ലണ്ടൻ: സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ മലയാളി യുവാവിനെ കാത്തിരുന്നത് മരണമെന്ന നിത്യസത്യം. രണ്ടു പതിറ്റാണ്ടായി യുകെയിൽ ജീവിക്കുന്ന ബ്രഹ്‌മോവർ മലയാളിയായ രാജേഷ് ഉത്തം രാജാണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്ന 52കാരനായ രാജേഷ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതിനാൽ പോസ്റ്റ് മോർട്ടം നടപടികൾ വരെ ഒഴിവാക്കി മൃതദേഹം കുടുംബത്തിന് കൈമാറിയേക്കും എന്നാണ് സൂചന.

പാലക്കാട് സ്വദേശിയായ രാജേഷ് അധികം സൗഹൃദം പുലർത്തുന്ന വ്യക്തിതം അല്ലാതിരുന്നതിനാൽ ഇപ്പോഴും പ്രദേശവാസികളായ മലയാളികൾ അധികവും മരണ വിവരം അറിഞ്ഞിരുന്നില്ല. മൃതദേഹം സൂക്ഷിച്ചിരുന്നത് ഏതു ഹോസ്പിറ്റലിൽ ആണെന്നതു പോലും തുടക്കത്തിൽ അവ്യക്തത ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഏറെക്കാലമായി യുകെയിൽ ജീവിക്കുക ആണെങ്കിലും രാജേഷിനു കൗമാരം പിന്നിടാത്ത രണ്ടു കുഞ്ഞുങ്ങളാണ് കൂടെയുള്ളത്. ഭാര്യ കെയർ ഹോമിൽ ജീവനക്കാരി ആണെന്നും വ്യക്തമായിട്ടുണ്ട്.

എന്നാൽ കുടുംബത്തിന്റെ താൽപര്യം അറിഞ്ഞതോടെ ഉറ്റ ബന്ധുക്കളിൽ ഒരാളാണ് ഇപ്പോൾ സഹായവുമായി കൂടെയുള്ളത്. മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നാട്ടിലും പരിചയക്കാരുമായ അനേകം പേരെ യുകെയിൽ എത്തിക്കാൻ രാജേഷ് ശ്രമിക്കുക മാത്രമല്ല അവർക്ക് വേണ്ടി കയ്യിലെ സമ്പാദ്യവും ചിലവഴിക്കുന്നത് ശീലമായിരുന്നു എന്നാണ് ഇപ്പോൾ അടുത്തറിയുന്നവർ പറയുന്നത്. പലപ്പോഴും കുടുംബത്തിന്റെ ആവശ്യം പോലും മാറ്റിവച്ചായിരുന്നു രാജേഷിന്റെ ഈ സഹായ സന്നദ്ധത.

നഴ്‌സിങ് തൊഴിൽ പരിചയം ഉള്ള രാജേഷ് ശാരീരിക അസ്വസ്ഥതകൾ മൂലം അടുത്തകാലത്തായി ജോലിയും ചെയ്തിരുന്നില്ല. അതിനാൽ ഏറെക്കുറെ സീറോ ബാലൻസ് ശൈലിയിൽ ആയിരുന്നു രാജേഷിന്റെ ജീവിതം. ഈ സാഹചര്യത്തിൽ കുടുംബത്തിന് വേണ്ടി സഹായമൊരുക്കാൻ സാധിക്കുമോ എന്ന ചിന്ത മലയാളി സമൂഹത്തിൽ ഉയരുന്നുണ്ട്. എന്നാൽ വ്യക്തിപരമായി അടുപ്പമുള്ള ആരും മുന്നോട്ട് എത്താത്തത് പ്രതിസന്ധിയാണ്.