- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഡെർബിയിൽ യൂത്ത് മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി പയ്യൻ സാം ജോൺസ്
ലണ്ടൻ: പിതാവിന്റെ പാതയിൽ മക്കൾ എത്തുന്നത് പലപ്പോഴും പതിവുള്ള കാര്യമാണ്. അതിനു മികച്ച മറ്റൊരു ഉദാഹരണം കൂടിയാണ് ഇപ്പോൾ ഡെർബി മലയാളികൾക്കിടയിൽ നിന്നും എത്തുന്നത്. ചെറുപ്പത്തിൽ വളരെ സജീവമായ പൊതുപ്രവർത്തന പാരമ്പര്യം ഉണ്ടായിരുന്ന സാം തിരുവാതിൽ എന്ന യുകെ മലയാളി സാമൂഹ്യ പ്രവർത്തകന്റെ മകനും ഇപ്പോൾ അപ്പന്റെ വഴിത്താരയിൽ തന്നെ. ഡെർബിയിലെ ആദ്യ മലയാളി യൂത്ത് മേയർ (ഒരു പക്ഷെ ആദ്യ ഇന്ത്യനും ) എന്ന പദവിയിൽ ഇന്നലെ കൗമാരക്കാരനായ സാം ജോൺസ് തിരുവാതിൽ തിരഞ്ഞെടുക്കപ്പെട്ടത് മത്സരത്തിൽ ഒപ്പം ഓടിയ മറ്റു മൂന്നു സ്ഥാനാർത്ഥികളെ പിന്തള്ളിയാണ്.
അതും ഡെർബി കൗൺസിലിലെ വിവിധ സ്കൂളുകളിൽ നിന്നും പതിനായിരത്തിലേറെ വിദ്യാർത്ഥികൾ വാശിയോടെ വോട്ടു ചെയ്ത മത്സരത്തിലാണ് സാം മലയാളി കരുത്തു കാട്ടിയതെന്നു പ്രത്യേകതയാണ്. ഒരിക്കൽ യുകെ ജീവിതം ഭാഗികമായി ഉപേക്ഷിച്ചു കേരളത്തിൽ കൃഷി ചെയ്യാൻ പോയി തിരികെ വെറും കയ്യോടെ മടങ്ങി വന്ന സാമിന്റെ തീരുമാനം നൂറു ശതമാനവും ശരിയായിരുന്നു എന്നാണ് ഇപ്പോൾ മകനിലൂടെ തെളിയുന്നത്.
കേരളത്തിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കാത്ത സാമൂഹ്യമായ അംഗീകാരവും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് സാം ജൂനിയറിനെ പോലുള്ള വിദ്യാർത്ഥികൾ യൂത്ത് മേയർ പദവിയിലൂടെ സ്വന്തമാക്കുന്നത്. യുകെയിലെ എല്ലാ പട്ടണങ്ങളിലും ഉള്ള ഈ പദവിയിൽ മുൻപും മലയാളി കൗമാരക്കാർ എത്തിയിട്ടുണ്ട്. ഭാവി ജീവിതത്തിൽക്കുള്ള ചവിട്ടു പടിയിൽ വിദ്യാർത്ഥി ജീവിതത്തിൽ ലഭിക്കുന്ന അസാധാരണ അവസരം കൂടിയാണ് യൂത്ത് മേയർ സ്ഥാനം.
നിലവിൽ ജിസിഎസ്ഇ വിദ്യാർത്ഥിയായ സാം ജൂനിയർ പഠനത്തിരക്കിൽ കിട്ടുന്ന ചെറിയ ഇടവേളകൾ കൊണ്ടാണ് യൂത്ത് മേയറുടെ വലിയ ഉത്തരവാദിത്തവും പൂർത്തിയാകേണ്ടത്. ഡെർബി പോലെ താരതമ്യേനേ ബജറ്റ് വിഹിതം കുറവായ കൗൺസിലിൽ യൂത്ത് മേയർ അടക്കം ഉള്ളവർ കേൾക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും സ്വാഭാവികമായും നീണ്ടതാകും.
കഴിഞ്ഞ ദിവസം പുറത്തു വന്ന യൂത്ത് മേയർ തിരഞ്ഞെടുപ്പ് ഫലം ഡെർബി കൗൺസിലിൽ കുട്ടികളുടെയും ചെറുപ്പക്കാരുടെയും കാബിനറ്റ് ചുമതലയുള്ള കൗൺസിലർ ജോൺ വിറ്റ്ബിയാണ് പരസ്യപ്പെടുത്തിയത്. പ്രഥമിക റൗണ്ടിൽ കടന്നു കൂടുന്ന നേതൃത്വ വാസനയുള്ള നാലു വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ട് മത്സരത്തിന് എത്തുക. ഇവർ തയ്യാറാക്കുന്ന വീഡിയോ പ്രസംഗം സ്കൂളിൽ എത്തുന്നതോടെയാണ് വിദ്യാർത്ഥികൾ വോട്ടു ചെയ്ത് ആരാകണം തങ്ങളെ ഒരു വർഷത്തേക്ക് കൗൺസിലിൽ നയിക്കണം എന്നത് തീരുമാനിക്കുക.
സെന്റ് ബെനഡിക്ട് കാത്തോലിക് സ്കൂൾ വിദ്യാർത്ഥിയായ സാമിനൊപ്പം ലിറ്റിൽ ഓവർ കമ്മ്യുണിറ്റി സ്കൂളിലെ അലിഷാ അഹമ്മദ് ഡെപ്യുട്ടി യൂത്ത് മേയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം മെയ് മാസം വരെ തങ്ങളുടെ റോൾ എന്താണ് എന്ന് നിലവിൽ ഉള്ള യൂത്ത് മേയറുടെ കീഴിൽ പരിശീലനം നേടിയ ശേഷം ആകും ഇരുവരും ചുമതല ഏൽക്കുക. ഇതിനിടയിൽ നിരവധി മീറ്റിങ്ങുകളും മറ്റും സാന്നിധ്യം ആകേണ്ടി വരും. പഠനത്തിന് വേണ്ടി മറ്റു കുട്ടികൾ ഉപയോഗപ്പെടുത്തുന്ന സമയമാണ് സാമും അലീഷയും സാമൂഹ്യ പ്രവർത്തനത്തിനും സമൂഹത്തിലെ മാറ്റത്തിനും വേണ്ടി ഉപയോഗിക്കുക.
വളരെ വിപുലമായ ചുമതലകളാണ് യൂത്ത് മേയർ സ്ഥാനത്ത് എത്തുന്ന കൗമാരക്കാരെ കാത്തിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന സിറ്റി കൗൺസിൽ മേയർക്കൊപ്പം പല വേദികളിലും എത്താൻ യൂത്ത് മേയർക്കും കഴിയും. ഒരു വർഷ കാലാവധിയാണ് യൂത്ത് മേയർക്കുള്ളത്. കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പ്രശ്നങ്ങൾ സിറ്റി ഹാളിൽ എത്തിക്കുക എന്നതാണ് യൂത്ത് മേയറും ഡെപ്യുട്ടി യൂത്ത് മേയറും ചെയ്യുക.
കൗൺസിൽ മീറ്റിംഗിലും പൊതു വേദികളിലും കുട്ടികളെയും ചെറുപ്പക്കാരെയും സംബന്ധിച്ച പ്രധാന ഇവന്റുകളിലും ഒക്കെ ഈ രണ്ടു കൗമാരക്കാരും ക്ഷണിതാക്കളാകും. സിറ്റി കൗൺസിലിന് കീഴിൽ ഉള്ള ഏതു സ്കൂളിലും കുട്ടികൾ നേരിടുന്ന വിഷയങ്ങളിൽ ഇടപെടാനും യൂത്ത് മേയർക്ക് സാധിക്കും. ഈ രണ്ടു പദവികളും വഹിക്കുന്ന കൗമാരക്കാരെ ക്ഷണിക്കാൻ പ്രത്യേക ഫോർമാറ്റിൽ ചുരുങ്ങിയത് 14 ദിവസം മുൻപ് എങ്കിലും കത്തയ്ക്കണം എന്നാണ് സിറ്റി കൗൺസിൽ വ്യക്തമാക്കുന്നത്. സാധാരണ ഗതിയിൽ 19 വയസ് വരെയുള്ളവർക്കാണ് ഈ പദവിയിൽ ഇരിക്കാനാകുക.
യുകെയിൽ ഇപ്പോൾ ആയിരക്കണക്കിന് ചെറുപ്പക്കാരായ കുടുംബങ്ങൾ എത്തിക്കൊണ്ടിരിക്കുന്നതിനാൽ രാജ്യം എങ്ങും സ്കൂൾ പ്രവേശനം വലിയ കടമ്പയാണ്. പ്രത്യേകിച്ചും പല പ്രായത്തിൽ ഉള്ള കുട്ടികൾ മറ്റു രാജ്യങ്ങളിൽ നിന്നും പഠനം ഇടയ്ക്ക് മുറിച്ചു തുടർ പഠനത്തിനായി യുകെയിൽ എത്തുമ്പോൾ ആഗ്രഹിച്ച സ്കൂളോ ക്ലാസിലോ പ്രവേശനം ലഭിക്കില്ല എന്നതാണ് കാരണം. മിക്ക സ്കൂളുകളും കുട്ടികളുടെ ബാഹുല്യം നേരിടുകയാണ്. ഇപ്പോൾ കുടിയേറ്റ നിയന്ത്രണം ശക്തമായി നടപ്പാക്കാൻ ഇതും കാരണമാണ്.
ഒരു വീട്ടിലെ കുട്ടികൾ തന്നെ പല സ്കൂളുകളിൽ പോകേണ്ടി വരുന്നത് സ്കൂൾ സമയത്തെ ഓട്ടപ്പാച്ചിലിൽ ആണ് ചെറുപ്പക്കാരായ മലയാളി കുടുംബങ്ങൾ. ഇത്തരക്കാരുടെ അപേക്ഷകളും പരാതികളും പരിഹാരം ഇല്ലാതെ ഓരോ കൗൺസിലിലും കുന്നു കൂടുകയാണ്. സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ മാസങ്ങളോളം കാത്തിരിപ്പ് വേണ്ടി വരുന്നത് ഇപ്പോൾ മറ്റൊരു പ്രശ്നമായി ഒട്ടേറെ ആളുകൾ ചൂണ്ടികാട്ടുന്നു.
ഒരു വർഷത്തെ കാലാവധിയിൽ സാം ജൂനിയറിനു മലയാളി സമൂഹത്തിന്റെ മാത്രമല്ല കുടിയേറ്റ ജനതയുടെ ശബ്ദമായി കൗൺസിൽ ഹാളിൽ മാറാനാകുമോ എന്നത് വലിയ ചോദ്യമായി ഇപ്പോൾ ഡെർബി മലയാളികൾക്ക് മുന്നിൽ എത്തുകയാണ്. സാമിന് അങ്ങനെ സാധിച്ചാൽ ഡെർബി മലയാളികൾക്ക് മാത്രമല്ല യുകെയിൽ എങ്ങും തുടർച്ചയായി മലയാളി കൗമാരക്കാർ ഈ സ്ഥാനത്ത് എത്താൻ ഒരു പ്രചോദനമായി മാറുകയും ചെയ്യും.
ഡെർബി ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് ബീജയാണ് സാമിന്റെ മാതാവ്. പത്തനംതിട്ട ജില്ലക്കാരാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെ മലയാളികൾക്ക് സുപരിചിതരായ ഈ കുടുംബം. രണ്ടു സഹോദരങ്ങൾ കൂടിയുണ്ട് സാം ജൂനിയറിന്.