ലണ്ടൻ: കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി ബ്രിട്ടനിലെ അദ്ധ്യാപകരും ജോലി ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കൂടുതൽ ശമ്പളവും, കുറഞ്ഞ സമ്മർദ്ദവും മെച്ചപ്പെട്ട ജീവിത നിലവാരവുമൊക്കെയാണ് ബ്രിട്ടീഷ് അദ്ധ്യാപകരെ വിദേശങ്ങളിലേക്ക് നയിക്കുന്നത്. ഇതോടെ ആരോഗ്യ രംഗത്തിനു പുറമെ വിദ്യാഭ്യാസ രംഗത്തും കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴിയൊരുങ്ങുകയാണ്.

അദ്ധ്യാപകരുടെ ഒഴിവുകൾ എക്കാലത്തെയും റെക്കോർഡ് നിലയിൽ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, അദ്ധ്യാപന ജോലിക്കായി എത്തുന്നവരുടെ എണ്ണം തീരെ കുറവും. ഈ സാഹചര്യം മുതലെടുക്കുന്നത് റിക്രൂട്ടിങ് കമ്പനികളാണ്. ആവശ്യത്തിന് യോഗ്യതയില്ലാത്തവരെ സപ്ലൈ ടീച്ചെഴ്‌സ് ആയും, കവർ സൂപ്പർവൈസർ ആയും ക്ലാസ്സ് റൂമുകളിലേക്ക് അയയ്ക്കുകയാണ് ഏജൻസികൾ. സാധാരണ അദ്ധ്യാപകർക്ക് കൊടുക്കുന്നതിലും കുറവ് വേതനം മാത്രമാണ് ഇവർക്ക് ലഭിക്കുക. ഇടനിലക്കാരായ റിക്രൂട്ടിങ് ഏജൻസികൾക്കാണ് ഇതുവഴി കൊള്ളലാഭം ഉണ്ടാവുക.

ബ്രിട്ടീഷ് സ്‌കൂളുകളിൽ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ഇല്ലാതെ, കൂടിയ ശമ്പളത്തിന് ജോലി ചെയ്യാൻ കഴിയും എന്ന് വന്നതോടെ അദ്ധ്യാപകർ കൂട്ടത്തോടെ ദുബായ്, ആസ്‌ട്രേലിയ, വിദൂര പൂർവ്വ ദേശങ്ങൾ എന്നിവിടങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത്തരത്തിൽ വിദേശത്തേക്ക് ചേക്കേറിയ ബ്രിട്ടീഷ് അദ്ധ്യാപകരുടെ അടിപൊളി ജീവിതത്തിന്റെ ചിത്രങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഒരു അദ്ധ്യാപകന്റെ ശമ്പളം കൊണ്ട് ബ്രിട്ടനിൽ നേടാൻ കഴിയാത്തത് പലതും വൻ തുക ശമ്പളം വാഗ്ദാനം ചെയ്യുന്ന ഇത്തരം രാജ്യങ്ങളിൽ ചെയ്യാൻ ആകും എന്നതാണ് പലരെയും ഇവിടേക്ക് ആകർഷിക്കുന്നത്.

കേവലം പണം മാത്രമല്ല, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഇവരെ വിദേശങ്ങളിലേക്ക് ആകർഷിക്കുകയാണ്. വാരാന്ത്യങ്ങളിൽ, കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ കഴിയുന്നു എന്നാണ് യു എ ഇയിൽ അദ്ധ്യാപികയായ ഒരു ബ്രിട്ടീഷുകാരി സമൂഹമാധ്യമങ്ങളിൽ പറഞ്ഞത്. ബ്രിട്ടനിലെ സ്റ്റേറ്റ് സ്‌കൂളിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളം അതിനൊന്നും തികഞ്ഞിരുന്നില്ല എന്നും അവർ പറയുന്നു. മാത്രമല്ല, ഇവർ പഠിപ്പിക്കുന്ന അതേ സ്വകാര്യ സ്‌കൂളിൽ തന്നെ മക്കളെ പഠിപ്പിക്കുകയും ചെയ്യാം. ബ്രിട്ടനിൽ അതൊക്കെ സ്വപ്നം കാണാൻ മാത്രം കഴിയുന്ന കാര്യങ്ങളാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.

യു കെയിൽ ലഭിച്ചിരുന്നതിന്റെ ഇരട്ടിയോളം തുകയാണ് പലർക്കും യു എ ഇയിൽ ശമ്പളമായി ലഭിക്കുന്നത്. മാത്രമല്ല, നികുതി നൽകേണ്ടതുമില്ല. പല സ്‌കൂളുകളും വാടകയില്ലാത്ത താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ജീവിത ചെലവുകൾ വർദ്ധിച്ചു വരുന്ന യു കെയിലെ ദുസ്സഹമായ ജീവിതത്തിൽ നിന്നും ഒരു രക്ഷപ്പെടലായിട്ടാണ് മിക്കവരും ഈ കുടിയേറ്റത്തെ കാണുന്നത്. മാത്രമല്ല, യു എ ഇ പോലുള്ള രാജ്യങ്ങളിൽ അദ്ധ്യാപകവൃത്തി ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു തൊഴിൽ കൂടിയാണെന്നതും ഇവിടേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.