- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യു കെയിലെ കുത്തഴിഞ്ഞ വിസ നയം വീണ്ടും ചർച്ചകളിൽ
ലണ്ടൻ: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ കുത്തഴിഞ്ഞ പ്രവർത്തനം മൂലം കെയർ മേഖലയിൽ ജോലിക്കെത്തുന്ന ആയിരങ്ങൾ ചൂഷണത്തിന് വിധേയരാകാനുള്ള സാധ്യതയൊരുങ്ങുകയാണെന്ന് ഒരു മുൻ ബോർഡർ ഫോഴ്സ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ പേരിൽ, ചമച്ചു കൂട്ടിയ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഹോം ഓഫീസ് നൽകിയത് 275 സ്പോൺസർഷിപ് സർട്ടിഫിക്കറ്റുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മുൻ ബോർഡേഴ്സ് ആൻഡ് ഇമിഗ്രേഷൻ ഇൻസ്പെക്ടർ ഡേവിഡ് നീൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഹോം ഓഫീസിന് കെയർ മേഖലയെ കുറിച്ച് പരിമിതമായ അറിവേ ഉള്ളു എന്നാണ്. തൊഴിലാളി ക്ഷാമം രൂക്ഷമായതോടേ കെയർ വർക്കർമാരെയും ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ചേർത്ത് വിസ ഇളവുകൾ നൽകിയതിന് ശേഷവും ഹോം ഓഫീസിന്റെ ഈ മേഖലയെ കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിന്റെ ഫലമായി ഹോം ഓഫീസ് രൂപപ്പെടുത്തിയ സിസ്റ്റം നൈപുണ്യം കുറഞ്ഞവർ ഏറെ രാജ്യത്തേക്ക് കുടിയേറാൻ ഇടയായി. ഇവരിൽ പലരും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വലുതുമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ സിറ്റി എയർപോർട്ടിലെ ബോർഡർ ഫോഴ്സ് പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ടിനൊപ്പം ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഈ റിപ്പോർട്ടും പാർലമെന്റിൽ അവതരിപ്പിച്ചത്.
അതോടൊപ്പം തന്നെ സ്വകാര്യ ജെറ്റുകളുടെ വരവും ഭീഷണിയാകുന്നുണ്ട് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ എത്തുന്ന ചില സ്വകാര്യ വിമാനങ്ങൾ ഹൈ റിസ്‌ക് ഫ്ളൈറ്റ്സ് എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തുന്നത്. ഇവയുടെ അടുത്തേക്ക് പോകാനോ, അതിൽ എത്തുന്നവരുടെ വിശദാംശങ്ങൾ പരിശോധിക്കാനോ ബോർഡർ ഫോഴ്സിന് അനുവാദമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തിലെത്തുന്ന ഹൈ റിസ്‌ക് ഫ്ളൈറ്റുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രശ്നത്തിന് അടിയന്തിരമായി ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ഒരു മാധ്യമത്തിന് ചോർത്തി നൽകിയതിന് പിന്നാലെ നീലിനെ കഴിഞ്ഞമാസം ഹോം ഓഫീസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ഹോം സെക്രട്ടറിക്ക് നീലിന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് കാരണമായി പറഞ്ഞിരുന്നത്. അതേസമയം, തന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് ഹോം ഓഫീസ് വൈകിപ്പിക്കുനു എന്നായിരുന്നു നീലിന്റെ ആരോപണം.