ബ്രിട്ടണിൽ റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ തുടർച്ചയായ ഇടപെടലുകൾ ലക്ഷ്യം കണ്ടു. നഴ്സിങ് മേഖലയിലെ ശമ്പള ഘടന പൊളിച്ചു പണിയുന്നതിനുള്ള കൺസൾട്ടേഷൻ നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. നഴ്സിങ് മേഖലയ്ക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, നിലവിലെ ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കാൻ ശമ്പളഘടന പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും ഉള്ളതിന് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളിൽ നിന്നും ശേഖരിച്ച തെളിവുകൾ സർക്കാരുമായി പങ്കുവച്ചതായും ആർ സി എൻ അറിയിച്ചു.

നിലവിൽ, എൻ എച്ച് എസ്സ് ഇംഗ്ലണ്ടിലെ മുക്കാൻ ഭാഗം നഴ്സുമാരും ബാൻഡ് 5 ലും ബാൻഡ് 6 ലും ഉൾപ്പെടുന്നവരാണ്. രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. അതേസമയം നഴ്സിങ് ജോലിയിൽ കാര്യമായ വ്യത്യാസം കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ ഉണ്ടായിട്ടുമുണ്ട്.

ഉയർന്ന തലത്തിലുള്ള സ്വാശ്രയത്വവും, സ്പെഷ്യലൈസേഷനും, ഉത്തരവാദിത്ത്വവുമൊക്കെ ഇന്ന് ഈ മേഖലയിലുണ്ട്. ഒരു പുതിയ ശമ്പള ഘടനയോടു കൂടിയ പുതിയ നഴ്സിങ് കരിയർ ഫ്രെയിംവർക്കിന് മാത്രമെ നഴ്സിങ് ജീവനക്കാർക്ക് നീതിപൂർവ്വമായ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയൂ എന്ന് ആർ സി എൻ വക്താക്കൾ പറയുന്നു.

അടുത്തിടെ നടത്തിയ എംപ്ലോയ്മെന്റ് സർവ്വെയിൽ നിന്നും ലഭിച്ചതുൾപ്പടെയുള്ള തെളിവുകളാണ് ആർ സി എൻ സർക്കാരുമായി പങ്കുവച്ചിരിക്കുന്നത്. അർഹിക്കുന്ന വേതനവും അംഗീകാരവും ലഭിക്കാത്തതാണ് എൻ എച്ച് എസ് വിട്ടുപോകാൻ ആഗ്രഹിക്കുന്ന നഴ്സുമാരിൽ 70 ശതമാനം പേരും ഈ സർവ്വേയിൽ കാരണമായി ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, നിലവിലെ ബാൻഡിങ് രീതിയിലുള്ള അതൃപ്തിയും സർവ്വേയിൽ നിരവധി പേർ പ്രകടിപ്പിച്ചിരുന്നു.

ചെയ്യുന്ന ജോലിക്കും ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾക്കും യോജിച്ച ബാൻഡിലാണോ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ 66 ശതമാനം പേരുടെ മറുപടി അല്ല എന്നായിരുന്നു. 40 ശതമാനം പേർ പറഞ്ഞത് തങ്ങൾക്ക് ആവശ്യമായതിലും അധികകാലം ഒരേ ബാൻഡിൽ തുടരുന്നു എന്നായിരുന്നു. 27 ശതമാനം പേർക്ക് ഉയർന്ന ബാൻഡിലുള്ള ജോലി ലഭ്യമാകുന്നില്ല എന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.

തങ്ങളുടെ അറിവിനെയും വൈദഗ്ധ്യത്തെയും നിലവിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളെയും താരതമ്യം ചെയ്താൽ നിലവിലുള്ള ബാൻഡും ലഭിക്കുന്ന ശമ്പളവും അപര്യാപ്തമാണെന്ന്87 ശതമാനം പേർ അഭിപ്രായപ്പെട്ടിരുന്നു. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകൾ ഇനിയും നികത്താതെ കിടക്കുന്ന സാഹചര്യത്തിൽ, കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുവാനും, നിലവിൽ ജോലി ചെയ്യുന്നവരെ പിടിച്ചു നിർത്താനും അനുയോജ്യമായ ഒരു ശമ്പള ഘടന രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇപ്പോൾ ആവശ്യമായ നടപടികൾ എടുത്തില്ലെങ്കിൽ, ഈ മേഖലയിലെ പ്രതിസന്ധി ഒരുപക്ഷെ തീർക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് ആർ സി എൻ സർക്കാരിന് മുന്നറിയിപ്പും നൽകിയിരുന്നു.