ലണ്ടൻ: ഒസിഐ കാർഡ് ഉള്ള വിദേശ ഇന്ത്യക്കാരുടെ കാര്യത്തിൽ അടുത്തിടെ ഇന്ത്യൻ സർക്കാർ ചില കർക്കശ നിലപടുകൾ എടുത്തത് എന്ത് സാഹചര്യത്തിൽ ആയിരിക്കും എന്നാണ് ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഇരട്ട പൗരത്വ സ്റ്റാറ്റസുള്ള ഇന്ത്യൻ വംശജരുടെ പ്രധാന ചിന്ത. സ്വതവേ ഒസിഐ കാർഡ് ഉണ്ടെങ്കിൽ സാധാരണ പൗരനുള്ള സ്വാതന്ത്ര്യത്തിൽ നല്ല പങ്കും വാഗ്ദാനം ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യ. എന്നാൽ അടുത്ത കാലത്തായി വിദേശ വംശജർ ആയി തുടരുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ സജീവമാകുകയും എണ്ണം വർധിച്ചു വരുന്നതോടെയാണ് സർക്കാർ കടുത്ത നിലപാടിലേക്ക് നീങ്ങുന്നു എന്ന വിവരം പുറത്തു വന്നിരിക്കുന്നത്.

ഇതനുസരിച്ചു രാഷ്ട്രീയ, മത വിഷയങ്ങളിൽ ഇടപെടാൻ ഉള്ള സ്വാതന്ത്ര്യം ഒസിഐ കാർഡ് ഉടമകൾക്ക് നിശിതമായി നിഷേധിക്കപ്പെട്ടേക്കും. ഒസിഐ കാർഡ് ഉള്ളവരെ വിദേശ പൗരന്മാർ ആയിട്ടാകും പരിഗണിക്കുക എന്ന സർക്കുലർ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും പുറത്തു വിട്ടത് ഈ ലക്ഷ്യത്തോടെയാണ്. ഇക്കഴിഞ്ഞ മാർച്ച് നാലിന് ഈ നിർദ്ദേശങ്ങൾ പരിഗണിച്ച സർക്കാർ വീണ്ടും കർശനമായ നിലയിൽ ഒസിഐ പരിഷ്‌കരണം നടപ്പാക്കും എന്ന വിവരം പുറത്തു വിടുന്നത് പ്രവാസ ലോകത്തിനുള്ള താക്കീത് കൂടിയായി മാറുകയാണ്.

പുതിയ പരിഷ്‌കാരം അനുസരിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളും സന്ദർശിക്കാൻ ഒസിഐ കാർഡ് ഉണ്ടെങ്കിലും സർക്കാരിന്റെ അനുമതി തേടേണ്ടി വരും. ഉദാഹരണമായി കാശ്മീരിൽ പോകാൻ ഇത്തരം അനുമതി ആവശ്യമാണ് എന്ന് പറയപ്പെടുന്നു. ഇന്ത്യ ഇരട്ട പൗരത്വം ഉറപ്പു നൽകുന്നില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇപ്പോൾ എത്തിയ ഒസിഐ പരിഷ്‌കരണ നടപടികൾ. മിഷനറി പ്രവർത്തനം, മലകയറ്റം, മാധ്യമ പ്രവർത്തനം എന്നീ രംഗങ്ങളിലും ഒസിഐ കാർഡ് ഉടമകൾ പ്രയാസം നേരിട്ടേക്കും.

കാശ്മീരിന് പുറമെ മണിപ്പൂർ, സിക്കിം, നാഗാലാൻഡ്, മിസോറാം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാനും പ്രത്യേക അനുമതി വേണ്ടിവരും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കാലം ആയതിനാൽ ഒസിഐ കാർഡ് ഉടമകൾ ഇന്ത്യയിൽ എത്തുമ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടാലും പരാതി ഉണ്ടാകുന്ന സാഹചര്യത്തിൽ നടപടികൾ നേരിടാൻ സാധ്യത ഏറെയാണ്.

തുടർച്ചയായ കാർഷിക സമരം തലവേദന ആയപ്പോൾ

കഴിഞ്ഞ വർഷം നടന്ന ഉത്തരേന്ത്യൻ കാർഷിക സമരത്തിൽ ബാഹ്യ പിന്തുണ ഉണ്ടായി എന്ന ഗൗരവ ആരോപണം ഇന്ത്യ ഉയർത്തിയത് ബ്രിട്ടനിലേയും കാനഡയിലേയും ഇന്ത്യൻ വംശജരെ ലക്ഷ്യം വച്ചാണ്. ആൾ സഹായമായും ധന സഹായമായും ഈ രണ്ടു രാജ്യങ്ങളിൽ നിന്നും പഞ്ചാബ് കർഷകർക്ക് ആധിപത്യം ഉണ്ടായിരുന്ന കാർഷിക സമരത്തിൽ പങ്കാളിത്തം ഉണ്ടായതു ഇന്ത്യ ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഫലമായാണ് അടുത്തിടെ കാനഡയുമായി ഇന്ത്യ നേർക്ക് നേർ ഉടക്കാൻ തയ്യാറായതും.

ഇപ്പോൾ വീണ്ടും കാർഷിക സമരം അരങ്ങേറുന്ന സാഹചര്യത്തിലും വിദേശ പൗരത്വം ഉള്ള ഇന്ത്യക്കാരുടെ സഹായം നേരിട്ടും പരോക്ഷമായും ഉണ്ടാകുന്നു എന്ന ആരോപണം ഉയർന്നിരിക്കയാണ്. ഇതോടെയാണ് ഇന്ത്യൻ പൗരത്വം ഉറപ്പു നൽകുന്ന ഒസിഐ കാർഡ് ഉടമകളുടെ കാര്യത്തിൽ വീണ്ടു വിചാരത്തിനു കേന്ദ്ര സർക്കാർ തയാറായിരിക്കുന്നത്. ഇതാകട്ടെ നിലവിൽ അമേരിക്ക അടക്കം പല രാജ്യങ്ങളും നിലവിൽ നടപ്പാക്കുന്ന കുടിയേറ്റ നിയമത്തെ താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴും ഇന്ത്യ ലഘുവായ നിയന്ത്രണങ്ങൾ മാത്രമാണ് വിദേശ പൗരത്വം ഉള്ളവരുടെ കാര്യത്തിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണവും എന്ന് പറയേണ്ടി വരും.

മത പ്രഭാഷകരുടെ വരവിനും തടയിടാൻ നീക്കം ബംഗ്ലാദേശ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഒസിഐ കാർഡിന്റെ ബലത്തിലാണ്

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിലക്കാകുന്ന വിധത്തിൽ മത പ്രഭാഷണ പരമ്പരകളുടെ ആധിക്യം സംഭവിക്കുന്നത് സർക്കാർ നിരീക്ഷിക്കാൻ ആരംഭിച്ചിട്ട് ഏറെ വർഷങ്ങൾ ആയതും ഒസിഐ കാര്യത്തിൽ കടുത്ത നടപടി വിളിച്ചു വരുത്തിയ ഘടകമാണ്. ഒസിഐ കാർഡിന്റെ ബലത്തിലാണ് വിവാദ മുസ്ലിം പ്രഭാഷകൻ അടക്കം ഉള്ളവർ ഇന്ത്യയിൽ എത്തി വിദ്വേഷം പ്രസംഗിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇന്ത്യയിൽ കോവിഡ് ആദ്യം പടരാൻ കാരണമായത് ഇത്തരം മത പ്രഭാഷകരുടെ വിദേശത്തു നിന്നുള്ള വരവായിരുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

തബ്ലീത്ത എന്നറിയപ്പെട്ടിരുന്ന സമ്മേളനങ്ങളിൽ പങ്കെടുത്ത ആയിരങ്ങൾ കോവിഡ് ബാധിതരായി നിമിഷ വേഗത്തിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്തി. ഇന്ത്യയിൽ കോവിഡ് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന ആണെന്ന് വരെ അന്ന് തബ്ലീത്ത സമ്മേളനങ്ങലെ ആരോപണ വിധേയമാക്കാനും ഒരു വിഭാഗം ശ്രമം നടത്തിയിരുന്നു. അതിനാൽ മതപരമായ കാര്യങ്ങളിൽ പങ്കെടുക്കുന്നതിനും ഇനി മുതൽ ഒസിഐ കാർഡ് ഉടമകൾക്ക് കൂടുതൽ പ്രയാസം നേരിടുമെന്നും വ്യക്തം. എന്നാൽ ഇന്ത്യൻ വംശജർ എന്ന നിലയിൽ പരിമിതമായ സൗകര്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിൽ രാജ്യത്തിന് പരാതി ഇല്ലെന്നും ഡൽഹി വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതും കാരണമായി

അതേസമയം അടുത്ത കാലത്തായി വിദേശത്തേക്ക് ചെറുപ്പകകർ കൂട്ടത്തോടെ ഇന്ത്യയിൽ നിന്നും ഒഴുകാൻ തുടങ്ങിയത് ട്രെൻഡ് ആയി വളരുകയാണ്. യൂറോപ്പിലും കാനഡയിലും അമേരിക്കയിലും എത്തുന്ന ചെറുപ്പക്കാർ പിന്നെ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നവർ രണ്ടു വട്ടം ആലോചിക്കണമെന്ന താക്കീതും ഇപ്പോൾ ഒസിഐ വാർഡ് പരിഷ്‌കാരങ്ങളോടെ കേന്ദ്ര സർക്കാർ പരിശോധിക്കുകയാണ്. അടുത്തിടെ ഇത്തരത്തിൽ ചില കേസുകൾ കോടതിയിൽ ഉണ്ടായപ്പോൾ തിരിച്ചടി നേരിട്ടത് ഇന്ത്യൻ സർക്കാരിന് തന്നെയാണ്.

അതിനാൽ ഇന്ത്യൻ പൗരത്വം നിഷേധിക്കാതിരിക്കാൻ ഇന്ത്യൻ പാസ്പോർട്ട് തന്നെ ഉപേക്ഷിക്കാതിരിക്കുക എന്ന ഉപദേശമാണ് ഇന്ത്യൻ സർക്കാർ ഒസിഐ നിർദ്ദേശങ്ങൾ വഴി ഇപ്പോൾ നൽകുന്നത്, ബ്രിട്ടൻ അടക്കം പല രാജ്യങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കാതെ തന്നെ അതാത് നാടുകളിലെ പൗര സ്വാതന്ത്ര്യം ഉപയോഗിക്കാം എന്നിരിക്കെ ധൃതിപ്പെട്ട് ഇന്ത്യൻ പാസ്പോർട്ട് എന്തിന് ഉപേക്ഷിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ചോദ്യം. ഇതാണ് ഒസിഐ കാർഡ് പരിഷ്‌കാരത്തിൽ പ്രതിഫലിക്കുന്നതും.