ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരും വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരും (എൻആർഐ, ഒസിഐ) തമ്മിലുള്ള വിവാഹം നിർബന്ധമായും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിയമ കമ്മിഷന്റെ ശുപാർശ. ഇത്തരം വിവാഹങ്ങളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണം കണക്കിലെടുത്താണ് നടപടി. ഈ ശുപാർശ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. പ്രവാസി സംഘടനകളുടെ സഹായവും ഉറപ്പാക്കണമെന്ന നിർദ്ദേശവുമുണ്ട്. ഈ ശുപാർശയെ പ്രവാസി സമൂഹവും സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷ.

"എൻആർഐകളും ഇന്ത്യക്കാരും തമ്മിലുള്ള തട്ടിപ്പ് വിവാഹങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. ഇത് ഇന്ത്യൻ പങ്കാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നുവെന്നാണ് കമ്മീഷന്റെ നിഗമനം. നിയമ മന്ത്രാലയത്തിന് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു. ഇത്തരം വിവാഹങ്ങൾ നിർബന്ധമായും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണമെന്നും വിവാഹമോചനം, ജീവിതപങ്കാളിയുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, എൻആർഐകൾക്കും ഒസിഐകൾക്കും സമൻസ്, വാറന്റുകൾ എന്നിവ നൽകുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ശുപാർശയുണ്ട്.

1967ലെ പാസ്പോർട്ട് നിയമത്തിൽ, മരിറ്റൽ സ്റ്റാറ്റസ് അറിയിക്കുന്നതിനും പങ്കാളിയുടെ പാസ്പോർട്ട് മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിനും ഇരുവരുടെയും പാസ്പോർട്ടിൽ വിവാഹ രജിസ്റ്റ്രേഷൻ നമ്പർ രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നും നിയമ കമ്മിഷൻ ശുപാർശ ചെയ്തു. ഇത്തരം വിവാഹങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗാർഹിക കോടതികൾക്ക് അധികാരമുണ്ട്. പ്രവാസി സംഘടനകളുടെ ഉൾപ്പെടെ സഹായത്തോടെ ഇക്കാര്യങ്ങൾ ബോധവൽക്കരണം നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും നിയമ കമ്മിഷൻ പറയുന്നു.

ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി 'പ്രവാസി ഇന്ത്യക്കാരുടെയും വിദേശ ഇന്ത്യൻ പൗരന്മാരുടെയും (Non-Resident Indians and overseas Citizens of India) വിവാഹ സംബന്ധമായ നിയമം' കൊണ്ടുവരണമെന്നാണ് നിർദ്ദേശം. പ്രവാസികളും വിദേശ ഇന്ത്യൻ പൗരന്മാരും, ഇന്ത്യയിൽ സ്ഥിര താമസമുള്ള പൗരന്മാരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സ്പർശിക്കുന്ന സമഗ്രമായ നിയമമാണ് ആവശ്യമെന്ന് സമിതി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരെ വിവാഹം ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടുന്ന വിവാഹങ്ങളിലെ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന് നൽകിയ ആമുഖ കത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം വിവാഹങ്ങൾ തട്ടിപ്പുകളായി മാറുന്ന നിരവധി റിപ്പോർട്ടുകൾ വരികയും അവ വർദ്ധിക്കുന്ന പ്രവണതകൾ കാണുകയും ചെയ്യുന്നു. ഇത് ഇന്ത്യക്കാരായ പങ്കാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നുവെന്നും ഈ കത്തിൽ പറയുന്നു.

പുതിയതായി കൊണ്ടുവരുന്ന നിയമം പ്രവാസികൾക്ക് മാത്രം ബാധകമാക്കി ചുരുക്കരുതെന്നും 1955ലെ പൗരത്വ നിയമം അനുസരിച്ച് Overseas Citizens of India എന്ന് നിർവചിച്ചിരിക്കുന്നവർക്ക് കൂടി ബാധകമാക്കണമെന്നും സമിതി അറിയിച്ചിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരും തമ്മിലുള്ള വിവാഹങ്ങളെല്ലാം ഇന്ത്യയിൽ തന്നെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദേശവുമുണ്ട്. ഇതിന് പുറമെ ഇത്തരം വിവാഹങ്ങളുമായി ബന്ധപ്പെടുന്ന വിവാഹ മോചനം, പങ്കാളികളുടെ ജീവനാംശം, കുട്ടികളുടെ സംരക്ഷണാവകാശം, സമൻസ് - വാറണ്ട് - നിയമപരമായ മറ്റ് രേഖകൾ എന്നിവ സംബന്ധിച്ചുള്ള നടപടികൾ എന്നിവയെക്കുറിച്ചെല്ലാം പുതിയ കേന്ദ്ര നിയമത്തിൽ ചട്ടങ്ങളുണ്ടാവണം എന്നും ശുപാർശയിലുണ്ട്.

ഇതിനായി എൻആർഐ വിവാഹ രജിസ്ട്രേഷൻ ബിൽ-2019ൽ കാതലായ ഭേദഗതികൾ കൊണ്ടുവരണമെന്നും നിയമ കമ്മിഷൻ 289-ാം റിപ്പോർട്ടിൽ പറഞ്ഞു. ഇത്തരം വിവാഹബന്ധങ്ങളിൽ വ്യാജവിവാഹങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശുപാർശയെന്ന് നിയമ കമ്മിഷൻ വിശദീകരിച്ചു. വ്യാജവാഗ്ദാനങ്ങൾ നൽകിയും തെറ്റിദ്ധരിപ്പിച്ചും വിവാഹങ്ങൾ നടത്തുന്നതായും ഇത്തരം വിവാഹബന്ധങ്ങൾ ഇന്ത്യക്കാർക്ക് വലിയ മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായും പരാതികളുണ്ട്. പങ്കാളികളിൽ നിന്നും നിയമപരമായ നഷ്ടപരിഹാരം വാങ്ങാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്.

നിയമം ലംഘിക്കുന്നവരുടെ പാസ്പോർട്ടും യാത്രാരേഖകളും സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. പാസ്പോർട്ട് നിയമം ഭേദഗതി ചെയ്ത് വിവാഹിതരാണോ അവിവാഹിതരാണോയെന്നത് രേഖപ്പെടുത്തണം. വിവാഹിതരാണെങ്കിൽ അവരുടെ പാസ്പോർട്ടും പങ്കാളികളുടെ പാസ്പോർട്ടുമായി ബന്ധിപ്പിക്കണം. ഇതിനായി ആഭ്യന്തര, വിദേശമന്ത്രാലയങ്ങളിൽ പ്രത്യേകവിഭാഗങ്ങൾ തുടങ്ങണം. ഇന്ത്യയിലായാലും വിദേശത്തായാലും 30 ദിവസത്തിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ കർശനമാക്കണം- തുടങ്ങിയ ശുപാർശകളുമുണ്ട്.