- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടണിലെ മിക്ക കെയർ ഹോമിലും കിടപ്പുകാരെ കിട്ടാൻ മാനേജർമാർ നെട്ടോട്ടത്തിൽ
ലണ്ടൻ: ബ്രിട്ടനിൽ അടിസ്ഥാന ശമ്പളം മണിക്കൂറിനു 1144 ആയി ഉയർത്തിയ ശേഷം ഒരൊറ്റ മാസത്തെ ശമ്പളം മാത്രമാണ് ഇപ്പോൾ ജീവനക്കാരുടെ കയ്യിൽ കിട്ടിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഉയർത്തിയ ശമ്പളത്തിന്റെ ബാധ്യത തങ്ങൾക്ക് താങ്ങാനാകുന്നില്ല എന്നാണ് കെയർ ഹോമുകൾ അടക്കം ഉള്ളവയുടെ പരാതി. ഒരൊറ്റ മാസം കൊണ്ട് തന്നെ തൊഴിൽ ഉടമകൾ പരാതി ഉയർത്തി എന്നത് അമ്പരിപ്പിക്കുന്നതായി. ജീവിത നിലവാര കണക്കുകൾ അന്തം വിട്ടു പാഞ്ഞതും നാണയപ്പെരുപ്പം ഉയർന്നതും അടിസ്ഥാന ജനവിഭാഗത്തെയാണ് ഏറ്റവും അധികം ബാധിച്ചത് എന്നതുകൊണ്ടാണ് സർക്കാർ ഈ വിഭാഗത്തിന് ഒരു ദിവസം പരമാവധി 12 പൗണ്ട് എങ്കിലും അധികമായി ലഭിക്കണം എന്ന ആഗ്രഹത്തോടെ ഏതാനും മാസം മുൻപ് മിനിമം വേജ് ഉയർത്തിയത്. എന്ന ഈ നടപടി പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന അവസ്ഥയിലായ കെയർ ഹോമുകളെ പൂട്ടിക്കാൻ മാത്രമേ കാരണമാകൂ എന്നാണ് ഇപ്പോൾ കെയർ ഹോം ഉടമകൾ ഉയർത്തുന്ന പരാതി.
യുകെയിൽ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന തൊഴിൽ വിഭാഗമായ കെയറർമാർക്ക് സർക്കാർ ഉറപ്പ് നൽകുന്ന മിനിമം ശമ്പളം നൽകിയാൽ തങ്ങളുടെ ബിസിനസ് പൂട്ടേണ്ടി വരും എന്നാണ് ആർത്തി പിടിച്ച കെയർ ഹോം ഉടമകളുടെ പരാതി. പത്തു പേരുള്ള ഒരു കെയർ ഹോമിന് മിനിമം വേജ് മണിക്കൂറിന് ഒരു പൗണ്ട് ഉയർന്നപ്പോൾ രാവും പകലും ചേർന്ന് ഏകദേശം 150 പൗണ്ടിന്റെ എങ്കിലും അധിക ചെലവ് ഉണ്ടാകും. ഇത് ഒരു വർഷത്തേക്ക് ആകുമ്പോൾ ഏകദേശം 54,000 പൗണ്ടിന്റെ അധിക ബാധ്യത ആകുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന പരിഭവം.
എന്നാൽ കെയർ മേഖലയിൽ മാത്രമല്ല യുകെയിലെ എല്ലാ വിഭാഗം തൊഴിൽ സ്ഥാപനങ്ങളിലും ഈ ശമ്പള വർധന ബാധകം ആണെന്നിരിക്കെ കെയർ ഹോം ഉടമകൾക്ക് മാത്രം പരാതി ഉയരുന്നത് അവർ ലാഭത്തിൽ മാത്രം കണ്ണ് വയ്ക്കുന്നതുകൊണ്ടാണ് എന്ന് കെയർമാർ അംഗങ്ങളായ തൊഴിൽ യൂണിയനും കുറ്റപ്പെടുത്തുന്നു. യുകെയിൽ കെയർ ഹോമുകൾ സേവനത്തേക്കാൾ ഉപരി ബിസിനസ് കണ്ണിൽ പ്രവർത്തിക്കുകയാണ് എന്ന വാർത്ത ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി സഹായത്തോടെ ലാൻസെറ്റ് ആണ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
ശമ്പളം കൂട്ടാമെന്നു പറഞ്ഞത് ബോറിസ് ജോൺസൺ, മിനിമം വേജ് പോലും നൽകുന്നത് പ്രയാസമെന്നു കെയർ ഹോമുകൾ
കോവിഡ് ബാധിച്ചു അത്യാസന്ന നിലയിൽ കിടന്ന അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കെയറർമാരുടെ ശമ്പളം അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം അല്ലെന്നും കെയറർമാർക്ക് മാന്യമായ വേതനം സർക്കാർ ഉറപ്പു നൽകുമെന്നും പറഞ്ഞിട്ടും നാല് വർഷം പിന്നിടുകയാണ്. അതിനിടയിലാണ് ശമ്പള വർധന പോലും അല്ലാത്ത മിനിമം വേജ് പോലും നൽകുന്നത് സാധ്യമല്ലെന്ന പരാതിയുമായി കെയർ ഹോം ഉടമകൾ രംഗത്ത് വരുന്നത്. ഇത്തരത്തിൽ വേതനം നൽകണം എങ്കിൽ കൗൺസിലുകൾ കെയർ ഹോമുകൾക്ക് നൽകുന്ന ഫണ്ട് വർധിപ്പിക്കണം എന്നാണ് കെയർ ഹോം മാനേജ്‌മെന്റുകളുടെ ആവശ്യം.
എന്നാൽ ഏറെക്കുറെ പാപ്പരായി നീങ്ങുന്ന പല കൗൺസിലുകൾക്കും ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ല. പ്രവർത്തന ചെലവ് കൂടുമ്പോൾ കിടപ്പ് രോഗികൾ വാടക കൂട്ടി നൽകണം എന്ന് കെയർ ഹോമുകൾ വാദിക്കുമ്പോൾ ഇത് പൂർണമായും ബിസിനസ് കണ്ണിൽ കാണേണ്ട മേഖല അല്ലെന്നാണ് എതിർവാദം ഉയരുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ കെയർ ഹോമുകൾ ഷിഫ്റ്റുകൾ വെട്ടികുറയ്ക്കുകയാണ്. ഇത് കെയർ ഏജൻസി ബിസിനെസിനെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. ആഴ്ചയിൽ നാലും അഞ്ചും ഷിഫ്റ്റുകൾ ഏജൻസി വഴി ലഭിച്ചിരുന്ന കെയറമാർക്ക് ഇപ്പോൾ ആഴ്ചയിൽ ഒരു ഷിഫ്റ്റ് പോലും ലഭിക്കാനുള്ള സാഹചര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഒറ്റവർഷം കൊണ്ട് ഇല്ലാതായത് 1800 ലേറെ ബെഡ് സ്‌പേസുകൾ, ഇപ്പോൾ ആകെയുള്ള താമസക്കാർ 4,61,958
അതിനിടെ കൗൺസിലുകളിൽ ഫണ്ട് ഇല്ലാതായതോടെ വെറും ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ മാത്രമായി കെയർ ഹോമുകൾക്ക് നഷ്ടമായത് 1800 ബെഡുകളാണ്. ഇത്രയും ബെഡിൽ എത്തേണ്ട രോഗികൾക്കുള്ള ഫണ്ട് നൽകാൻ ഇല്ലാതായതോടെയാണ് ഈ കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് ഈ കുറവ് വന്നിരിക്കുന്നത്. സിക്യൂസി രജിസ്റ്റേർഡ് ചെയ്ത കെയർ ഹോമുകളിലും 4,63,765 പേര് കഴിഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോൾ കഴിയുന്നത് 4,61,958 പേര് മാത്രമാണ്. ഓഫിസ് ഫോർ നാഷണൽ സ്റ്റേറ്റികിസ് ആണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഇതും കെയർ ഹോമുകളുടെ വരുമാനത്തെയാണ് ബാധിക്കുന്നത്.
രണ്ടോ മൂന്നോ ബെഡ് ഒഴിഞ്ഞു കിടന്നാൽ പോലും മിക്ക കെയർ ഹോമുകൾക്കും സമ്മർദ്ദമാണ്. ബെഡുകളിൽ രോഗികളെ നിറയ്ക്കാൻ ഇത്തരം സന്ദർഭങ്ങളിൽ മാനേജർമാർ നെട്ടോട്ടം ഓടണം. ഓരോ കെയർ ഹോമിനും അനുയോജ്യരായ താമസക്കാരെ മാത്രമേ കണ്ടെത്താനാകൂ എന്ന പ്രയാസത്തിനൊപ്പം പരമാവധി ശേഷിയിൽ ആളുകളെ താമസിപ്പിക്കാൻ ഫണ്ടിലെന്ന പേരിൽ വെട്ടിക്കുറവ് കൂടി സംഭവിക്കുമ്പോൾ കെയർ ഹോമുകളുടെ നിലനിൽപ്പും പ്രശ്നത്തിലാകും. ഈ സാഹചര്യത്തിലാണ് മിനിമം വേജിൽ ഉണ്ടായ വർധന ഇരുട്ടടി ആയി മാറുകയാണ് എന്ന് കെയർ ഹോം ഉടമകളുടെ ഭാഗത്തു നിന്നും പരാതി ഉയർന്നിരിക്കുന്നത്.
നഷ്ടത്തിലോടുന്ന കെയർ ഹോമുകൾ പൂട്ടും, മലയാളികൾക്ക് ജോലി നഷ്ടമാകും, വിസ കച്ചവടക്കാർക്ക് നൽകുന്ന 15,000 പൗണ്ട് വെള്ളത്തിലാകും
ഇപ്പോൾ നഷ്ടത്തിലോടുന്ന പല കെയർ ഹോമുകളും പൂട്ടേണ്ട സാഹചര്യം നിലനിൽക്കുകയാണ്. അവശേഷിക്കുന്ന പലതും കൗൺസിലുകൾ ഏറ്റെടുത്തേക്കും. എന്നാൽ കെയർ ഹോമുകൾ പൂട്ടിയാൽ അടുത്ത കാലത്തു ജോലിക്കെത്തിയ മലയാളികളുടെ ജീവിതവും വെള്ളത്തിലാകും.
പലയിടത്തും സിഒഎസ് ലഭിക്കാൻ പ്രയാസം ആണെന്ന് ബോധ്യപ്പെടുത്തി നിലവിൽ യുകെയിൽ കഴിയുന്ന ജോലി നഷ്ടമായ മലയാളികൾ, പോസ്റ്റ് സ്റ്റഡി വിസയിൽ ഉള്ള വിദ്യാർത്ഥികൾ എന്നിവരെ ടാർജറ്റ് ചെയ്തു 15,000 പൗണ്ടിന് വിസ നൽകാം എന്ന വാഗ്ദാനം എത്തിയിട്ടുണ്ട്. ക്രോയ്ഡോൺ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഈ ഓഫറുകൾ. എന്നാൽ ഇങ്ങനെ ജോലിക്ക് കയറുന്നവരുടെ സ്ഥാപനം പൂട്ടിപ്പോയാൽ തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല എന്ന് പറയുവാൻ വേണ്ടി തന്നെ പണം അക്കൗണ്ടിൽ വേണ്ട എന്നാണ് ഇടനിലക്കാർ പറയുന്നത്.
മുൻപേ കുപ്രസിദ്ധി നേടിയ സോളിസിറ്റർ അടക്കമുള്ള റാക്കറ്റിന്റെ കയ്യിലാണ് ഇത്തരം കെയർ ഹോമുകൾ ബിസിനസ് കണ്ടെത്തുന്നത്. പതിനായിരം പൗണ്ട് കെയർ ഹോം ഉടമക്കും ശേഷിക്കുന്നത് ഇടനില സംഘത്തിനും എന്നതാണ് നിലവിലെ ഫോർമുല. കെയർ ഹോമിനുള്ള പതിനായിരം പൗണ്ട് അടക്കം കാശായി തന്നെ കൈമാറണം എന്നതാണ് വ്യവസ്ഥ. പണം കൈമറിഞ്ഞു എന്നതിന് തെളിവ് ഇല്ലാതാക്കുകയാണ് ഗൂഢ സംഘത്തിന്റെ ലക്ഷ്യം എങ്കിലും ഇവർ പറയുന്ന കാര്യങ്ങൾ ഒക്കെ ഡിജിറ്റൽ തെളിവുകളാക്കി സ്മാർട്ട് ആകുകയാണ് പണം നൽകുന്ന ഉദ്യോഗാർത്ഥികൾ.
ജോലി പോയാൽ കാശു തിരികെ വാങ്ങിച്ചിരിക്കും എന്നാണ് അടുത്തിടെ പണം കൈമാറിയ യുവതികൾ ബ്രിട്ടീഷ് മലയാളിയോട് വെളിപ്പെടുത്തിയത്. ജോലി ഉറപ്പും സ്ഥാപനത്തിൽ എത്തി ട്രെയിനിങ്ങും ഇ ലേണിങ് അടക്കമുള്ള പരിശീലനവും നേടിയ ശേഷമാണ് ഇവർ പണം കൈമാറിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഇനി വിസാ കച്ചവടത്തിന് വലിയ സ്‌കോപ് ഇല്ലെന്നു വ്യക്തമായതോടെയാണ് കച്ചവട ലോബി യുകെയിൽ അവശേഷിക്കുന്നവരെ വല വിരിച്ചിരിക്കുന്നത്.