- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യു കെയിലെത്തുന്ന വിദേശീയർക്കെതിരെയുള്ള വംശീയത വർദ്ധിക്കുന്നുവോ?
ലണ്ടൻ: "ആവശ്യത്തിലധികം അർഹതയില്ലാത്തവരും കുടിയേറ്റക്കാരും നമ്മുടെ സമൂഹത്തിൽ നിറഞ്ഞു കഴിഞ്ഞു" ഫിനാഗിയിൽ ഒരു രാത്രിയുടെ മറവിൽ ഉയർന്ന് വന്ന പ്ലക്കാർഡാണിത്. ശനിയാഴ്‌ച്ച രാവിലെയാണ് ഈ ബോർഡ് കണ്ടതെന്ന് പ്രദേശവാസിയായ ടകുറ ഡൊണാൾഡ് മാകോണി പറയുന്നു. ഉടൻ തന്നെ അയാൾ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നേരത്തേ, ബെൽഫാസ്റ്റ്, ബെൽവോയർ, ന്യുടൗണാർഡ്സ് തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പോസ്റ്ററുകളും പ്ലക്കാർഡുകളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം യുകെയിലെ പ്രവാസികളെ ഭയപ്പെടുത്തുകയാണ്.
ഫിനാഗിയിലെ പ്ലക്കാർഡിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, "തദ്ദേശവാസികൾ മാത്രമായി ഇവിടെ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു" എന്നാണത്. ഈ ബോർഡിൽ പരാമർശിച്ചിരിക്കുന്ന വീക്ഷണമോ ചിന്താഗതിയോ ഫിനാഗി സമൂഹം അംഗീകരിക്കുന്നതല്ല എന്നാണ് ആഫ്രിക്കൻ ആൻഡ് കരീബിയൻ സപ്പോർട്ട് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന മാകോനി വിശ്വസിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി താൻ ഇവിടെ താമസിക്കുകയാണെന്നും വളരെ സൗഹാർദ്ദപരമായാണ് എല്ലാവരുടേയും പെരുമാറ്റമെന്നും അയാൾ പറയുന്നു.
ആ ബോർഡ് കണ്ടപ്പോൾ തന്നെ അത് നീക്കം ചെയ്യുവാൻ തോന്നിയെങ്കിലും, ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടാവും എന്ന ആശങ്ക കാരണം അത് ചെയ്തില്ല. അതിനാലാണ് പൊലീസിന് റിപ്പോർട്ട് ചെയ്തതെന്നും അയാൾ പറയുന്നു. റിപ്പോർട്ട് ചെയ്ത് നാല് ദിവസം കഴിഞ്ഞാണ് നോർത്തേൺ അയർലൻഡ് പൊലീസ് അത് നീക്കം ചെയ്തത്. ഇത്തരത്തിലുള്ള ബോർഡുകൾ ഉണ്ടാക്കുന്ന ആശങ്ക മനസ്സിലാകും എന്നാണ് പൊലീസ് പറഞ്ഞതെന്നും മാകോനി പറഞ്ഞു.
ഇത്തരത്തിലുള്ള വെറുപ്പും വിദ്വേഷവും പടർത്തുന്ന വാക്കുകൾ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സൂപ്രണ്ട് ഫിനോള ഡോർനാൻ പറഞ്ഞു.അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതുപോലുള്ള പ്രവർത്തനങ്ങൾ തടയുവാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ പറയുന്നു.
സൗത്ത് ബെൽഫാസ്റ്റ് നെയ്ബർഹുഡ് പൊലീസ് ടീം പ്രദേശവാസികളുമായി യോജിച്ച് ഇത്തരത്തിലുള്ള ബോർഡുകൾ നീക്കം ചെയ്യുന്നതിനും അതിനു പുറകിലുള്ളവരെ കണ്ടെത്തുന്നതിനും ശ്രമിക്കുന്നുണ്ട്. പൊലീസ് പട്രോളിംഗും വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു. പൊതു നിരത്തുകളിലും മറ്റും ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ അടിസ്ഥാന സൗകര്യ വികസന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. പൊലീസുമായി സഹകരിച്ച് ഇത്തരം ബോർഡുകൾ നീക്കം ചെയ്യുന്നത് ത്വരിതഗതിയിലാക്കുമെന്ന് അവർ പറയുന്നു.
അതെസമയം, ഇതുപോലുള്ള ബോർഡുകൾ സമൂഹത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നവയല്ല എന്ന് ഹൗസിങ് എക്സിക്യുട്ടീവ് വക്താവ് അറിയിച്ചു. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുൻപോട്ട് പോകുന്ന രീതിയിലുള്ള പ്രവർത്തനമാണ് തങ്ങൾ പിന്തുടരുന്നതെന്നും വക്താവ് അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ നിരാശപ്പെടുത്തുന്നവയാണെങ്കിലും, വീടുകൾ നൽകുന്നത് ഉൾപ്പടെയുള്ളവയിൽ കോമൺ ഹൗസിങ്‌സെലെക്ഷൻ സ്‌കീമിന്റെ നിയമം അനുസരിച്ച് തന്നെ മുൻപോട്ട് പോകുമെന്നും വക്താവ് അറിയിച്ചു.