ലണ്ടൻ: ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ മൂർദ്ധന്യതയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ, ബ്രിട്ടനിലെ ഇന്ത്യൻ വംശജരിലേക്കും അത് പടരുകയാണ്. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി ജി പി യു കെ (യു പി ചാപ്റ്റർ) ന്റെ നേതൃത്വത്തിൽ ഞായറാഴ്‌ച്ച 'റൺ ഫോർ മോദി' എന്ന പരിപാടി സംഘടിപ്പിച്ചു കൊണ്ടാണ് ഒരു കൂട്ടം ഇന്ത്യാക്കാർ തെരഞ്ഞെടുപ്പ് ചൂട് ലണ്ടൻ തെരുവുകളിൽ എത്തിച്ചത്. റൺ ഫോർ മോദി എന്നായിരുന്നു പേർ നൽകിയതെങ്കിലും, നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ തെരുവുകളിലൂടെ നടക്കുകയായിരുന്നു.

ബ്രിട്ടനിലെ ഇന്ത്യൻ വംശജർ ബി ജി പി ക്കും നരേന്ദ്ര മോദിക്കും അകമഴിഞ്ഞ പിന്തുണ നൽകിയ പരിപാടി പൂർണ്ണമായും ഒരു വിജയമായിരുന്നു എന്നാണ് സംഘാടകർ അവകാശപ്പെട്ടത്. ചെറുതായൊരു ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും, 500 ൽ അധികം പേർ ഈ നടത്തത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെസ്റ്റ്മിനിസ്റ്റർ പീറിൽ നിന്നും ആരംഭിച്ച നടത്തം ലണ്ടൻ നഗര ഹൃദയത്തിൽ കൂടി സഞ്ചാരിച്ച് ടവർ ബ്രിഡ്ജിലെത്തി അവാസാനിക്കുകയായിരുന്നു.,

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവർ ബിജെപി പതാകക്ക് പുറമെ ഇന്ത്യൻ ദേശീയ പതാകയും ബ്രിട്ടീഷ് പതാകയും ഏന്തിയിരുന്നു. പ്രകടനത്തിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഫ്രണ്ട്‌സ് ഓഫ് ബിജെപി യു കെയുടെ വൈസ് പ്രസിഡണ്ട് ആനന്ദ് ആര്യ സംസാരിച്ചു. ബ്രിട്ടനിലെ ഇന്ത്യാക്കാരുടെ ആദരവാണ് ഇതുവഴി മോദിക്ക് നൽകിയതെന്നും ചടങ്ങിൽ പ്രസംഗിച്ച സുരേഷ മഗൾഗിരിയും പറഞ്ഞു.

ഏതായാലും, ഈ പരിപാടി ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുത്തു. ഇന്ത്യൻ ജനതയുടെ ഐക്യ പ്രകടനമായാണ് ചില മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ, വികസന സങ്കൽപങ്ങൾക്കും, ഇന്ത്യയുടെ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങൾക്കും ലഭിച്ച പിന്തുണയായിരുന്നു ഇത്രയും പേർ പ്രതികൂല കാലാവസ്ഥ അതിജീവിച്ചും പ്രകടനത്തിൽ പങ്കെടുത്തതിലൂടെ സൂചിപ്പിക്കുന്നതെന്നും ചിലർ എഴുതുന്നു.