- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ലിവർപൂളിൽ മലയാളി കുടുങ്ങുമ്പോൾ
ലണ്ടൻ: ജോലിക്കെത്തി രണ്ടാഴ്ചയ്ക്കിടയിൽ പീഡന പരാതിയിൽ അറസ്റ്റിലായി ജയിലിൽ കയറിയ മലയാളി യുവാവിന് 13 വർഷത്തെ ജയിൽ വാസം ഉറപ്പാക്കി ലിവർപൂൾ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ ജനുവരി 30 നു നടന്ന സംഭവത്തെ തുടർന്ന് സ്റ്റുഡന്റ് വിസക്കാരിയുടെ ആശ്രിത വിസയിൽ ഉള്ള സിദ്ധാർഥ് നായർ എന്ന 29കാരനാണ് കുറ്റക്കാരൻ ആയി കോടതി കണ്ടെത്തിയിരിക്കുന്നത്. റിമാന്റിൽ കഴിയുന്ന വേളയിൽ കോടതിയിൽ വീഡിയോ കോൾ വഴി ഹാജരാക്കിയ ഘട്ടത്തിലും താൻ തെറ്റ് ചെയ്തിട്ടില്ല എന്നാണ് യുവാവ് വെളിപ്പെടുത്തിയത്. കുറ്റം ചെയ്തിട്ടും അത് മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്ന കാരണത്താലാകാം ജയിൽ ശിക്ഷയുടെ അളവ് കൂടിയതെന്നു കരുതപ്പെടുന്നു.
തന്നെ ബന്ധപ്പെടാൻ ശ്രമിച്ച സുഹൃത്തുക്കൾ അടക്കമുള്ളവരോട് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ആവർത്തിക്കുക ആയിരുന്നു യുവാവ്. ജോലിക്കെത്തി രണ്ടാഴ്ചയ്ക്കകം ഇത്തരമൊരു കേസിൽ അകപ്പെടുന്നത് അപൂർവം ആയതിനാൽ ഒന്നുകിൽ പെരുമാറ്റ രീതിയിലെ ധാരണ ഇല്ലായ്മകൊണ്ടോ മറ്റോ സംഭവിച്ചതാകും എന്ന ചിന്തകൾ ഒക്കെ അട്ടിമറിക്കുന്നതാണ് കോടതി വിധി. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളോടെയാകണം പൊലീസ് കേസ് അന്വേഷണം പൂർത്തിയാക്കി തെളിവുകൾ കോടതിക്ക് നൽകിയിരിക്കുക. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലിവർപൂൾ ക്രൗൺ കോടതി ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പ്രതിയെ 13 വർഷം ജയിലിൽ അടച്ചത്.
സ്റ്റുഡന്റ് വിസയിൽ എത്തിയ ഇയാളുടെ പത്നി പഠനത്തിനിടയിലും ഭർത്താവിനെ ജയിലിൽ നിന്നും രക്ഷിക്കാൻ ഏറെ ശ്രമം നടത്തിയിരുന്നു. എന്നാൽ വിരാൾ പ്രദേശത്തെയും ലിവർപൂളിലെയും മലയാളി സംഘടനകൾ സിദ്ധാർഥിന്റെ ഭാര്യയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിഫലമാകുക ആയിരുന്നു. തുടർന്ന് അഞ്ചു മാസത്തിലേറെ ജയിലിൽ കിടന്ന ശേഷമാണു വിചാരണക്കോടതി വിധി പ്രസ്താവിക്കുന്നത്. ആശുപത്രിയിൽ രോഗിയായിരുന്ന യുവതിയുടെ നേർക്കാണ് മലയാളി യുവാവിന്റെ കടന്നാക്രമണം ഉണ്ടായതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാഴ്ചയിലും പെരുമാറ്റത്തിലും സൗമ്യതയും പ്രകടിപ്പിച്ചിരുന്ന യുവാവാണോ ഇതൊക്കെ ചെയ്തതെന്ന നെഗറ്റീവ് കമന്റുകളാണ് സഹപ്രവർത്തകരിൽ നിന്നും പൊലീസിന് ലഭിച്ചത്. താരതമ്യേനേ പുതുമുഖമായ യുവാവിനെ സഹപ്രവർത്തകരിൽ വലിയ ആത്മബന്ധം ഇല്ലാതെ പോയതും കോടതിയിൽ ഹാജരാക്കാനുള്ള രേഖകളിൽ സിദ്ധാർത്ഥിന് എതിരായ പരാമർശങ്ങൾ കൂട്ടി ചേർക്കപ്പെടാനും സാധ്യത ഏറെയാണ്.
സിദ്ധാർഥിന്റെ അതിക്രമത്തിന് വിധേയയായ സ്ത്രീ ഏറെനാളത്തെ റീഹാബിലിറ്റേഷൻ കോഴ്‌സിൽ അടക്കം പങ്കെടുത്ത ശേഷമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തൂ. ഒരു ജീവിതകാലം മുഴുവൻ കാത്തുവയ്ക്കാനുള്ള ദുരിതപൂർണമായ ഓർമ്മകളാണ് വിസ്റ്റൺ ആശുപത്രിയിൽ കഴിയവേ സിദ്ധാർഥ് സമ്മാനിച്ചതെന്നു ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ യോസഫ് അൽ റമദാൻ വ്യക്തമാക്കി. സംഭവമറിഞ്ഞ ഉടൻ സിദ്ധാർത്ഥിന്റെ അറസ്റ്റ് രേഖപ്പെടുത്താനായതും തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതും കേസിൽ നിർണായകമായി എന്ന് മെഴ്‌സിസൈഡ് പൊലീസ് പറയുന്നു. കോടതി വിധിയുടെ വിശദാംശങ്ങൾ പൂർണമായും ഇപ്പോൾ മാധ്യമ ലോകത്തിനു ലഭ്യമായിട്ടില്ല.
ജോലിക്കിടയിൽ നടന്ന പീഡന ശ്രമം എന്ന നിലയിൽ മൂന്നു വിവിധ കുറ്റങ്ങൾ ചാർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രധാന സാക്ഷി മൊഴി പീഡന പരാതി ഉയർത്തിയ 41കാരിയായ രോഗിയുടേത് തന്നെയാണ്. ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടോയെന്ന കാര്യമൊന്നും ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ പരാതിയിൽ ഗൗരവം ഉണ്ടെന്നു തോന്നിയതിനാൽ യുവാവിന് ജാമ്യം നൽകാതെ ജയിലിലേക്ക് തന്നെ അയക്കുക ആയിരുന്നു ലിവർപൂൾ ക്രൗൺ കോടതി ജഡ്ജി അനിൽ മുറേയുടെ തീരുമാനം .സാധാരാണ നിലയിൽ കുറ്റം ഏറ്റെടുത്താൽ ശിക്ഷ കുറയും എന്ന് സഹായിക്കാൻ എത്തുന്ന അഭിഭാഷകർ പറയാറുണ്ടെങ്കിലും യുവാവ് നിശ്ചയ ദാർഢ്യത്തോടെയാണ് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് വെളിപ്പെടുത്തിയത്.
ബ്രിട്ടനിൽ വ്യക്തികൾക്കിടയിലെ പേഴ്‌സണൽ സ്‌പേസ് പോലും വളരെ പ്രധാനമാണ് എന്നറിയാതെ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായി അനുവാദമില്ലാതെ രോഗികളോട് പെരുമാറുമ്പോൾ പോലും തീരെ അടുത്ത് ചെല്ലുന്നതും അനുവാദം കൂടാതെ സ്പർശിക്കുന്നതും എല്ലാം പരാതി ആയി മാറിയാൽ പീഡന വകുപ്പിലാണ് പെടുത്തുക എന്ന കാര്യം ഓർമ്മപ്പെടുത്തുകയാണ് വിസ്റ്റൺ സംഭവം.
ഇപ്പോൾ യുവാവ് പറയുന്ന വാക്കുകൾ സത്യസന്ധവും ആണെങ്കിൽ അയാൾക്ക് ബ്രിട്ടനിലെ ജീവിതത്തെക്കുറിച്ചോ പെരുമാറ്റ രീതികളെ കുറിച്ചോ ഉള്ള അറിവില്ലായ്മയാണ് ഇപ്പോൾ കാരാഗൃഹത്തിൽ എത്താൻ കാരണമായത് എന്ന് നിസംശയം പറയാനാകും. കാരണം വെറും ആഴ്ചകൾ മാത്രം ആയ ജോലി സ്ഥലത്തു ഒട്ടേറെ ആളുകൾ ചുറ്റിനും ഉള്ള ഷിഫ്റ്റിൽ അറിഞ്ഞു കൊണ്ട് ഒരാളും പീഡന ശ്രമം നടത്തുകയില്ല എന്ന സാമാന്യ ചിന്തയിലാണ് ഈ യുവാവ് തെറ്റിദ്ധരിക്കപ്പെട്ടതാകാൻ സാധ്യതയുണ്ട് എന്ന നിഗമനം. ഇയാളെ അടുത്തറിയുന്ന സുഹൃത്തുകളും ഈ സാധ്യത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ വിദേശ വംശജർക്ക് ഇടയിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന രീതി ഉണ്ട് എന്ന മുൻവിധിയോടെ എത്തുന്ന അന്വേഷക ഉദ്യോഗസ്ഥർ അത്തരത്തിലാകും കേസ് ഡയറി തയ്യാറാക്കുക. അതിനാൽ യുവാവിന്റെ ഭാഗം കൃത്യവും വ്യക്തവും ആയി വിശദമാക്കാൻ കഴിവുള്ള അഭിഭാഷകൻ കോടതിയിൽ ഉണ്ടായില്ലെങ്കിൽ ഇയാൾ വർഷങ്ങളോളം ജയിലിൽ കിടക്കാൻ സാധ്യത ഏറെയാണ്. എന്നാൽ യുവാവിനെ സഹായിക്കണം എന്ന ഉദ്ദേശത്തോടെ സഹായ മനസ്ഥിതിയുമായി എത്തിയ ലിവർപൂളിലും പരിസര പ്രദേശത്തുമുള്ള ഏതാനും മലയാളി സാമൂഹ്യ പ്രവർത്തകർ ഇയാളുടെ വിദ്യാർത്ഥി വിസയിൽ ഉള്ള ഭാര്യയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും അത് ഫലപ്രദമായില്ല. അടുത്ത നാളുകളിൽ എത്തിയ ദമ്പതികൾ എന്ന നിലയിൽ പൊതു സമൂഹവുമായി കാര്യമായി ഇണങ്ങി ചേരാൻ സമയം ലഭിക്കാതിരുന്നതിനാൽ ഇവരെ ബന്ധപ്പെടാനുള്ള വഴികൾ അടയുക ആയിരുന്നു.