- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുകെയ്ക്ക് പുറമേ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കി കാനഡയും
ഒട്ടാവ: കാനഡയുടെ ചരിത്രത്തിൽ ഇതാദ്യമായി താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ, താത്ക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കുക വരുന്ന സെപ്റ്റംബറിൽ ആയിരിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ എന്നിവർക്കൊക്കെ ഇത് ബാധകമായിരിക്കും.
രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണ് വിദേശികൾ എന്നതിനാലും താമസ സൗകര്യങ്ങളുടെ അപര്യാപ്തതകൾ കാരണവും കുടിയേറ്റ നയം പരിഷ്കരിക്കുമെന്ന് മന്ത്രി നേരത്തേ പ്രസ്താവിച്ചിരുന്നു. നിലവിൽ മൊത്തം ജനസംഖ്യയുടെ 6.2 ശതമാനം വിദേശികളാണ് ഉള്ളത്. ഇത് 5 ശതമാനമാക്കി കുറക്കുമെന്നും തന്റെ പ്രസ്താവനയിൽ മന്ത്രി മില്ലർ വെളിപ്പെടുത്തിയിരുന്നു. താത്ക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്നവരുടെ എണ്ണം സുസ്ഥിരമാക്കി നിർത്തുവാനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്ത ചില വർഷങ്ങളിലായിട്ടായിരുന്നു താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചത്. 2024-ൽ 25 ലക്ഷത്തോളം താത്ക്കാലിക കുടിയേറ്റക്കാർ കാനഡയിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 2021 ൽ ഉണ്ടായിരുന്നതിനേക്കാൾ 10 ലക്ഷം പേർ കൂടുതലാണിത്. രാജ്യത്തെ പല തസ്തികകളിലേയും ഒഴിവുകൾ നികത്താൻ രാജ്യം പ്രധാനമായും വിദേശ തൊഴിലാളികളെയാണ് ആശ്രയിക്കുന്നതെന്ന് മില്ലർ പറഞ്ഞു. എന്നിരുന്നാലും സിസ്റ്റം കൂടുതൽ കാര്യക്ഷമമാകുവാൻ മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ, യുദ്ധമുഖത്തു നിന്നും, രാഷ്ട്രീയ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെട്ടും എത്തുന്നവർക്ക് അഭയം നൽകുക എന്നത് ഒരു ആഗോള ബാദ്ധ്യതയാണ്. അത് നിറവേറ്റുന്നതിൽ കാനഡ പ്രതിജ്ഞാബന്ധമാണെന്ന് പറഞ്ഞ മില്ലർ, പക്ഷെ, രാജ്യം മുൻപോട്ട് കുതിക്കുമ്പോൾ, അന്താരാഷ്ട്ര കുടിയേറ്റം എന്നാൽ എന്താണെന്ന സംവാദം ഇവിടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയത്തിന്റെ ഭാഗമായി ചില വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾക്ക് മെയ് 1 മുതൽ താത്ക്കാലിക കുടിയേറ്റക്കാരായ ചില ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വന്നേക്കാം. അതല്ലെങ്കിൽ, അവർ ചെയ്യുന്ന ജോലികൾ കാനഡയിലെ സ്ഥിര താമസക്കാരെ കൊണ്ട് ചെയ്യാൻ ആകില്ലെന്ന് തെളിയിക്കേണ്ടതായി വരും. കെട്ടിട നിർമ്മാണം, ആരോഗ്യം എന്നീ മേഖലയിൽ മാത്രമാണ് ഇത് ബാധകമാകാതിരിക്കുക. ഈ രണ്ട് മേഖലയിലും ഇപ്പോൾ കനത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുകയാണ്., ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചുരുങ്ങിയത് ഓഗസ്റ്റ് 31 വരെ എങ്കിലും സമയപരിധി ലഭിക്കും.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ അനുസരിച്ച് താത്ക്കാലിക കുടിയേറ്റക്കാരിൽ 54 ശതമാനം പേർക്ക് വർക്ക് പെർമിറ്റ് ഉണ്ട്. 22 ശതമാനം പേർ പഠനത്തിനായി കാനഡയിൽ എത്തിയവരാണ്. 15 ശതമാനത്തോളം പേർ വിവിധ കാരണങ്ങളാൽ അഭയം തേടി എത്തിയ അഭയാർത്ഥികളും. ഏതായാലും ഈ നയ മാറ്റം പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മക്ക് വിദേശ തൊഴിലാളികളെ ബലിയാടാക്കുന്നു എന്നാണ് ആരോപണം.