ലണ്ടൻ: ഒരു വർഷം പതിനായിരത്തിലേറെ നഴ്‌സുമാർ യുകെയിലേക്ക് വരുന്നത് കേരളത്തിൽ നിന്നാണെന്നു കണക്കുകൾ ഒരു വശത്തു പറയുമ്പോൾ മറുവശത്തെ കണക്കിൽ ഈ നഴ്‌സുമാരിൽ നല്ലൊരു ഭാഗം ഓസ്ട്രേലിയ, ന്യുസിലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കൂടു മാറുകയുമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നേരിട്ട് ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാൻ പറ്റാത്തവരും യുകെ റൂട്ടിലാണ് അവസാന ഡെസ്റ്റിനേഷനിലേക്ക് എത്തുന്നത്. യുകെയിൽ എത്തുന്ന പാടെ പരാതിക്കെട്ട് അഴിക്കുന്നവർ കൂടെ ജോലി ചെയ്യുന്നവരെ കൂടി നിരാശയിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത് എന്നും സീനിയർ മാനേജ്മെന്റിൽ ജോലി ചെയ്യുന്നവർ പറയുന്നതിലും കാര്യം ഇല്ലാതില്ല.

യുകെയിൽ എത്തിയാലുടൻ പിറ്റേന്ന് മുതൽ ജീവിതം മാറിമറിയുമെന്നും എന്ത് സംഭവിച്ചാലും ബാൻഡ് 5ൽ കിടന്നു കാളയെ പോലെ ജോലി ചെയ്യും എന്നും തീരുമാനിച്ചവർ ഒരു പോലെ നിരാശയിലേക്ക് വീഴുന്നതാണ് ഇപ്പോൾ യുകെയിലെ ജീവിത സാഹചര്യം. ബ്രക്സിറ്റും കോവിഡും യുക്രൈൻ യുദ്ധവും ചേർന്ന് സൃഷ്ടിച്ച ട്രിപ്പിൾ ട്രബിൾ എന്നറിയപ്പെടുന്ന ദുരിത കാലത്തിലേക്ക് എത്തപ്പെട്ട മലയാളി നഴ്‌സുമാരാണ് ജീവിത ചെലവിന്റെയും മിച്ചം പിടിക്കാൻ ഒന്നും ഇല്ലാതായി പോകുന്ന സാഹചര്യത്തേയും വിലപിച്ചു നാട് വിടുന്ന പ്രവണതയിൽ മുന്നിൽ നിൽക്കുന്നവർ എന്നും ഇത് സംബന്ധിച്ച് എൻഎച്ച്എസ് ട്രസ്റ്റുകളിൽ നടന്ന ആഭ്യന്തര പഠനം സൂചിപ്പിക്കുന്നു.

ശമ്പളം കൂടുന്നില്ലെന്നു വാസ്തവം, പക്ഷെ അതിനുമപ്പുറമാണ് യുകെ നൽകുന്ന വാഗ്ദാനം

ജീവിത ചെലവിന് അനുസൃതമായി യുകെയിൽ ശമ്പളം കൂടുന്നില്ല എന്നത് വാസ്തവം തന്നെയാണ്. ഇക്കാര്യത്തിനായി വർഷങ്ങളായി യുകെയിലെ നഴ്‌സുമാർ സമര പാതയിലുമായിരുന്നു. ഒടുവിൽ ഗതികെട്ട ശേഷം സർക്കാർ നൽകിയ പാക്കേജിന് അർദ്ധ സമ്മതം മൂളുക ആയിരുന്നു നഴ്‌സിങ് സംഘടനകൾ. എന്നാൽ തുടക്കക്കാർ ശമ്പളത്തിന് വേണ്ടി പ്രയാസപ്പെടുമ്പോൾ ഉയർന്ന ബാൻഡിലേക്ക് തൊഴിൽ മാറ്റിയെടുത്താൽ മറ്റു പല രാജ്യങ്ങളെക്കാളും യുകെ നൽകുന്ന വാഗ്ദാനങ്ങൾ അനന്തമില്ലാത്തതാണ്. ബാൻഡ് ആറു വരെ ഓരോ നഴ്‌സിന്റെയും ശാരീരിക അധ്വാനം ഉപയോഗപ്പെടുത്തുന്ന എൻഎച്ച്എസ് തുടർന്നുള്ള ബാൻഡുകളിൽ നഴ്‌സുമാരുടെ ബുദ്ധിയെയും ജോലി സ്ഥലത്തെ സ്മാർട്ട് ആയ പ്രകടനത്തെയുമാണ് ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ നിർഭാഗ്യവശാൽ മലയാളികൾ പലരും ഇന്നും ഉയർന്ന ബാൻഡ് നഴ്സ് പോസ്റ്റിനോട് കാരണം കൂടാതെ മുഖം തിരിച്ചു നിൽക്കുന്നവരാണ്. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വയ്യെന്ന് പറഞ്ഞു മാറി നിൽക്കുന്നവരാണ് നല്ല പങ്കും. എന്നാൽ ഉയർന്ന ബാൻഡ് തേടി പോയി നിരാശയോടെ പഴയ ബാൻഡിലേക്ക് മടങ്ങിയവരുടെ എണ്ണം വളരെ ശുഷ്‌കവുമാണ്. ഇതിനർത്ഥം ഉയർന്ന ബാൻഡിൽ തിളങ്ങി നിൽക്കുന്നവർ തന്നെയാണ് ഓരോ മലയാളി നഴ്‌സും എന്ന് തന്നെയാണ് തെളിയുന്നതും.

സാധാരണ നഴ്സായി ജീവിക്കാൻ യുകെയിൽ വന്നു തണുപ്പടിക്കണോ?

ഒരു സാധാരണ നഴ്സ് ആയി അടിസ്ഥാന ശമ്പളത്തിൽ ജീവിക്കാൻ വേണ്ടിയാണോ യുകെയിലേക്ക് വരുന്നത്? ഈ ചോദ്യം സ്വയം ചോദിക്കാൻ തയ്യാറായാൽ തന്നെ ഉയർന്ന ബാൻഡിലേക്ക് കയറാൻ ഉള്ള യോഗ്യത ആയെന്നാണ് 20 വർഷത്തെ യുകെ ജീവിതം പിന്നിട്ട ശേഷം ഇപ്പോൾ ബിർമിങ്ഹാം - സോലിഹൾ ട്രസ്റ്റിലെ ഡെപ്യുട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയ കുമാരസ്വാമി മാരിമുത്തു പറയുന്നത്.

നഴ്‌സിങ് ജോലിയിൽ ഉന്നതങ്ങൾ ആഗ്രഹിക്കുന്നവർ ആണെങ്കിൽ യുകെ തന്നെയാണ് ഇന്ന് ലോകത്തു ആ തൊഴിലിൽ ശോഭിക്കാൻ ഏറ്റവും മികച്ച ഇടം എന്ന് ചൂണ്ടിക്കാട്ടുന്നത് ബിർമിങ്ഹാം - സോലിഹൾ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആയ കുമാരസ്വാമി മാരിമുത്തു സ്വന്തം ജീവിതത്തെ മുൻനിർത്തിയാണ്. ഇരുപതു വർഷം കൊണ്ട് യുകെയിൽ ഉന്നത നിലയിൽ എത്താനായ അനുഭവമാണ് കുമാരസ്വാമി പങ്കുവയ്ക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

യുകെയിൽ ജോലി തേടി എത്തുന്ന നഴ്‌സുമാർ ഒരു സാധാരണ നഴ്സായി ഒതുങ്ങിക്കൂടുക എന്ന സ്വപ്നത്തിൽ നിന്നും മറികടന്നു വലിയ ലക്ഷ്യങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്നവർ കൂടി ആകണം എന്നാണ് അദ്ദേഹത്തിനു പറയാനുള്ളത്. യുകെയിൽ എത്തി 20 വർഷം ഒരു വാർഡിലോ എമർജൻസി യൂണിറ്റിലോ ഒതുങ്ങികൂടാം എന്ന ആഗ്രഹത്തോടെ ആരും യുകെയിൽ വരരുത് എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

യുകെയിൽ എത്തി രണ്ടോ മൂന്നോ വർഷത്തിനകം ഒരു സ്പെഷ്യാലിറ്റി മേഖലയിൽ കഴിവ് തെളിയിക്കാൻ ഉള്ള ശ്രമമാണ് ഓരോ ഇന്ത്യൻ നഴ്‌സും ചെയ്യേണ്ടത്. ആരെങ്കിലും ഇങ്ങോട്ടു വന്നു സഹായ വാഗ്ദാനം നൽകും എന്നല്ല പ്രതീക്ഷിക്കേണ്ടത്, മറിച്ചു അങ്ങോട്ട് കയറി ചെന്ന് അവസരങ്ങൾ കൈക്കലാക്കാൻ ഉള്ള മിടുക്കാണ് കാണിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു. എൻഎച്ച്എസിൽ ജോലി ചെയ്യുമ്പോൾ എങ്ങനെ ഉയരങ്ങൾ താണ്ടാം എന്നതായിരിക്കണം ചിന്ത എന്നാണ് ആലോചിക്കേണ്ടത് എന്നും കുമാരസ്വാമി വ്യക്തമാക്കുന്നു.

എൻഎംസി കണക്കുകൾ അനുസരിച്ച് ഓരോ വർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന ഇന്ത്യൻ നഴ്‌സുമാരുടെ എണ്ണത്തിൽ കനത്ത വർധനവാണ് രേഖപ്പെടുത്തുന്നത്. 2018 ൽ വെറും 638 നഴ്‌സുമാർ രജിസ്റ്റർ ചെയ്ത ഇന്ത്യയിൽ നിന്നും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യപ്പെട്ടത് 10,841 നഴ്‌സുമാരാണ്. ഇതേകാലയളവിൽ ഫിലിപ്പിനോ നഴ്‌സുമാരുടെ എണ്ണത്തിൽ വന്ന വർദ്ധനവ് 1702ൽ നിന്നും 5118 മാത്രമാണ്. കഴിഞ്ഞ മൂന്നു വർഷമായി ബ്രിട്ടൻ കരാർ ഒപ്പിട്ട ഇന്ത്യൻ, ശ്രീലങ്ക, മലേഷ്യ, ഫിലിപ്പീൻസ്, നേപ്പാൾ, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നായി വരും വർഷങ്ങളിലും ആയിരക്കണക്കിന് നഴ്‌സുമാർ എത്തിച്ചേരും.

നിലവിൽ ഫണ്ടിങ് പ്രശ്നമാകുന്നുണ്ട് എങ്കിലും ഏതാനും മാസം കഴിഞ്ഞാൽ ഈ പ്രശ്നവും തരണം ചെയ്തു നഴ്‌സുമാരുടെ ഒഴുക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തൽ. എന്നാൽ നേപ്പാൾ, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ ഒക്കെ നഴ്‌സുമാരുടെ ആഭ്യന്തര ആവശ്യം ഉയർന്നതിനാൽ വിദേശത്തു പോകുന്നതിനു താൽകാലിക വിലക്ക് പോലും ഉണ്ടാകുന്ന സാഹചര്യത്തിൽ വിദേശ നഴ്‌സുമാരെ ലഭിക്കാൻ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ കൂടുതൽ ആനുകൂല്യം പ്രഖ്യാപിക്കാനും സാധ്യത ഏറെയാണ്.

നിലവിൽ ആരോഗ്യ സംരക്ഷണ മേഖലയിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്കു മറ്റു മേഖലയിൽ അപേക്ഷിക്കുന്നവരുടെ ശമ്പള സ്‌കെയിൽ ആവശ്യമില്ല എന്ന സർക്കാരിന്റെ പ്രഖ്യാപനം തന്നെ കൂടുതൽ നഴ്‌സുമാരെ ആകർഷിക്കാൻ ഉള്ളതാണ്. ബ്രക്സിറ്റിന്റെ ഏഴു വർഷങ്ങൾ പൂർത്തിയാകുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തൊഴിലാളികൾ വരുത്തിയ വിടവ് നികത്താൻ ഏഷ്യൻ രാജ്യങ്ങൾക്കു മാത്രമേ കഴിയൂ എന്നാണ് ബ്രിട്ടന്റെ വിലയിരുത്തൽ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അനേകായിരം ആരോഗ്യ പ്രവർത്തകർ ബ്രിട്ടൻ ഉപേക്ഷിച്ച സാഹചര്യത്തിൽ നിന്നും ഇപ്പോഴും രാജ്യത്തിനു കരകയറാൻ ആയിട്ടില്ല എന്നാണ് വിലയിരുത്തൽ.