ലണ്ടൻ: പ്രാദേശിക കാർണിവൽ പോലെയുള്ള ബഹുജന ആഘോഷങ്ങളിൽ മാഞ്ചസ്റ്ററിലും ഡോർസെറ്റിലും പോർട്സ്മൗത്തിലും ഒക്കെ വാർത്തകളിൽ നിറഞ്ഞ മലയാളി സമൂഹത്തിലേക്ക് ലൂട്ടനിലെ മലയാളികളും. രണ്ടു പതിറ്റാണ്ടായി ലൂട്ടനിൽ സജീവമായ മലയാളി സമൂഹം ഇത്തവണ ആദ്യമായി ലൂട്ടണ് കാർണിവലിൽ ഭാഗമായപ്പോൾ മലയാളക്കരയുടെ തനത് കാഴ്ചകൾ ഒപ്പിയെടുക്കാൻ ടിവി ക്യാമറാ സംഘങ്ങൾ വട്ടമിടുക ആയിരുന്നു.

എല്ലാ കാർണിവലിലും സ്ഥിരം കാണുന്ന കാഴ്ചകൾ കണ്ടു മടുത്ത ബ്രിട്ടീഷുകാരും മലയാളത്തിന്റെ തനതു സൗന്ദര്യവും നൃത്ത ചുവടുകളും മനസിലും മിഴിയിലും ഒപ്പിയെടുക്കാൻ തിരക്ക് കൂട്ടുന്നത് ലൂട്ടൻ കാർണിവലിൽ നിറഞ്ഞ കാഴ്ചയായി. നീല കരയുള്ള സെറ്റ് മുണ്ടും നീല ബ്ലൗസും അണിഞ്ഞ സുന്ദരിമാർ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തപോലെയുള്ള ദൃശ്യ ഭംഗിയാണ് ലൂട്ടന് സമ്മാനിച്ചത്. തിരുവാതിര വേഷക്കാർക്കൊപ്പം ഭരതനാട്യ നർത്തകരും ഉണ്ണിയാർച്ച കുഞ്ഞുങ്ങളും ഒക്കെയായപ്പോൾ മലയാള നാട് ലൂട്ടനിലേക്ക് വിരുന്നു വന്നപോലെയായി കാർണിവൽ കാഴ്ചകൾ.

കാർണിവലിൽ ലുക്കയെ പ്രതിനിധീകരിച്ച് 29 പേരാണ് പങ്കെടുത്തത്. ലുക്ക പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ ടീം ലീഡറായി പ്രവർത്തിച്ച സംഘത്തിൽ മിഷേൽ, ദിശാന, ജൂലിയറ്റ്, അലസിയ ഉണ്ണിയാർച്ച ടീം (ചെറിയ പെൺകുട്ടികൾ), ദേവസേന, സാറ, ഇസബെൽ, ഹിമ, നക്ഷത്ര, അക്ഷര, ഏയ്ഞ്ചൽ, ആഗ്നസ് ജിജോ, ശിഖ, ആഗ്നസ് ടോം, റേച്ചൽ എന്നിവർ ക്ലാസിക്കൽ ഡാൻസ് (പെൺകുട്ടികൾ), ജിജി, ജെസ്ലി, നൈസി, ലത, ഷീജ, ആൻസി, ഷിജി, നിഷ എന്നിവർ തിരുവാതിര (സ്ത്രീകൾ), അലോഷ്യസ്, ജസ്റ്റിൻ, പ്രവീൺ, ടോണി, സുഭാഷ്, ടോം എന്നിവരാണ് കേരള വേഷവിധാന (പുരുഷന്മാർ)വും അണിഞ്ഞത്.

2024 മാർച്ചിലാണ് കാർണിവലിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലൂക്കയ്ക്ക് ലഭിച്ചത്. ടീം ലീഡർ എന്ന നിലയിൽ അലോഷ്യസിന് യോഗ്യത നേടുന്നതിന് നിരവധി രേഖകൾ ഹാജരാക്കുന്നതും ഇതിനായി നിർബന്ധിത മീറ്റിംഗുകളിൽ പങ്കെടുക്കുന്നതും ഉൾപ്പെടെ നിരവധി ഘട്ടങ്ങളാണ് പൂർത്തിയാക്കിയത്. ശാസ്ത്രീയ നൃത്തവും തിരുവാതിരയും അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയതും വസ്ത്രാലങ്കാരം ഒരുക്കിയതും ജിജിയാണ്. പരേഡിനിടെ കുട്ടികൾക്ക് നൃത്തം ചെയ്യാനുള്ള നൃത്ത ചലനങ്ങൾ ടോണി പ്രദർശിപ്പിച്ചു.

ലൂട്ടൺ ഇന്റർനാഷണൽ കാർണിവലിൽ ബിബിസി ലൂക്കയെ അഭിമുഖം നടത്തിയതും ആവേശഭരിതമായ കാഴ്ചയായി. ക്ലാസിക്കൽ നൃത്തവും തിരുവാതിരയും ഒക്കെ മറ്റ് പ്രകടനങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാൽ ജനക്കൂട്ടം പൂർണമായും ആസ്വദിച്ചു. പ്രകടനത്തിന് തൊട്ടുമുമ്പ് മഴ പെയ്തപ്പോൾ ആ മഴയെ പോലും വകവെക്കാതെയാണ് ജനക്കൂട്ടം മഴയിൽ കാത്തിരുന്ന് ലൂക്കയുടെ പ്രകടനം ആസ്വദിച്ചത്.

പരേഡിലുടനീളം പ്രകടനത്തിനിടയിലും കാണികളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. മാത്രമല്ല, ലൂട്ടൺ ഇന്റർനാഷണൽ കാർണിവലിൽ ലുക്കയുടെ പങ്കാളിത്തം യുകെയിലെ മലയാളികൾക്ക് അഭിമാനകരമായ നിമിഷവുമാണ് സമ്മാനിച്ചത്.