പന്തളം: ഓണമുണ്ണാൻ ആകാശ് വരില്ല. കുവൈത്തിലെ തീപിടിത്തത്തിൽ ആകാശിന്റെതായി അവശേഷിക്കുന്നത് കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഭാഗം മാത്രമാണ്. ഓണത്തിനു നാട്ടിലെത്താനിരിക്കെയാണു മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് എസ്.നായരെ (31) തീ വിഴുങ്ങിയത്. എട്ട് വർഷത്തോളമായി എൻബിടിസി കമ്പനിയിലെ സ്റ്റോർ ഇൻ ചാർജായിരുന്നു ആകാശ്.

ഒരു വർഷം മുൻപാണ് ആകാശ് അവസാനമായി നാട്ടിൽ എത്തിയത്. എന്നും നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. ഇത്തവണ ഓണത്തിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തീപിടിത്തത്തപ്പറ്റി അറിഞ്ഞതു മുതൽ സുഹൃത്തുക്കൾ ആകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫോണെടുത്തില്ല. പിന്നീട് സ്വിച്ച് ഓഫായ നിലയിലായി.

കുവൈത്തിലുള്ള സുഹൃത്തായ സ്വദേശി അരുണും സുഹൃത്തുക്കളും വിവരം തേടി സംഭവം നടന്ന സ്ഥലത്തെത്തിയപ്പോഴാണ് ആകാശ് കുവൈത്തിലെ മുബാറക് ആശുപത്രിയിലുള്ളതായി അറിഞ്ഞതും പിന്നീട് മരണം സ്ഥിരീകരിച്ചതും. ആകാശ് അവിവാഹിതനാണ്. ശാരി എസ്.നായരാണു സഹോദരി.

വാട്ടർ ടാങ്കിൽ ചാടി ജീവൻ തിരികെ പിടിച്ച് നളിനാക്ഷൻ
കാസർകോട്: ചുറ്റുപാടും ചുട്ടുപൊള്ളുന്ന തീയിൽ വെന്തുരുകിയപ്പോൾ ഒരു നിമിഷം നളിനാക്ഷനും മരണം മുന്നിൽ കണ്ടു. എന്നാൽ എന്നും മുറിയുടെ പുറത്ത് നിന്നും താഴേക്ക് നോക്കുമ്പോൾ കാണുന്ന വാട്ടർ ടാങ്ക് നളിനാക്ഷന്റെ ജീവൻ കാത്തു. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷനു സാധിച്ചു.

'കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. മരിച്ചെന്നുതന്നെയാണ് നളിനാക്ഷനും കരുതിയത്. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായില്ല' നളിനാക്ഷൻ പറഞ്ഞു.

പത്ത് വർഷത്തിലേറെയായി കുവൈത്തിൽ ജോലിയെടുക്കുന്ന നളിനാക്ഷൻ, വിവിധ സംഘടനകളുമായി ചേർന്നു സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട്. കുവൈത്ത് തീപിടിത്തത്തിൽ നിന്നു രക്ഷപ്പെട്ട നളിനാക്ഷന്റെ ശബ്ദം ഫോണിൽ കേട്ടപ്പോൾ തൃക്കരിപ്പൂർ ഒളവറയിലെ ടി.വി.യശോദയുടെ വീട്ടിൽ ആശ്വാസമായി. നിരവധി പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ അമ്മ യശോദയും ഭാര്യ ബിന്ദുവും സഹോദരങ്ങളും ആധിയിലായിരുന്നു.