- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
നഴ്സിന്റെ വിചാരണ തുടങ്ങാൻ ബ്രിട്ടീഷ് കോടതി
ലണ്ടൻ: ഫെബ്രുവരി എട്ടിന് രാവിലെ ആറരയോടെ അത്യന്തം ഞെട്ടിക്കുന്ന വിവരം കേട്ടാണ് യുകെയിലെ ഈസ്റ്റ് സസെക്സ് പൊലീസും പാരാമെഡിക്‌സും അക്ഫീൽഡിലെ ഹണ്ടേഴ്സ് വേയിൽ ഉള്ള വീട്ടിലേക്കു പാഞ്ഞെത്തുന്നത്. അമ്മയും രണ്ടു മക്കളും അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന സന്ദേശം എത്തിയതോടെയാണ് മിനിട്ടുകൾക്കകം ആരോഗ്യ രക്ഷാപ്രവർത്തകർ വേഗത്തിൽ സ്ഥലത്ത് എത്തുന്നത്. ഈ സംഭവം അസാധാരണ സംഭവം എന്ന നിലയിൽ ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്ത എത്തി.
എന്നാൽ അതിനിടയിലാണ് ഹേവാർഡ് ഹീത്ത് മലയാളികൾക്കിടയിൽ സംഭവം അറിഞ്ഞതും മലയാളി കുടുംബമാണ് അത്യാഹിതത്തിൽ അകപ്പെട്ടത് എന്നും വ്യക്തമായതും. ഇതോടെയാണ് പിറ്റേന്ന് അമ്മ സ്വന്തം മക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് ജീവനെടുക്കാനുള്ള ശ്രമം പരാജയമായി പൊലീസ് കസ്റ്റഡിയിൽ ആകുകയും ചെയ്ത വാർത്ത ലോക മലയാളി സമൂഹം അറിയുന്നതും.
കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവായി ഒപ്പമുണ്ടായിരുന്ന ആൾ കേരളത്തിലേക്ക് പോയ ആഘാതത്തെ തുടർന്നാണ് കെയർ ഹോമിൽ നഴ്സായ യുവതി മക്കളുമായി ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് പിന്നീട് പുറത്തു വന്ന വിവരം. പക്ഷെ തലനാരിഴ വ്യത്യാസത്തിനു മൂവരും മരണത്തിൽ നിന്നും രക്ഷപ്പെടുക ആയിരുന്നു. പക്ഷെ ചെയ്ത കുറ്റത്തിന് ശിക്ഷ ഏൽക്കാതെ രക്ഷയില്ല എന്ന് അനുശാസിക്കുന്ന നിയമ പ്രകാരം ഇപ്പോൾ യുവതി നരഹത്യാ ശ്രമം അടക്കം ഗുരുതരമായ നാല് കേസുകളിൽ വിചാരണ നേരിടുകയാണ്. ഇവരുടെ വിചാരണ സെപ്റ്റംബർ രണ്ടാം തീയതി കേൾക്കാം എന്ന സുപ്രധാന തീരുമാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിനിടെ യുവതി തന്റെ ഭാഗം വിശദീകരിക്കുന്നതിനു സഹായകമായ ഹർജി പോലും സമർപ്പിച്ചിട്ടില്ല എന്ന സൂചനയും പുറത്തു വരുന്നുണ്ട്.
തുടക്കത്തിൽ യുവതിയുടെ കുടുംബം നിയമ സഹായം അടക്കമുള്ള കാര്യങ്ങളിൽ ഉപദേശം തേടിയിരുന്നു. എന്നാൽ ബ്രിട്ടനിലെ സാഹചര്യത്തിൽ ഏറെ പണച്ചെലവേറിയ നിയമ വ്യവസ്ഥയിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന ബാരിസ്റ്റർമാർക്കു കയ്യിൽ ഒതുങ്ങാത്ത വിധം പണച്ചിലവേറിയ കേസ് നടത്തുക കേരളത്തിലെ ബന്ധുക്കൾക്ക് പ്രയാസം നിറഞ്ഞ കാര്യം ആയിരിക്കും എന്നറിഞ്ഞു യുകെയിലെ മലയാളികൾ അടക്കമുള്ള അഭിഭാഷകരെയും ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. തുടക്കത്തിൽ പ്രാഥമിക നിയമ സഹായത്തിനു ചെറുപ്പക്കാരനായ ഒരു അഭിഭാഷകൻ തയ്യാറായെങ്കിലും സങ്കീർണമായ കേസിൽ വാദിച്ചു നിൽക്കാൻ തന്റെ നിയമ പാണ്ഡിത്യം മതിയാകില്ലെന്നു ബോധ്യമായി പിന്നീട് ഈ ശ്രമത്തിൽ നിന്നും പിന്മാറി എന്നാണ് അറിയാനായത്.
അതിനിടെ ഗുരുതരാവസ്ഥയിൽ നിന്നും മോചിതരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള സന്നദ്ധതയും നാട്ടിലെ കുടുംബം അറിയിച്ചിരുന്നെങ്കിലും ആ ശ്രമവും അധികം മുന്നോട്ടു പോയില്ല എന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ആശങ്ക ഉയർന്നതിനാൽ ബ്രിട്ടനിലെ സോഷ്യൽ കെയർ സംവിധാനം കുട്ടികളുടെ ചുമതല ഏറ്റെടുത്തുവെന്നാണ് പിന്നീട് അറിയാനായത്. കേസിൽ കുട്ടികളുടെ മൊഴിയും പ്രധാനമാണ് എന്നതിനാൽ പൊലീസ് ഇക്കാര്യത്തിൽ അതീവ ശ്രദ്ധയാണ് നൽകിയിരിക്കുന്നത്. അതേസമയം പ്രധാന കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന അതിസുരക്ഷാ ജയിലിൽ കനത്ത ജാഗ്രതയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത് എന്നും വിവരമുണ്ട്.
അടുത്തിടെ ബ്രിട്ടീഷ് പൊലീസിനെ സഹായിക്കാൻ നീതി ന്യായ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ഉദ്യോഗസ്ഥന് ഈ ജയിലിൽ എത്തേണ്ടി വന്നപ്പോൾ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ആയുധ ധാരികളായ പൊലീസുകാരുടെ സാന്നിധ്യത്തിൽ മാത്രമേ ഈ ജയിലിൽ വിചാരണ തടവുകാരെ പോലും കാണാനാകൂ എന്നതിൽ നിന്നും എത്ര വലിയ ജാഗ്രതയാണ് ഇത്തരം കേസുകളിൽ ബ്രിട്ടീഷ് നീതിന്യായ സംവിധാനം ഒരുക്കുന്നത് എന്നും വ്യക്തമാകുകയാണ്.
ഇക്കാരണത്താൽ കഴിഞ്ഞ ദിവസം വിചാരണ ആരംഭിക്കാനുള്ള തിയതി നിശ്ചയിക്കാൻ കോടതി ചേർന്നപ്പോഴും പ്രതിസ്ഥാനത്തുള്ള യുവതിയെ ഹാജരാക്കിയിരുന്നില്ല. പകരം വീഡിയോ കോൾ സംവിധാനത്തിലൂടെയാണ് ജഡ്ജി ഇവരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോട്ടയം ജില്ലക്കാരിയായ യുവതിയുടെ വിചാരണ എത്ര ദിവസത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് കോടതി രേഖകളിൽ ഇപ്പോൾ വ്യക്തമായിട്ടില്ല.
കേസിൽ മറ്റാരെയും പൊലീസ് സംശയിക്കുന്നില്ലാത്തതിനാൽ മിക്കവാറും ഒറ്റ ദിവസത്തെ വിചാരണയിൽ തന്നെ വാദം അവസാനിക്കും. തുടർന്ന് അതിവേഗം ശിക്ഷയും പ്രഖ്യാപിക്കും. 2022 ഡിസംബറിൽ കേറ്ററിംഗിൽ കൊല ചെയ്യപ്പെട്ട മലയാളി അമ്മയുടെയും മക്കളുടെയും കാര്യത്തിൽ സമാനമായ കാര്യങ്ങൾ തന്നെയാണ് കോടതിയിൽ ആവർത്തിച്ചത്. അന്നും ആറാം മാസം പിന്നിടുമ്പോഴേക്കും കോടതി നടപടികൾ പൂർത്തിയാക്കുക ആയിരുന്നു.