- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വിദേശത്തെ ഇന്ത്യൻ കുട്ടികൾ പ്രതിസന്ധിയിൽ!
ലണ്ടൻ: പ്രവാസി മലയാളി കുടുംബങ്ങളിൽ ആശങ്കകളുടെയും അസ്വസ്ഥതകളുടെയും കനൽ കോരിയിട്ടാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം എത്തിയിക്കുന്നത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മന്ത്രി തല തീരുമാനം ആണോ എന്ന വ്യക്തത വന്നിട്ടില്ലെങ്കിലും വിദേശ പൗരത്വം എടുത്തതിനെ തുടർന്ന് ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാൻ ശ്രമിക്കുന്നവർക്ക് അപേക്ഷകളുടെ വിശദംശങ്ങളിലേക്ക് കടക്കും മുൻപേ കൂടെ താമസിക്കുന്ന മൈനറായ കുട്ടി ഇന്ത്യൻ പാസ്പോർട്ട് ഉടമ ആണെങ്കിൽ കുട്ടിയുടെ പാസ്പോർട്ടും അമ്മയുടേയോ അച്ഛന്റെയോ പാസ്പോർട്ടിനൊപ്പം ഇല്ലാതാകും എന്ന ഓട്ടോമേറ്റഡ് സന്ദേശമാണ് ലഭിക്കുന്നത്.
ഇതേതുടർന്ന് സറണ്ടർ ചെയ്യേണ്ട പാസ്പോർട്ടും വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയാണ് ഉടൻ യാത്രകൾ പ്ലാൻ ചെയ്തിട്ടുള്ള അനേകം ആളുകൾ. മാതാപിതാക്കളിൽ ഒരാൾ മാത്രം വിദേശ പാസ്പോർട്ട് കൈക്കലാക്കുന്നു പതിവ് അനേകം ഇന്ത്യൻ വംശജരായ പ്രവാസി കുടുംബങ്ങൾ പിന്തുടരുന്ന രീതിയാണ്. ഇവരുടെ കുട്ടികൾ മൈനർ ആണെങ്കിൽ സ്വാഭാവികമായി ഇന്ത്യൻ പാസ്പോർട്ട് നഷ്ടമാകും എന്നാണ് പുതിയ സർക്കാർ ഉത്തരവ് പറയുന്നത്.
പലപ്പോഴും എന്നത് പോലെ ഇത്തവണയും കാര്യമായ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് എത്തിയതോടെ അടുത്തിടെ മാതാപിതാക്കളിൽ ഒരാൾ പൗരത്വം മാറുകയും കുട്ടികൾ ഇന്ത്യൻ പാസ്പോർട്ടിൽ തുടരുകയും ചെയുന്ന കുടുംബങ്ങളുടെ അവധിക്കാല യാത്രകളാണ് ഇപ്പോൾ ആശങ്കയിൽ ആയിരിക്കുന്നത്. കുട്ടികളുടെ പാസ്പോർട്ട് സ്വാഭാവികമായും റദ്ദാകും എന്ന് പറയുന്നതിനാൽ വിസ എടുത്തു പോലും യാത്ര ചെയ്യാനാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിന്റെ നിജസ്ഥിതി അറിയാനായി എംബസിയിൽ വിളിച്ചാലും ആർക്കും കൃത്യതയോടെ മറുപടി പറയാനുമാകുന്നില്ല. എയർപോർട്ടിൽ ചെക് ഇൻ കൗണ്ടറിൽ എത്തുമ്പോൾ മാതാപിതാക്കളിൽ ഒരാളുടെ വിദേശ പാസ്പോർട്ടും കുട്ടികളുടെ പാസ്പോർട്ട് ഇന്ത്യനും ആണെങ്കിൽ യാത്ര മുടങ്ങുമോ എന്നതാണ് കുടുംബങ്ങളെ അലട്ടുന്ന ആധി.
കുട്ടികളുമായി ഇന്ത്യൻ പാസ്പോർട്ട് ഉള്ള മാതാപിതാക്കളിൽ ഒരാൾ വെവ്വേറെ ചെക് ഇൻ ചെയ്യാൻ ശ്രമം നടത്തിയാൽ ഓട്ടോമാറ്റിക് ആയി മാതാപിതാക്കളിൽ ഒരാൾ പാസ്പോർട്ട് സറണ്ടർ ചെയ്ത വിവരം സിസ്റ്റത്തിൽ അപ്ഡേറ്റഡ് ആകുമോ എന്ന ഭയവും യാത്രക്ക് ഒരുങ്ങുന്ന കുടുംബങ്ങളിലുണ്ട്. പറയുന്ന വേഗത്തിൽ പൊടുന്നനെ വിദേശ പാസ്പോർട്ടിലേക്ക് മാറാൻ സാമ്പത്തിക ബാധ്യതയും ഉള്ളതിനാൽ എന്ത് ചെയ്യണം എന്നറിയാതെ പ്രയാസത്തിലായിരിക്കുകയാണ് അനേകായിരം പ്രവാസി കുടുംബങ്ങൾ. അതിനിടെ കുട്ടികൾക്ക് അവരുടെ സമ്മതം ഇല്ലാതെയാണ് വിദേശ പാസ്പോർട്ടിലേക്ക് മാറിയതെങ്കിൽ 18 വൈസ് പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും ഇന്ത്യൻ പാസ്പോർട്ടിലേക്ക് മാറാം എന്ന ഔദാര്യവും ഇന്ത്യൻ പക്ഷത്തു നിന്നും വന്നിട്ടുണ്ട്. കുട്ടികളുടെ പാസ്പോർട്ട് സാധാരണയായി അഞ്ചു വർഷത്തേക്കാണ് നൽകുന്നത്.
നിർദ്ദേശം മുൻപും പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുതലാണ് ചെക് ഇൻ കൗണ്ടറിൽ കർശനമായ തെരത്തിൽ നടപ്പാക്കപ്പെട്ടതെന്നു ലണ്ടൻ എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇങ്ങനെ ഒരു നിർദ്ദേശം വന്ന കാര്യം പ്രചാരണം നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ എംബസികളോ പതിവ് പോലെ ശ്രദ്ധിച്ചില്ല എന്നതും പരാതിക്കിടയാക്കുകയാണ്. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിക്കുകയാണ് തങ്ങൾ ചെയ്തത് എന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. കുട്ടികളുടെ പാസ്പോർട്ട് പുതുക്കാൻ ഏതാനും കുടുംബങ്ങൾ ശ്രമിച്ചപ്പോൾ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്നതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
ഇന്ത്യൻ പൗരത്വവും ഉപേക്ഷിക്കും മുൻപ് ഈ നിയമം അറിഞ്ഞിരിക്കണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇന്ത്യൻ പൗരത്വ നിയമം 1955 എട്ടാം വകുപ്പ് സബ് സെക്ഷൻ ഒന്ന് പ്രകാരമാണ് ഈ നിർദ്ദേശം നടപ്പാക്കുന്നത്. അടുത്തകാലത്ത് ലക്ഷക്കണക്കിന് ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ പുറത്തു വരുകയും ഇത് പാർലിമെന്റിൽ പ്രതിപക്ഷം ഭരണ പക്ഷമായ ബിജെപിയെ പ്രഹരിക്കാൻ ആയുധമാക്കുകയും ചെയ്തതാണു വ്യവസ്ഥകൾ കടുപ്പിക്കാൻ കേന്ദ്രത്തെ പ്രകോപിപ്പിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം സാഹചര്യത്തിൽ ഒരു വീട്ടിൽ രണ്ടു തരം പൗരത്വം ഉള്ളവർ ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേന്ദ്രം വിലയിരുത്തുന്നു.
അതേസമയം ഇത്തരം ഒരു കേസിൽ കർണാടകം ഹൈക്കോടതി കേന്ദ്ര സർക്കാരിന് എതിരെ കഴിഞ്ഞ വർഷം വിധി പുറപ്പെടുവിച്ചിരുന്നു. പൗരത്വം സ്വമേധയാ ഇല്ലാതായാൽ രാജ്യം ഇല്ലാത്ത പൗരനായി ഇന്ത്യൻ പ്രവാസി കുഞ്ഞുങ്ങൾ മാറുമോ എന്ന ചോദ്യമാണ് കോടതിയിൽ ഉയർന്നത്. രാജ്യം ഉണ്ടായിട്ടും രാജ്യമില്ലാത്ത പൗരന്മാരായി മാറുന്ന സാഹചര്യമാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചത് എന്നായിരുന്നു അന്നത്തെ വാദം.
15 വയസുകാരനായ പ്രവാസി കുട്ടിക്ക് പാസ്പോർട്ട് വീണ്ടും നൽകാൻ പാസ്പോർട്ട് കേന്ദ്രങ്ങൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയാണ് കേസ് അവസാനിപ്പിച്ചത്. ഐക്യ രാഷ്ട്ര സഭയുടെ മാനദണ്ഡവും മനുഷ്യാവകാശ ലംഘനവും ഉയർത്തുന്ന പ്രശനം ആണ് ഇതെന്ന പ്രസ്താവത്തോടെയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അന്ന് കേസിൽ വിധി പറഞ്ഞത്. ഒരു കുട്ടിയും രാജ്യമില്ലാത്തവൻ ആകാൻ പാടില്ല എന്ന് അന്നത്തെ വിധിന്യായത്തിൽ പ്രത്യേകം കോടതി ഓർമ്മിപ്പിക്കുകയും ചെയ്തതാണ്.
2008ൽ കാനഡയ്ക്ക് കുടിയേറിയ ആളുടെ മകന് വേണ്ടിയാണ് കർണാടകം കോടതി കേസ് കേട്ടത്. കുട്ടിയുടെ പിതാവ് ആദ്യം കാനഡയിൽ എത്തുകയും പിന്നീട് അമ്മയും മകനും അയാൾക്കൊപ്പം ചേരുകയും ആയിരുന്നു. എന്നാൽ നാലുവർഷം കഴിഞ്ഞപ്പോൾ അയാൾ കുട്ടിയെ ഇന്ത്യയിൽ എത്തിച്ച് അമ്മയുടെ മാതാപിതാക്കളെ ഏൽപിച്ചു മുങ്ങുക ആയിരുന്നു. ഇതിനിടയിൽ കുട്ടിയുടെ അമ്മ കനേഡിയൻ പൗരത്വം സ്വീകരിച്ചു. ജീവിതം സുരക്ഷിതം ആക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം. തുടർന്ന് ഇവർ യുകെയിലേക്ക് കുടിയേറി. എന്നാൽ ഇതോടെ കുട്ടിയുടെ പൗരത്വം നഷ്ടമായി എന്നാണ് ഇന്ത്യൻ അധികൃതർ നിലപാട് എടുത്തത്. ഇത് ചോദ്യം ചെയ്തു കോടതിയിൽ എത്തിയ കേസിലാണ് കുട്ടിക്ക് ഇന്ത്യൻ പാസ്പോർട്ടിന് അർഹത ഉണ്ടെന്ന വിധി വന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് കോടതി നിർണായകമായ ഈ വിധി പ്രസ്താവിച്ചത്.