ലണ്ടൻ: പത്തു വർഷം മുൻപ് യുകെയിൽ എത്തിയ ചാലക്കുടിക്കാരൻ ആയ യുവാവ് തെറ്റിദ്ധരിക്കപ്പെട്ട പരാതിയിൽ ജയിലിൽ കയറിയ സംഭവത്തെ ഓർമ്മപ്പെടുത്തുന്ന കേസാണ് ഇപ്പോൾ ലിവർപൂളിലെ വിസ്റ്റണിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചാലക്കുടിക്കാരൻ യുവാവ് വിദ്യാർത്ഥി വിസയിൽ എത്തി ആശുപത്രിയിൽ ജോലി തേടി അധികം കഴിയും മുൻപേ ഒരു നൈറ്റ് ഷിഫ്റ്റിൽ രോഗിയായി എത്തിയ പെൺകുട്ടിയുടെ മൊഴിയിലാണ് മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നത്.

ഒടുവിൽ സാമൂഹ്യ പ്രവർത്തകൻ കൂടിയായ നിയമ വിദഗ്ധൻ ബാരി കോളിൻസ് സ്വയം യുവാവിന്റെ കേസ് ഏറ്റെടുത്തു വാദിച്ചാണ് അയാളെ അന്ന് ജയിൽ മോചിതനാക്കിയത്. ഇപ്പോൾ വിസ്റ്റണിൽ സമാന സാഹചര്യത്തിൽ ജനുവരി 30നുണ്ടായ പരാതിയിൽ റിമാൻഡിലായ 28കാരൻ യുവാവിനെ കഴിഞ്ഞ ദിവസം കോടതിയിൽ വീഡിയോ കോളിലൂടെ ജഡ്ജിക്ക് മുൻപിൽ ഹാജരാക്കിയപ്പോഴും അയാൾ ഒരൊറ്റ വാചകത്തിലാണ് മൊഴി നൽകിയത്, "ഞാൻ ഒന്നും ചെയ്തിട്ടില്ല".

ജോലിക്കിടയിൽ നടന്ന പീഡന ശ്രമം എന്ന നിലയിൽ മൂന്നു വിവിധ കുറ്റങ്ങൾ ചാർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രധാന സാക്ഷി മൊഴി പീഡന പരാതി ഉയർത്തിയ 41കാരിയായ രോഗിയുടേത് തന്നെയാണ്. ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടോയെന്ന കാര്യമൊന്നും വിചാരണ ആരംഭിക്കാത്തതിനാൽ ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

എന്നാൽ പരാതിയിൽ ഗൗരവം ഉണ്ടെന്നു തോന്നിയതിനാൽ യുവാവിന് ജാമ്യം നൽകാതെ ജയിലിലേക്ക് തന്നെ അയക്കുക ആയിരുന്നു ലിവർപൂൾ ക്രൗൺ കോടതി ജഡ്ജി അനിൽ മുറേയുടെ തീരുമാനം. സാധാരാണ നിലയിൽ കുറ്റം ഏറ്റെടുത്താൽ ശിക്ഷ കുറയും എന്ന് സഹായിക്കാൻ എത്തുന്ന അഭിഭാഷകർ പറയാറുണ്ടെങ്കിലും യുവാവ് നിശ്ചയ ദാർഢ്യത്തോടെയാണ് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് വെളിപ്പെടുത്തിയത്.

ബ്രിട്ടനിൽ വ്യക്തികൾക്കിടയിലെ പേഴ്‌സണൽ സ്‌പേസ് പോലും വളരെ പ്രധാനമാണ് എന്നറിയാതെ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായി അനുവാദമില്ലാതെ രോഗികളോട് പെരുമാറുമ്പോൾ പോലും തീരെ അടുത്ത് ചെല്ലുന്നതും അനുവാദം കൂടാതെ സ്പർശിക്കുന്നതും എല്ലാം പരാതി ആയി മാറിയാൽ പീഡന വകുപ്പിലാണ് പെടുത്തുക എന്ന കാര്യം ഓർമ്മപ്പെടുത്തുകയാണ് വിസ്റ്റൺ സംഭവം.

ഇപ്പോൾ യുവാവ് പറയുന്ന വാക്കുകൾ സത്യസന്ധവും ആണെങ്കിൽ അയാൾക്ക് ബ്രിട്ടനിലെ ജീവിതത്തെക്കുറിച്ചോ പെരുമാറ്റ രീതികളെ കുറിച്ചോ ഉള്ള അറിവില്ലായ്മയാണ് ഇപ്പോൾ കാരാഗൃഹത്തിൽ എത്താൻ കാരണമായത് എന്ന് നിസംശയം പറയാനാകും. കാരണം വെറും ആഴ്ചകൾ മാത്രം ആയ ജോലി സ്ഥലത്തു ഒട്ടേറെ ആളുകൾ ചുറ്റിനും ഉള്ള ഷിഫ്റ്റിൽ അറിഞ്ഞു കൊണ്ട് ഒരാളും പീഡന ശ്രമം നടത്തുകയില്ല എന്ന സാമാന്യ ചിന്തയിലാണ് ഈ യുവാവ് തെറ്റിദ്ധരിക്കപ്പെട്ടതാകാൻ സാധ്യതയുണ്ട് എന്ന നിഗമനം. ഇയാളെ അടുത്തറിയുന്ന സുഹൃത്തുകളും ഈ സാധ്യത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ വിദേശ വംശജർക്ക് ഇടയിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന രീതി ഉണ്ട് എന്ന മുൻവിധിയോടെ എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥർ അത്തരത്തിലാകും കേസ് ഡയറി തയ്യാറാക്കുക. അതിനാൽ യുവാവിന്റെ ഭാഗം കൃത്യവും വക്താവും ആയി വിശദമാക്കാൻ കഴിവുള്ള അഭിഭാഷകൻ കോടതിയിൽ ഉണ്ടായില്ലെങ്കിൽ ഇയാൾ വർഷങ്ങളോളം ജയിലിൽ കിടക്കാൻ സാധ്യത ഏറെയാണ്.

എന്നാൽ യുവാവിനെ സഹായിക്കണം എന്ന ഉദ്ദേശത്തോടെ സഹായ മനസ്ഥിതിയുമായി എത്തിയ ലിവർപൂളിലും പരിസര പ്രദേശത്തുമുള്ള ഏതാനും മലയാളി സാമൂഹ്യ പ്രവർത്തകർ ഇയാളുടെ വിദ്യാർത്ഥി വിസയിൽ ഉള്ള ഭാര്യയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും അത് ഫലപ്രദമായില്ല. അടുത്ത നാളുകളിൽ എത്തിയ ദമ്പതികൾ എന്ന നിലയിൽ പൊതു സമൂഹവുമായി കാര്യമായി ഇണങ്ങി ചേരാൻ സമയം ലഭിക്കാതിരുന്നതിനാൽ ഇവരെ ബന്ധപ്പെടാനുള്ള വഴികൾ അടയുക ആയിരുന്നു.