വാഷിങ്ടൺ: ബന്ധുവായ കുട്ടിയെ ജോലി ചെയ്യിപ്പിച്ച കേസിൽ ഇന്ത്യൻ-അമേരിക്കൻ ദമ്പതിമാർക്ക് തടവുശിക്ഷ. ഹർമൻപ്രീത് സിങ്(31), കുൽബീർ കൗർ(43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സ്‌കൂളിൽ ചേർക്കാമെന്ന വ്യാജേനെയാണ് ഇവർ ബന്ധുവായ കുട്ടിയെ യു.എസ്സിലെത്തിച്ചത്. അതിന് ശേഷം പെട്രോൾ പമ്പുകളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയായിരുന്നു. ഈ കേസിലാണ് ശിക്ഷ.

11 വർഷവമാണ് ഹർമൻപ്രീത് സിങിനെ ശിക്ഷിച്ചിരിക്കുന്നത്. കുൽബീർ കൗറിന് ഏഴ് വർഷമാണ് ശിക്ഷ. ഇരയായ ബന്ധുവിന് ഇരുവരും 1.87 കോടി രൂപ നൽകണമെന്നും ഉത്തരവുണ്ട്. 2018-ലാണ് സംഭവം. സിങിന്റെ ബന്ധുവും പ്രായപൂർത്തിയാകാത്തതുമായ കുട്ടിയെ ഇവർ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും കൊണ്ടു വന്നു. തുടർന്ന്, പ്രതികൾ ഇരയായ കുട്ടിയുടെ ഇമിഗ്രേഷൻ രേഖകൾ പിടിച്ചെടുത്തു. ഇതിന് ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനെല്ലാം തെളിവുണ്ടായിരുന്നു.

മൂന്ന് വർഷത്തിലേറെ സിങിന്റെ സ്റ്റോറിൽ 12 മുതൽ 17 മണിക്കൂർ വരെ ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യിപ്പിച്ചു. സ്റ്റോർ വൃത്തിയാക്കുന്നത് മുതൽ സ്റ്റോക്ക് കൈകാര്യം ചെയ്യുന്നതുവരെയുള്ള ജോലികളുടെ ചുമതലയും നൽകി. കൂടാതെ, ക്രൂരമായ ശാരീരിക ബലപ്രയോഗത്തിനും മാനസിക പീഡനത്തിനും കുട്ടിയെ വിധേയമാക്കി. ഇമിഗ്രേഷൻ രേഖകൾ തിരികെ ആവശ്യപ്പെട്ട കുട്ടിയുടെ മുടി സിങ് പിടിച്ചുവലിച്ചു. ഇതെല്ലാം കോടതിയിൽ തെളിഞ്ഞു.

ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഒരു ദിവസം അവധിയെടുക്കാൻ ശ്രമിച്ച കുട്ടിയെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് തടവ് ശിക്ഷ.