെന്നും സഞ്ചയ്കുമാർ പറഞ്ഞു. നോട്ടിങ്ഹാം വിദ്യാർത്ഥികളായ വെബ്ബറും ഗ്രേസും തങ്ങളുടെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ജൂൺ 13 ന് പ്രാദേശിക സമയം വെളുപ്പിന് 4 മണിക്കായിരുന്നു ഇകെസ്റ്റൺ റോഡിൽ വെച്ച് അക്രമം ഉണ്ടായത്.

നിരവധി കുത്തുകളേറ്റ വെബ്ബർ നിലത്ത് വീഴുകയായിരുന്നു എന്ന് പ്രോസിക്യുട്ടർ കരിം ഖലീൽ കോടതിയിൽ പറഞ്ഞു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗ്രേസിനും കുത്തേറ്റു. ഗ്രേസിനേറ്റത് ഗുരുതരമായ പരിക്കുകളായിരുന്നു എന്നും പ്രോസിക്യുട്ടർ പറഞ്ഞു. ഇരട്ട കൊലപാതകത്തിന് ശേഷം രാവിലെ അഞ്ചു മണിയോടെ 32 കാരനായ കലോകെയ്ൻ മാപ്പെർലി റോഡിലുള്ള ഒരു റെസിഡൻഷ്യൽ ഹോസ്റ്റല്ലിലേക്ക് പോവുകയായിരുന്നു എന്നും കോടതിയെ അറിയിച്ചു.

ഗ്രൗണ്ട് ഫ്ളോറിലുള്ള ജനലിലൂടെ അതിനകത്ത് കയറാൻ ശ്രമിച്ചെങ്കിലും അവിടത്തെ താമസക്കാരിൽ ഒരാൾ ഇയാളെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീടാന് തന്റെ വാനിൽ വരികയായിരുന്നു ഇയാൻ കോട്ട്സ് എന്ന സ്‌കൂൾ കെയർ ടേക്കറെ ഇയാൾ കുത്തി കൊലപ്പെടുത്തുന്നതും അയാളുടെ വാനുമായി കടന്നു കളയുന്നതും. 65 കാരനായ കോട്ട്സ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു.

അതേസമയം, കൊലപാതകിയായ കലോകെയ്ൻ കടുത്ത മാനസിക രോഗിയാണ് എന്നുള്ളതും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. മോഷ്ടിച്ച വാനുമായി പോകുന്നതിനിടയിൽ മൂന്ന് കാൽനടയാത്രക്കാരെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതായും അയാൾ കോടതിയിൽ സമ്മതിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂറ്റുകയായിരുന്നു. പാരനോയ്ഡ് ഷിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികാവസ്ഥ ഉണ്ടെങ്കിലും, മൂന്ന് പേരെ കുത്തിക്കൊന്ന പ്രവൃത്തി പ്രതി അറിഞ്ഞുകൊണ്ടു തന്നെ ചെയ്തതാണെന്ന് സൈക്യാട്രിസ്റ്റുമാർ പറഞ്ഞതായി പ്രോസിക്യുട്ടർ കോടതിയിൽ ബോധിപ്പിച്ചു.

അതേസമയം, കേസിന്റെ ഭൗതിക വശങ്ങളെ പ്രതിഭാഗം എതിർക്കുന്നില്ല എന്ന് കലോകെയ്ന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. എന്നാ, അതി തീവ്രമായ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണ് തന്റെ കക്ഷി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണ രണ്ടു ദിവസം കൂടി നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.