- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
ലണ്ടൻ: യുകെയിൽ ഡെർബിക്കടുത്ത് ബർട്ടണിൽ ചാർട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. വീട്ടിൽ വ്യായാമം ചെയ്യവേ 25കാരിയായ ജെറീന ജോർജ്ജ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ബർട്ടണിലെ ജോർജ്ജിന്റെയും റോസ്ലിയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ജെറീന. അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയിൽ തകർന്നിരിക്കുകയാണ് കുടുംബം.
പഠനം പൂർത്തിയാക്കി നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ച ജെറീനയുടെ വിവാഹവും നടത്താൻ തീരുമാനിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നടക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. വീട്ടിലെ ഇളയ കുട്ടിയായതിനാൽ തന്നെ ജെറീനയുടെ വിവാഹം കാണാൻ കൊതിച്ചിരിക്കുകയായിരുന്നു മാതാപിതാക്കളും ചേച്ചിമാരുമൊക്കെ. അതേക്കുറിച്ചുള്ള സ്വപ്നങ്ങളും പദ്ധതികളും എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായെന്ന് വിശ്വസിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. മിനിറ്റുകൾക്ക് മുമ്പ് വരേയും തങ്ങളോട് ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞവൾ ഇനിയില്ലെന്ന സത്യം എങ്ങനെ ഉൾക്കൊള്ളുമെന്നറിയാതെ സങ്കടക്കടലിൽ മുങ്ങിയിരിക്കുകയാണ് കുടുംബം.
നാട്ടിൽ അങ്കമാലി കറുകുറ്റിയിലാണ് ജെറീനയുടെ മാതാപിതാക്കളുടെ സ്വദേശം. ജെറീനയുടെ വിയോഗത്തിൽ തളർന്ന കുടുംബത്തിന് സാന്ത്വനമായി മലയാളി സമൂഹം ഒപ്പം തന്നെയുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.