കോഴിക്കോട്: ബഹ്‌റൈനിലെ മനാമയിൽ മലയാളി കൊല്ലപ്പെട്ടതു കടയിൽ സാധനം വാങ്ങാൻ എത്തിയ ആളുടെ മർദനമേറ്റ്. കടയിൽനിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീർ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ബഹ്റൈൻ സ്വദേശിയായ യുവാവിനെ അറസ്റ്റിലായി.

ഇരുപത്തിയഞ്ച് വർഷമായി റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു ബഷീർ. യുവാവു പണം നൽകാതെ പോകാൻ ശ്രമിച്ചതു ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. വാക്കേറ്റത്തിനിടെ ബഷീറിന് മർദനമേറ്റു. ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബഷീറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കൾ: ഫബിയാസ്, നിഹാൽ, നെഹല.