- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
ലണ്ടൻ: അഞ്ചു വർഷത്തെ പ്രണയവും ജീവിതവും വഴി പിരിയുന്നു എന്നറിഞ്ഞപ്പോൾ തോന്നിയ പക. 18 വയസു മുതൽ 23 വയസു വരെ ഒപ്പം ഉണ്ടായവൾ ഇനിയില്ലെന്നു മനസിനെ ബോധ്യപ്പെടുത്താൻ ആകാതെ പോയ സാഹചര്യം. ഒപ്പം കാമുകി ആയ മലയാളി യുവതി വേർപിരിയൽ ആഘോഷിക്കും എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അതിനു അവളെ അനുവദിക്കാൻ പാടില്ലെന്ന ചിന്ത. രണ്ടു വർഷം മുൻപ് ലണ്ടനെ നടുക്കിയ റെസ്റ്റോറന്റ് കത്തിക്കുത്തിൽ പ്രതിയായ ഹൈദരാബാദ് സ്വദേശിയായ യുവാവ് പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞത് ഇങ്ങനെയൊക്കെ ആന്നെന്നു കോടതിയിൽ വെളിപ്പെട്ട വിശേഷമാണ് ഇപ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.
ഇരയായ മലയാളി യുവതിയുടെ പേരും ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. യുവാവിന് 16 വർഷത്തെ നീണ്ട തടവ് കിട്ടിയതാണ് വാർത്തയ്ക്ക് ഇന്ത്യയിൽ കൂടുതൽ പ്രാധാന്യം ലഭിക്കാൻ കാരണം. യുവതിക്ക് ജീവഹാനി സംഭവിച്ചില്ലെങ്കിലും പ്രതി കോടതിയുടെ കരുണ അർഹിക്കുന്നില്ലെന്നും വിധി പ്രസ്താവം നടത്തിയ ജഡ്ജ് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്നും ഹൈദരാബാദിന് അടുത്ത് പഠിക്കാൻ എത്തിയപ്പോഴാണ് യുവതി ശ്രീറാം അംബർലയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് യുകെയിലേക്ക് പഠിക്കാൻ പോകാനുള്ള തീരുമാനവും ഒന്നിച്ചായിരുന്നു. യുകെയിൽ എത്തി ഒന്നിച്ചു ഒരേ യൂണിവേഴ്‌സിറ്റിയിൽ പഠനവും താമസവും. ഇതിനിടയിൽ കോഴ്സ് പൂർത്തിയായതോടെയാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് യുവാവുവായി ഒന്നിച്ചു പോകാൻ പ്രയാസം ആണെന്ന് യുവതി നേരിട്ട് അറിയിക്കുക ആയിരുന്നു. മാത്രമല്ല ഒരു ഘട്ടത്തിൽ വേർപിരിയൽ ആഘോഷിക്കാൻ പോകുകയാണ് എന്നും യുവതി വ്യക്തമാക്കി.
ഇത് ശ്രീറാമിനെ അകാരണമായി പ്രകോപിതനാക്കി എന്നാണ് വിചാരണ വേളയിൽ പുറത്തു വന്ന വിവരം. തന്നെ ഉപേക്ഷിച്ചിട്ട് യുവതി ആഘോഷ ജീവിതം ആസ്വദിക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയതോടെയാണ് വക വരുത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്. നേരം പോക്കിന് വേണ്ടിയല്ല, വിവാഹം ലക്ഷ്യം വച്ചാണ് താൻ പ്രണയിക്കാൻ തയ്യാറായത് എന്നും ശ്രീറാം വെളിപ്പെടുത്തിയിരുന്നു. എന്നാൽ യുവതി വഴി മാറുക ആണെന്നു വ്യക്തമായതോടെ യുവതി പിണങ്ങിപ്പോയി താമസിക്കുന്നിടത്തു വരെയെത്തി ശ്രീറാം ബഹളം വച്ചെന്നും ജനലുകൾ തകർത്തെന്നും തുടർന്ന് അവിടെ താമസക്കാരൻ ആയിരുന്ന യുവാവ് ശ്രീറാമിനെ ആക്രമിച്ചെന്നും ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ കഴുത്തിൽ ആഴത്തിൽ പത്തിഞ്ചു താഴ്ചയിൽ ഏറ്റത് അടക്കം നെഞ്ചിലും വയറിലും പുറത്തും ഒക്കെയായി ഒൻപതു തവണയാണ് ശ്രീറാം യുവതിയെ കുത്തി പരുക്കേൽപ്പിച്ചത്. ഇത്രയും ഗുരുതരമായ പരിക്കിൽ നിന്നും യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് കോടതി വിധിയിൽ വ്യക്തമാകുകയും ചെയ്തിരുന്നു. അതിനാൽ ശ്രീറാം ദയയുടെ ഒരാനുകൂല്യവും അർഹിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ആറു ശസ്ത്രക്രിയ വഴി ജീവിതത്തിലേയ്ക്ക് യുവതി മടങ്ങി എത്തിയത്.
യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യവുമായി യുവാവ് നടത്തിയ ഇന്റർനെറ്റ് തിരച്ചിലുകളും കോടതി ശക്തമായ തെളിവുകളാക്കി കണക്കാക്കി. ഒരാളെ എങ്ങനെ നിസാരമായി കൊല്ലാം, കത്തിക്കുത്തിൽ ഏറ്റവും വേഗത്തിൽ കൊല്ലുന്നത് എങ്ങനെ, കൊലയ്ക്ക് ശേഷം ബ്രിട്ടനിലെ നിയമ നടപടി എന്ത്, തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ശ്രീറാം ഇന്റർനെറ്റിൽ തിരഞ്ഞത്. കൊലയ്ക്ക് ശേഷം രക്ഷപെടാൻ ശ്രമിക്കാതെ പൊലീസിന് കീഴടങ്ങിയതും ഇത്തരം ഇന്റർനെറ്റ് തിരച്ചിലിന്റെ ഭാഗം ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ യുവതിക്കേറ്റ മാരകമായ പരുക്കുകൾ യുവാവിനുള്ള ശിക്ഷ ഉയർത്തുക ആയിരുന്നു.
കൊലപാതകത്തിന്റെ ആസൂത്രണത്തിലേക്കാണ് ഇയാളുടെ ഇന്റർനെറ്റ് തിരച്ചിൽ അന്വേഷക സംഘത്തെ എത്തിച്ചത്. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണം എന്ന് കോടതിയിൽ സ്ഥാപിക്കാനും ഇതുവഴി പ്രോസിക്യൂഷന് സാധിച്ചു. വിവാഹം കഴിക്കാൻ സാധിക്കാത്തതിന് കൊല്ലാൻ തുടങ്ങിയാൽ എന്താണ് സ്ഥിതി എന്നാണ് കേസിനെ തുടർന്ന് കോടതിയിൽ ഉണ്ടായ പൊതു വികാരം. യുവതി ബോധരഹിതയായി നിലത്തു വീണിട്ടും ക്രോധം അടക്കാതെ വീണ്ടും ആക്രമിക്കാൻ തയ്യാറായത് ഇയാൾക്ക് മാനസിക രോഗത്തിന്റെ ലക്ഷണം ആണ് തെളിയിക്കുന്നത് എന്നും ഒരു വേള സംശയം ഉയർന്നിരുന്നു. രണ്ടു മനഃശാസ്ത്രജ്ഞർ ഇയാളെ പലവട്ടം ചോദ്യം ചെയ്യുകയും ചെയ്തത് കോടതി നിർദ്ദേശത്തെ തുടർന്നാണ്.
യുവതി ജോലി ചെയ്യുന്ന റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എന്ന വ്യാജേനെയാണ് ശ്രീറാം എത്തുന്നതും ഭക്ഷണം ഓർഡർ ചെയ്ത ശേഷം കൃത്യ നിർവഹണം നടത്തുന്നതും. യുവതിയുടെ ശ്രദ്ധ മാറാൻ ഭക്ഷണം വേഗത്തിൽ ഓർഡർ ചെയ്ത യുവാവ് കിട്ടിയ തക്കം ഫലപ്രദമായി ഉപയോഗിച്ചാണ് യുവതിയെ കീഴ്പ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നിസാരമായി നീങ്ങാമായിരുന്ന കുറ്റമാണ് പ്രതി ചെയ്തത് എന്നതിനാൽ ശിക്ഷ കാലാവധി തീരും വരെ പരോൾ നൽകരുത് എന്നും കോടതി നിർദ്ദേശമുണ്ട്.