- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ മലയാളി വിദ്യാർത്ഥി ഡേവിസ് സൈമൺ അന്തരിച്ചു; തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ തിരിച്ചറിഞ്ഞത് ലുക്കീമിയ രോഗം; വർഷങ്ങൾക്കു മുന്നേ പിതാവിനെ നഷ്ടമായ കുടുംബത്തിന് താങ്ങാനാകാതെ ഡേവിസിന്റെ വിയോഗം
ലണ്ടനിലെ മലയാളി വിദ്യാർത്ഥി ഡേവിസ് സൈമൺ (25) അന്തരിച്ചു. ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയവേയാണ് മരണം തേടിയെത്തിയത്. ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയത്. രോഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എംഎസ്.സി ഫിനാൻഷ്യൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു ഡേവിസ്. എന്നാൽ പഠനം തുടങ്ങി ആഴ്ചകൾ മാത്രം പിന്നിടവേയാണ് മൂന്നു ദിവസം മുന്നേ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ശേഷം നടത്തിയ പരിശോധനയിൽ തലയിൽ രക്തസ്രാവവും കണ്ടെത്തി. കൂടുതൽ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. ലണ്ടൻ പെന്റെകോസ്റ്റൽ സഭയിൽ കൂടിവരികയായിരുന്നു. നാട്ടിൽ റാന്നി സ്വദേശികളാണെങ്കിലും വർഷങ്ങളായി രാജസ്ഥാനിൽ സ്ഥിരതാമസമാണ് ഡേവിസിന്റെ കുടുംബം.
ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട യുവാവായിരുന്നു ഡേവിസ്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് നാട്ടിൽ നിന്നും പഠനത്തിനായി ലണ്ടനിലെത്തിയത്. എന്നാൽ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ഡേവിസ് മടങ്ങിയതോടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം തീരാവേദനയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. സംസ്‌കാരം പിന്നീട് കേരളത്തിൽ നടക്കും.
മറുനാടന് മലയാളി ബ്യൂറോ