- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ലണ്ടനിൽ ഒരു സുരക്ഷയും ഇല്ലെന്നു മലയാളികളും തിരിച്ചറിയുന്ന നാളുകൾ
ലണ്ടൻ: ഹാക്‌നി ടർക്കിഷ് റെസ്റ്റോറന്റിലെ വെടിവയ്‌പ്പ് നടന്നിട്ടു 48 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുന്നു. മലയാളി കുട്ടി അടക്കം നാലു പേർക്ക് വെടിയേറ്റ സംഭവത്തിൽ മിനിട്ടുകൾക്കകം പാഞ്ഞെത്തിയ പൊലീസിന് അക്രമിയെ പിന്തുടരാൻ കഴിഞ്ഞില്ല എന്നത് കടുത്ത വിമർശത്തിന് കാരണമാകുകയാണ്. ഹെൽമെറ്റ് ധരിച്ചെത്തിയ അക്രമിയുടെ ഒരു രേഖ ചിത്രം പോലും തയ്യാറാക്കാനോ സംശയമുള്ള ഗുണ്ടാ പട്ടികയിൽ നിന്നും ആരെയെങ്കിലും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനോ പൊലീസിന് സാധിച്ചിട്ടില്ല എന്നാണ് ബ്രിട്ടീഷ് മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അക്രമി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മോട്ടോർ ബൈക്കിന്റെ ചിത്രം ഇന്നലെ ഉച്ചക്ക് ശേഷം പുറത്തു വിട്ടതാണ് അന്വേഷണത്തിലെ ഏക പുരോഗതി എന്ന് പറയാവുന്ന നേട്ടം. പരുക്കേറ്റവരിൽ മൂന്നു പേർ എതിർ ഗുണ്ടാ സംഘത്തിൽ പെട്ടവർ ആണെന്ന സൂചന വന്നിട്ടും ഇവരിൽ രണ്ടു പേരുടെ ആരോഗ്യ നില താരതമ്യേനേ തൃപ്തികരം ആയിട്ടും എന്തുകൊണ്ടാണ് പൊലീസിന് ഇവരെ ചോദ്യം ചെയ്ത അക്രമിയിലേക്കുള്ള ദൂരം കുറയ്ക്കാനാകാത്തത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അക്രമി ലക്ഷ്യം വച്ച എതിർ സംഘത്തിലേതെന്നു കരുതപ്പെടുന്ന പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ നിസാര പരുക്കുകളുടെ പേരിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുമുണ്ട്.
അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ നിലയിൽ കാര്യമായ മാറ്റം ഇല്ലെന്നാണ് പൊലീസ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയത്. എൻഎച്ച്എസ് ഡോക്ടർമാരുടെ സംഘം രാപ്പകൽ കുട്ടിയെ നിരീക്ഷിച്ചു സാധ്യമായ ചികിത്സകൾ എല്ലാം നൽകുന്നുണ്ട്. അപകടത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിൽ ആയ കുട്ടിയുടെ മാതാപിതാക്കൾക്ക് സാന്ത്വനമാകാൻ പൊലീസ് പ്രത്യേകം ഓഫീസർമാരെയും ചുമതലപെടുത്തിയിട്ടുണ്ടെന്നു ഡെപ്യുട്ടി ചീഫ് സൂപ്രണ്ടന്റ് ജെയിംസ് കോൺവെ വ്യക്തമാക്കി. അതിനിടെ ടർക്കിഷ്, കുർദിഷ് സമൂഹങ്ങളിൽ ഉൾപെട്ടവരാണ് അക്രമികളും പരുക്കേറ്റ മറ്റുള്ളവരും എന്ന സൂചനയും പൊലീസ് നൽകുന്നു.
അക്രമി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന വെളുത്ത ഡെകാട്ടി മോൺസ്റ്റർ ബൈക്കിന്റെ ചിത്രവും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മൂന്നു വർഷം മുൻപ് വെംബ്ലി പ്രദേശത്തു നിന്നും മോഷ്ടിക്കപെട്ടതാണ് ഇതെന്നും പൊലീസ് പറയുന്നു. ബൈക്ക് എവിടെ എങ്കിലും കാണാനായാൽ പൊലീസിനെ അറിയിക്കണം എന്നാണ് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെടുന്നത്. അക്രമി നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത അക്രമം ആണെന്നും പൊലീസ് സംശയിക്കുന്നു. അക്രമി കൃത്യമായി വെടി ഉതിർക്കാൻ പരിശീലനം ലഭിച്ച വ്യക്തിയാണെന്നും സംശയിക്കപ്പെടുന്നുണ്ട്. ലക്ഷ്യമിട്ട മൂന്നു പേരെയും അക്രമിക്ക് പരുക്കേൽപ്പിക്കാനായത് ഇതിന്റെ തെളിവാണ്. എന്നാൽ മലയാളി കുട്ടിക്ക് ഇതിനിടയിൽ അബദ്ധത്തിൽ വെടി ഏൽക്കുക ആയിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വംശീയ വിദ്വേഷം പുലർത്തുന്ന ജനതയാണ് ടർക്കിഷുകളും കുർദിഷുകളും. ഇവർ തമ്മിൽ ഉള്ള കലഹത്തിൽ ചുരുങ്ങിയത് 34,000 പേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽ ഉൾപ്പെട്ടതാണ് ഇരു സമൂഹവും. കുർദിഷുകളിൽ ഭൂരിഭാഗവും സുന്നി മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുന്നവരുമാണ്. ഇവർ തമ്മിൽ ഉള്ള കലഹം ലണ്ടനിലെ ഇവർക്ക് ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളിലും പതിവാണ്. ഇത്തരം കലഹത്തിന്റെ ഭാഗമാണോ അതോ ലഹരിയും മയക്കുമരുന്നും വ്യാപാരവും നിയന്ത്രിക്കുന്ന മാഫിയ സംഘട്ടനമാണോ ഹാക്‌നി വെടിവയ്‌പ്പിൽ എത്തിച്ചതെന്നും അക്രമിയെ കണ്ടെത്തുന്നതിലൂടെയേ പൊലീസ് വ്യക്തമാക്കൂ.
ഗാങ് വാറിൽ നഷ്ടമാകുന്ന തെളിവുകൾ
ലഹരിയും ആയുധക്കച്ചവടവും ഒക്കെ നടക്കുന്ന ലണ്ടൻ മഹാനഗരത്തിന്റെ കുപ്രസിദ്ധമായ ഗാങ് വാർ തന്നെയാണ് ഹാക്നിയിൽ നടന്നതെന്ന് വ്യക്തമായ നിലയ്ക്ക് തങ്ങളുടെ എതിർ ഗ്രൂപ്പുകാർ ആരാണെന്ന് ഓരോ അക്രമി സംഘത്തിനും കൃത്യമായി അറിയാം. ഇവരിൽ മൂന്നു പേർ പരുക്കേറ്റു പൊലീസ് വലയിൽ ആയിട്ടും ഇവരിൽ നിന്നും വ്യക്തമായ സൂചനകൾ പൊലീസിന് ഇതുവരെ ലഭിച്ചില്ല എന്നതിന്റെ തെളിവാണ് മോട്ടോർ ബൈക്ക് തിരിച്ചറിയാൻ പൊതുജന സഹായം തേടിയതിലൂടെ വ്യക്തമാകുന്നത്. എന്നാൽ അക്രമ ശേഷം സ്ഥലത്തെത്തിയ മാധ്യമങ്ങൾക്ക് നൽകിയ ദൃക്‌സാക്ഷി വിവരത്തിൽ പോലും ആരും ശരിയായ പേരുകൾ നൽകാൻ തയ്യാറായില്ല എന്നത് പ്രദേശത്തെ ഗുണ്ടാ സംഘത്തെ അന്നാട്ടുകാർ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണ്. ഈ സാധ്യതയിൽ ജീവഭയം ഉള്ളവർ പൊലീസിന് സഹായവുമായി രംഗത്ത് എത്തുമോ എന്നതും ഏറെ സംശയകരമാണ്.
ലണ്ടൻ നഗരത്തിൽ ഒരു സുരക്ഷയും ഇല്ലെന്നു മലയാളി സമൂഹം തിരിച്ചറിയുന്ന നാളുകൾ
ലണ്ടന്റെ പ്രാന്ത പ്രദേശങ്ങളിൽ അനേകായിരം മലയാളികൾ വർഷങ്ങളായി സെറ്റിൽ ചെയ്തു താമസിക്കുന്നവർ ആണെങ്കിലും ഭൂരിഭാഗം പേരും വർഷങ്ങളായുള്ള പരിചയം മൂലം കൂടുതൽ അക്രമ സ്വഭാവമുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയാണ് പതിവ്. ലണ്ടൻ നഗര സന്ദർശനം ഓരോ മനുഷ്യരുടെയും ആഗ്രഹങ്ങളിൽ ഒന്നാം നിരയിൽ ആയതിനാൽ കുടുംബ സന്ദർശനത്തിന് ലണ്ടനിൽ എത്തുന്നവർ മിക്കവാറും സന്ധ്യയോടെ നഗര പരിസരം ഒഴിവാക്കുന്നതു പതിവാണ്.
രാത്രി ദൃശ്യങ്ങൾ കാണാൻ എത്തുന്നവർ പൊലീസ് - സുരക്ഷാ സംവിധാനങ്ങൾ ശക്തമായ ടൂറിസ്റ്റ് സ്പോട്ടുകളിൽ മാത്രമാണ് സമയം ചെലവിടാൻ തയ്യാറാവുക. എന്നാൽ ഇരുട്ടാകുന്നതോടെ മഹാനഗരത്തിന്റെ ഏതു മേഖലയിലും എപ്പോൾ വേണമെങ്കിലും ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം പ്രതീക്ഷിക്കാം എന്നത് ലണ്ടൻ ജീവിതത്തിലെ റിസ്‌ക് ഫാക്ടർ തന്നെയാണ്. അത് സഞ്ചാരികൾ ആയി എത്തുന്നവർക്കും ബാധകമാണ്. ലണ്ടൻ നഗരത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ തീവ്രതയാണ് ഹാക്‌നി വെടിവയ്പിലൂടെ ഇപ്പോൾ യുകെ മലയാളി സമൂഹം തിരിച്ചറിയുന്നത്.